റോഹിങ്ക്യകളുടെ മടക്കം: മ്യാന്മറിന് മൂന്ന് മില്യണ്‍ ഡോളര്‍ സഹായവുമായി ജപ്പാന്‍

Jan 12 - 2018

ബാങ്കോക്: റാകൈനില്‍ വംശീയ ഉന്മൂലനം മൂലം പലായനം ചെയ്ത റോഹിങ്ക്യകളെ തിരിച്ചുകൊണ്ടുവരുന്നതിനായി ജപ്പാന്‍ മ്യാന്മറിന് മൂന്ന് മില്യണിന്റെ സഹായം നല്‍കി. ജപ്പാന്‍ വിദേശകാര്യ മന്ത്രി താറോ കോണോ മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറും നൊബേല്‍ ജേതാവുമായ ആങ്‌സാന്‍ സൂകിക്കാണ് തുക നല്‍കിയത്.

ജപ്പാന്‍ വിദേശകാര്യ മന്ത്രി മ്യാന്മര്‍ സന്ദര്‍ശിച്ച വേളയിലാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ മടക്കയാത്രക്കായി മൂന്നു മില്യണിന്റെ സഹായം അനുവദിച്ചത്.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് താറോ മ്യാന്മറിലെത്തിയത്. കലാപം രൂക്ഷമായിരുന്ന റാകൈന്‍ സംസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ബുദ്ധ തീവ്രവാദികളുടെയും മ്യാന്മര്‍ സൈന്യത്തിന്റെയും ക്രൂര പീഡനങ്ങള്‍ മൂലം ആറല ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് റാകൈനില്‍ നിന്നും നാടുകടത്തപ്പെട്ടത്.

അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കായിരുന്നു കൂടുതല്‍ പേരും പലായനം ചെയ്തത്. മനുഷ്യാവകാശ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും കലാപ ബാധിത പ്രദേശത്തേക്ക് കടക്കുന്നതിന് മ്യാന്മര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ അവിടുത്തെ ക്രൂരതകള്‍ പുറംലോകമറിയാന്‍ പരിമിതികളനുഭവപ്പെട്ടിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചുകൊണ്ടു വരുന്നതിന് കഴിഞ്ഞ നവംബര്‍ 23ന് ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ കരാറിലൊപ്പിട്ടിരുന്നു. ജനുവരി 23 മുതല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് മ്യാന്മര്‍ അറിയിച്ചത്. എന്നാല്‍,എത്രയാളുകളെയാണ് മടക്കിക്കൊണ്ടുവരുന്നതെന്ന് വ്യക്തമല്ല.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News