ലൗ ജിഹാദ് ആരോപിച്ചുള്ള കൊല: പ്രതിയെ ജനമധ്യത്തില്‍ വച്ച് തൂക്കിലേറ്റണമെന്ന് ബന്ധുക്കള്‍

Dec 09 - 2017

ജയ്്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ലൗ ജിഹാദ് ആരോപിച്ച് 50ഉകാരനായ അഫ്‌റസുല്‍ ഇസ്‌ലാമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തിലെ പ്രതിയായ അക്രമിയെ ജനമധ്യത്തില്‍ വച്ച് തൂക്കിക്കൊല്ലണമെന്ന് അഫ്രസുലിന്റെ ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശംഭുലാല്‍ എന്നയാള്‍ അഫ്രസുലിനെ വിളിച്ചുകൊണ്ടു പോയി വെട്ടിക്കൊല്ലുന്നത്. തന്റെ പിന്നാലെ വരാന്‍ പറഞ്ഞ അഫ്രസുലിനെ പെട്ടെന്ന് മഴുവെടുത്ത് വെട്ടുകയായിരുന്നു. തുടര്‍ന്ന് വീണുകിടന്ന അദ്ദേഹത്തിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മഴു ഉപയോഗിച്ച് തുരുതുരാ വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ അക്രമി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അഫ്രസുല്‍ ഹിന്ദു യുവതിയെ പ്രണയിച്ചെന്നാരോപിച്ചാണ് കൊല. ലവ് ജിഹാദ് നടത്തുന്നവര്‍ക്കുള്ള ശിക്ഷ ഇങ്ങനെയായിരിക്കുമെന്നും ആക്രമി  വീഡിയോവില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എന്നാല്‍, യുവതിയും പൊലിസും പ്രണയാരോപണം നിഷേധിച്ചിട്ടുണ്ട്. അക്രമിയെ അന്നു തന്നെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. അഫ്രസുലിന്റെ കുടുംബത്തിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ സ്വദേശിയായ അഫ്രസുല്‍ കഴിഞ്ഞ 12 വര്‍ഷമായി രാജസ്ഥാനിലാണ് താമസം. ജോലിയെടുത്ത് കിട്ടുന്ന പണം നിത്യേന ഇയാള്‍ നാട്ടിലെ കുടുംബത്തിന് അയച്ചു നല്‍കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സൈദാപൂരിലാണ് ഖാന്റെ വീട്.

'കൊല്ലപ്പെട്ട ദിവസം രാവിലെ ഞാന്‍ എന്റെ മകനുമായി സംസാരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല. കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഞങ്ങളും കണ്ടു. കുറ്റക്കാരെ ശിക്ഷിക്കുക തന്നെ വേണം' നിറകണ്ണുകളോടെ അഫ്രസുലിന്റെ മാതാവ്  പറഞ്ഞു.

'ബുധനാഴ്ചയാണ് അദ്ദേഹം കൊല്ലപ്പെട്ടതായ വിവരം ഞങ്ങളറിയുന്നത്. അദ്ദേഹത്തിന് മറ്റാരുമായും പ്രണയ ബന്ധമില്ലെന്ന് എനിക്ക് നല്ല ഉറപ്പാണ്. കൊലപാതകരെ പൊതുജന മധ്യത്തില്‍ തൂക്കിക്കൊല്ലണം. അടുത്ത രണ്ട് മാസം കഴിഞ്ഞാല്‍ ഞങ്ങളുടെ മകളുടെ വിവാഹമാണ്. അതിന് ഇനി എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് എനിക്കറിയില്ല.' ദു:ഖം അടക്കിപിടിച്ച് അഫ്രസുലിന്റെ ഭാര്യ പറഞ്ഞു. അതേസമയം, അഫ്രസുലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ജന്മനാട്ടില്‍ ഖബറടക്കി. വന്‍ ജനാവലിയാണ് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News