ജറൂസലം: ട്രംപിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തം

Dec 07 - 2017

ജറൂസലേം: ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയാണ് ട്രംപിനും അമേരിക്കക്കുമെതിരേ പ്രതിഷേധിക്കുന്നത്. ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. നേരത്തെ ട്രംപിന്റെ പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്ന സമയത്ത് തന്നെ ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. അറബ് രാജ്യങ്ങള്‍ ഈ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഫലസ്തീന്‍ ബുധനാഴ്ച പ്രതിഷേധ ദിനമായിട്ടാണ് ആചരിച്ചത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ യുവാക്കള്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. 1994ല്‍ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കരാര്‍ ഉപേക്ഷിക്കാന്‍ പ്രക്ഷോഭകര്‍ ജോര്‍ദാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. 'അമേരിക്ക തുലയട്ടെ, എല്ലാ ഭീകരതയുടെയും മാതാവാണ് അമേരിക്ക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

ജറൂസലേമിലെ മുസ്‌ലിം പുണ്യ നഗരങ്ങളുടെ സംരക്ഷണാവകാശം നേരത്തെ കിംഗ് അബ്ദുല്ല ഹാഷിമത് രാജ വംശത്തിനായിരുന്നു. ഇവിടെ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവകാശവും ജോര്‍ദാനായിരുന്നു. എന്നാല്‍ 1967ല്‍ ജോര്‍ദാനില്‍ നിന്ന് ഇസ്രായേല്‍ ജറൂസലേം അനധികൃതമായി കൈയേറുകയായിരുന്നു. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തിനു ശേഷം ഫലസ്തീനില്‍ നിന്നും കുടിയേറിയവരുടെ നിരവധി പിന്മുറക്കാരാണ് ജോര്‍ദാനിലുള്ളത്.

തുര്‍ക്കിയിലെ അങ്കാറയിലും ഇസ്താംബൂളിലും നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇസ്താംബൂളിലെ യു.എസ് കോണ്‍സുലേറ്റിന് മുന്നില്‍ വച്ച് അവര്‍ പ്രകടനം നടത്തി. ജറൂസലേം എല്ലാ മുസ്‌ലിംകള്‍ക്കുമുള്ളതാണെന്നും അതെന്നും ഓര്‍മിക്കപ്പെടുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മസ്ജിദുല്‍ അഖ്‌സക്കു സമീപവും ട്രംപിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. നബ്‌ലസിലെ വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ രാത്രി വൈകിയും പ്രതിഷേധവുമായി തെരുവില്‍ നിലകൊണ്ടു. ഗാസയില്‍ പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയാണ് ജനങ്ങളോട് തെരുവിലിറങ്ങാനും ട്രംപിന്റെ നിലപാടിനെതിരേ പ്രതികരിക്കാനും ആഹ്വാനം ചെയ്തത്. ക്രിസ്തുമസിന്റെ ഭാഗമായി ബത്‌ലഹേമിലെ ക്രിസ്തുവിന്റെ ജന്മസ്ഥലത്ത് കൊളുത്തിയ വിളക്കുകള്‍ അണച്ചും ഫലസ്തീനികള്‍ പ്രതിഷേധിച്ചു.

 

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News