ഇനിയും നിശബ്ദത പാലിക്കുന്നത് കുറ്റകരമാണ് സ്വാമി അഗ്‌നിവേഷ്

Jan 01 - 2018

അലപ്പുഴ: സംഘ്പരിവാര്‍ ഫാഷിസം എല്ലാ പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിച്ചുകൊണ്ട് നമ്മെ അടക്കിഭരിക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേഷ്. 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലകെട്ടില്‍ സോളിഡാരിറ്റി ജനുവരി 1 മുതല്‍ 31 വരെ നടത്തുന്ന കാമ്പയിനിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.  സ്വതന്ത്ര ഇന്ത്യയില്‍ ആളുകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. വീട്ടില്‍ കയറിവന്ന് ബീഫിന്റെ പേരില്‍ ചിലര്‍ കൊലചെയ്യപ്പെടുന്നു. ഉപജീവന മാര്‍ഗങ്ങള്‍ തേടിയുള്ള കച്ചവടം, കാലിവളര്‍ത്തല്‍, കൂലിപ്പണി എന്നീ ജോലികള്‍ക്കിടയിലെല്ലാം ആളുകള്‍ അക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. ഇതെല്ലാം വ്യാജമായി പടച്ചുണ്ടാക്കിയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും നമുക്ക് കാണാം. ഹിന്ദു എന്ന പദം തന്നെ വേദങ്ങളിലോ മറ്റോ ഇല്ല. അത് ഉണ്ടാക്കിയെടുത്തതാണ്. ഇതുപോലെത്തന്നെയാണ് സംഘ്പരിവാറിന്റെ എല്ലാ ആശയങ്ങളുടെയും അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവക്കെതിരെ  ശബ്ദിക്കാതിരിക്കുന്നത് നമ്മെ കുറ്റക്കാരാക്കുമെന്ന ബോധമാണ് ഇത്തരം പരിപാടികള്‍ക്കുള്ള പ്രചോദനം. ഈ കാമ്പയിനെ വിജയിപ്പിക്കേണ്ടത്, അതുയര്‍ത്തുന്ന ആശയങ്ങളെ പിന്തുണക്കേണ്ടത് ഈ അര്‍ഥത്തില്‍ ഓരോ ഇന്ത്യക്കാരുടെയും ബാധ്യതയാണെന്നും സ്വാമി അഗ്‌നിവഷ് പറഞ്ഞു.
നമ്മുടെ രാജ്യത്തെ, അതിന്റെ സ്വാതന്ത്ര്യത്തെ ഫാഷിസം വിഴുങ്ങുമ്പോള്‍ യുവാക്കള്‍ക്ക് മിണ്ടാതിരിക്കാനാവില്ല. അതുകൊണ്ടാണ് സോളിഡാരിറ്റി ഇത്തരമൊരു കാമ്പയിനുമായി മുന്നോട്ടു വരുന്നതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് പറഞ്ഞു. ആലപ്പുഴ വലിയകുളം നഗരസഭാ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഫാദര്‍ പ്രസാദ് തെരുവത്ത്, സ്വാമി ആത്മാനന്ദ തീര്‍ഥ, വി.പി സുഹൈബ് മൗലവി, കെ.കെ കൊച്ച്, എം ലിജു, ടി.ടി ജിസ്‌മോന്‍, ടി.എ ബിനാസ്, ഹകിം പാണാവള്ളി, സമദ് കുന്നക്കാവ് എന്നിവര്‍ സംസാരിച്ചു.
'ശവവില്‍പന (ജി.എസ്.ടി യില്ലാതെ) ' എന്ന ഏകാംഗ നാടകം ജബ്ബാര്‍ പെരിന്തല്‍മണ്ണ അവതരിപ്പിച്ചു. സോളിഡാരിറ്റി പത്രിക സ്വാമി അഗ്‌നിവേഷ് ഫാദര്‍ പ്രസാദ് തെരുവത്തിന് നല്‍കി പ്രകാശനം ചെയ്തു.
സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ യു. ശൈജു നന്ദിയും പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad