യമനിലെ അല്‍ജസീറ ബ്യൂറോ നിര്‍ബന്ധിച്ച് പൂട്ടിച്ചു

Jan 11 - 2018

സന്‍ആ: യമനിലെ തെക്കന്‍ നഗരമായ തായിസില്‍ സ്ഥിതി ചെയ്തിരുന്ന അല്‍ ജസീറയുടെ ബ്യൂറോ നിര്‍ബന്ധപൂര്‍വം പൂട്ടിച്ചു. വ്യക്തമായ കാരണമില്ലാതെയാണ് ചൊവ്വാഴ്ച പട്ടാള അധികൃതര്‍ ബ്യൂറോ പൂട്ടിച്ചത്.

ഉന്നത സുരക്ഷ ഉദ്യോസ്ഥന്‍ എത്തിയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തായിസിലെ ബ്യൂറോ അടച്ചുപൂട്ടിച്ചതെന്ന് പിന്നീട് അല്‍ജസീറ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്നും അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും അവകാശവും അനുവദിച്ചു നല്‍കണമെന്നും അല്‍ജസീറ നെറ്റ്‌വര്‍ക് ആവശ്യപ്പെട്ടു.

യുദ്ധമേഖലകളില്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള ഇത്തരം നീക്കം അപകടകരമാണ്. കഴിഞ്ഞ മാസം ഹൂതി വിമതര്‍ യമനിലെ അല്‍ യൗം ടി.വി ചാനല്‍ ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന 12ഓളം മാധ്യമപ്രവര്‍ത്തകരെ ബന്ധികളാക്കുകയും ചെയ്തിരുന്നു.

യമനില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന കേന്ദ്രമാണ് തായിസ്. യമനിന്റെ തെക്കുഭാഗത്തു നിന്നും തലസ്ഥാനമായ സന്‍ആയില്‍ നിന്നും എളുപ്പം പ്രവേശിക്കാവുന്ന തന്ത്രപ്രധാനമായ മേഖല കൂടിയാണിത്.

2014 മുതലാണ് യമനില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നത്. സന്‍ആ അടക്കം രാജ്യത്തിന്റെ വലിയൊരു ഭാഗം ഹൂതി വിമതര്‍ കൈയടക്കിയിരിക്കുകയാണ്. 2015 മാര്‍ച്ചില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂതികള്‍ക്കെതിരേ ശക്തമായ ആക്രമണം ആരംഭിച്ചിരുന്നു. യമന്‍ പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുന:സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു സൗദിയുടെ ഇടപെടല്‍. ഇരുകൂട്ടരും തമ്മിലുള്ള സംഘടര്‍ഷം ഇപ്പോഴും ഇവിടെ തുടരുകയാണ്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad