മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Dec 29 - 2017

കൂരിയാട്: 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന പ്രമേയത്തില്‍ മുജാഹിദ് ഒന്‍പതാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് തുടക്കമായി. നാലു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന സമ്മേളനം ജംഇയ്യത്ത് അഹ്ലെ ഹദീസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി ഉദ്ഘാടനം ചെയ്തു.

സമ്മേളന പ്രതിനിധികള്‍ക്കായി ഏഴ് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ കൂറ്റന്‍ പന്തലാണ് ഒരുക്കിയിരിക്കുന്നത്. എണ്‍പത് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ നാന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ അടക്കം അഞ്ചുലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ടി.കെ. മുഹ്യുദ്ദീന്‍ ഉമരി അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, എം. സ്വലാഹുദ്ദീന്‍ മദനി, പ്രൊഫ. എന്‍.വി. അബ്ദുറഹ്മാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, വി.കെ. സകരിയ്യ, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, പി.കെ. ബഷീര്‍ എം.എല്‍.എ, വി.വി. പ്രകാശ്, പി. വാസുദേവന്‍, എ. വിജയരാഘവന്‍, പി.പി. സുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, പി.പി. ഉണ്ണീന്‍, എം.വി. ശ്രേയാംസ് കുമാര്‍, എ.പി. ഉണ്ണിക്കൃഷ്ണന്‍,വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ. മുഹമ്മദലി, കല്ലന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

എട്ടു വേദികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. മുഖ്യവേദിക്ക് പുറമെ സഹിഷ്ണുത, സഹവര്‍ത്തിത്തം, നവോത്ഥാനം, സംസ്‌കാരം, സാന്ത്വനം, വിചാരം, വിജ്ഞാനം തുടങ്ങിയെ പേരിലാണ് വേദികള്‍ ഒരുക്കിയത്.

വെള്ളിയാഴ്ച നടന്ന ഖുര്‍ആന്‍ സമ്മേളനം മൗലാന അബ്ദുല്‍ ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്തു. ശേഷം പ്രധാന പന്തലില്‍ ജുമുഅ നമസ്‌കാരം നടന്നു.
2.30ന് ഹദീസ് സമ്മേളനം മൗലാന അബൂ സഹ്ബാന്‍ റൂഹുല്‍ ഖുദ്സ് നദ്വി ലക്നൗ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നാലിന് നവോത്ഥാന സമ്മേളനം മുന്‍ കേന്ദ്രമന്ത്രിസല്‍മാന്‍ ഖുര്‍ശിദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.

30ന് ശാസ്ത്ര സമ്മേളനം ഡോ. സി. അനീസ് ഐ.ആര്‍.എസും വിദ്യാര്‍ത്ഥിനി സമ്മേളനം ഡോ. അദീല അബ്ദുല്ല ഐ.എ.എസും ഉദ്ഘാടനം ചെയ്യും.
സൈബര്‍ കോണ്‍ഫ്രന്‍സ് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. പ്രൊഫഷണല്‍ സ്റ്റുഡന്‍സ് മീറ്റ് സാബിര്‍ ഗഫാര്‍ പഞ്ചാബും മഹല്ല് സമ്മേളനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.
വിചാര സദസ്സ് 'ലഹരിക്കെതിരെ ധാര്‍മ്മിക പ്രതിരോധം' മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കുടുംബ സമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 'ഭരണഘടന, ജനാധിപത്യം, മതനിരപേക്ഷത' ചര്‍ച്ച സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.

അദ്ധ്യാപക സമ്മേളനം മുഹമ്മദ് ഹനീഷ് ഐ.എ.എസും വനിതാ സമ്മേളനം ബാഷാ സിംഗ് ഡല്‍ഹിയും ഉദ്ഘാടനം ചെയ്യും. രണ്ടു മണിക്ക് 'മാധ്യമങ്ങളും പൗരാവകാശങ്ങളും' സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് യുവജന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരുടെ സംഗമം യു.എ ഖാദറും വിദ്യാഭ്യാസ ചര്‍ച്ച അഡ്വ. ടി.പി.എം. ഇബ്രാഹീംഖാനും ഉദ്ഘാടനം ചെയ്യും. ഉമറ സമ്മേളനത്തില്‍ സിറാജ് ഇബ്രാഹീം സേഠ് മുഖ്യാതിഥിയായിരിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30ന് വിദ്യാര്‍ത്ഥി സമ്മേളനം ഡല്‍ഹി ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്യും.
സാമ്പത്തിക സമ്മേളനത്തില്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും ചരിത്ര സമ്മേളനത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനും മുഖ്യാതിഥിയാവും. 11.30ന് വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഹൈറുല്‍ ഹസ്സന്‍രസ്വി ഉദ്ഘാടനം ചെയ്യും.

നിയമ സമ്മേളനം ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്യും.ന്യൂനപക്ഷ അവകാശ സമ്മേളനം ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. രണ്ടുമണിക്ക് മനുഷ്യാവകാശ സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് നാലു മണിക്ക് സമാപന പൊതുസമ്മേളനം 'കാവലാളാവുക സഹവര്‍ത്തനത്തിന്റെ കേരള മാതൃകക്ക്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിക്കും. പത്മശ്രീ എം.എ. യൂസുഫലി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹ്ഹാബ്, വ്യവസായി എ.പി. ശംസുദ്ദീന്‍ മുഹ്യുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിന് ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനമാണിത്. ലോകത്ത് പടരുന്ന അസഹിഷ്ണുതയ്ക്കും ഭീകരതയ്ക്കുമെതിരെ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യമാണ് സമ്മേളനം ഉന്നമിടുന്നതെന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ 'വിഷന്‍ 2020'' സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad