ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

Jan 20 - 2018

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നേരെ അരങ്ങേറിയ അതിക്രമങ്ങള്‍ തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കുന്നതില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ പരാജയപ്പെട്ടു. 2017ല്‍ മാത്രം ഇത്തരം ആക്രമണങ്ങള്‍ മൂലം 10 പേരാണ് കൊല്ലപ്പെട്ടതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.

വ്യാഴാഴ്ചയാണ് സംഘടന 'ലോക റിപ്പോര്‍ട്ട്-2018' പുറത്തുവിട്ടത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ തീവ്ര ദേശീയതയെയും ഹിന്ദുത്വത്തെയും പരസ്യമായി പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് ചെയ്യുന്നത്.

ബി.ജെ.പിയുമായി ബന്ധമുള്ള നിരവധി തീവ്ര ഹിന്ദു ഗ്രൂപ്പുകളാണ് ഇന്ത്യയിലുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കു നേരെ ഉയരുന്ന കിംവദന്തികള്‍ മൂലവും പശുവിനെ കൊന്നെന്ന പേരിലും ഇവരുടെയെല്ലാം നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് അരങ്ങേറിയത്.

ആക്രമികള്‍ക്കു നേരെ നിയമ നടപടിയെടുക്കേണ്ട പൊലിസ് ഇരകള്‍ക്കു നേരെയാണ് കേസെടുക്കുന്നത്. പശു കശാപ്പ് നിരോധിച്ച നിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇരകളെ അറസ്റ്റു ചെയ്തു. പശുവുമായി ബന്ധപ്പെട്ട് 38 ആക്രമണ പരമ്പരകളാണ് 2017ല്‍ മാത്രം ഇന്ത്യയില്‍ അരങ്ങേറിയത്. ഇതില്‍ 10 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷ സമുദായങ്ങളെയും മറ്റു ദുര്‍ബല വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിലും തുടര്‍ച്ചയായിട്ടുണ്ടാകുന്ന ആക്രമണങ്ങള്‍ തടയുന്നതിനും സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. ഇനി നടക്കാന്‍ പോകുന്ന ആക്രമണങ്ങള്‍ തടയുന്നതിനും ആക്രണത്തിനുത്തരവാദികളെ വിചാരണ ചെയ്യുന്നതിനും ഗൗരവമായ ഒരു ഇടപെടല്‍ ആവശ്യമാണ്.

ആക്റ്റിവിസറ്റുകള്‍ക്കും,മാധ്യമപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മറ്റുള്ളവര്‍ക്കും നേരെ രാജ്യദ്രോഹ കുറ്റവും മറ്റു ക്രിമിനല്‍ കുറ്റങ്ങളും ചുമത്തി അറസ്റ്റു ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇത്തരം സ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ നിയമനടപടികള്‍ എടുക്കുകയും അഴിമതിയാരോപണം ഉന്നയിച്ചും കേസുകള്‍ ചുമത്തിയും സമ്മര്‍ദ്ദം ചെലുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തു.

മാത്രമല്ല, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും വിദേശത്തു നിന്നും ലഭിക്കുന്ന ഫണ്ട് തടഞ്ഞു വച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്.

ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരായി കടുത്ത നിയമ നടപടിയെടുക്കുമെന്ന പ്രഖ്യാപനത്തിനു ശേഷവും രാജ്യത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ അരങ്ങേറി. ഇതില്‍ പൊലിസ് സ്റ്റേഷനുകളില്‍ വച്ചും ആശുപത്രിയില്‍ വച്ചും വരെ ഇത്തരം ക്രൂരതകള്‍ അരങ്ങേറിയിട്ടുണ്ട്. യു.എന്നിലും ജനറല്‍ അസംബ്ലിയിലും ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഇന്ത്യക്ക് അവസരം കിട്ടിയിരുന്നെങ്കിലും അവ വേണ്ട വിധം ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News