യാചകരെ ബഹിഷ്‌കരിക്കലും ആട്ടിയോടിക്കലും ഇസ് ലാമിക രീതിയല്ല: ഉസ്താദ് കുമ്മനം അസ്ഹരി

Feb 05 - 2018

മനാമ: യാചകരെ ബഹിഷ്‌കരിക്കലും ആട്ടിയോടിക്കലും ഇസ്ലാമിക രീതിയല്ലെന്നും അത് വിശുദ്ധ ഖുര്‍ആന്റെ പ്രകടമായ ആഹ്വാനത്തിനു വിരുദ്ധമാണെന്നും പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഉസ്താദ് ഹാഫിദ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി. സമസ്ത ബഹ്‌റൈന്‍  ഹൂറ കമ്മറ്റിയുടെ കീഴില്‍ മനാമ അല്‍ രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരന്പരയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ധേഹം.

യാചകന്മാരുടെ കൂട്ടത്തില്‍ മാഫിയകളും കള്ള നാണയങ്ങളുമുണ്ടാകാം. അവരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അതിനു പകരം യാചകര്‍ തന്റെ വീട്ടിലേക്കോ നാട്ടിലേക്കോ വരാന്‍ പാടില്ലെന്ന് പറഞ്ഞ് വിലക്കാനോ ബോര്‍ഡും ബാനറും വെച്ച് ബഹിഷ്‌കരിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. ഇതു സംബന്ധിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ എല്ലാവരും ജാഗ്രത കാണിക്കണം

യാചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഒരാള്‍ യാചിച്ചു വന്നാല്‍ അവനെ ആട്ടിയോടിക്കരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്.
മാത്രമല്ല, തന്നോട് യാചിക്കാനെത്തിയത് വിലകൂടിയകമനീയ വാഹനത്തിലായിരുന്നാല്‍ പോലും അവന് ചോദിച്ചത് നമ്മുടെ കയ്യിലുണ്ടെങ്കില്‍ നല്‍കണമെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്.  
ഒരാള്‍ കുതിരപ്പുറത്ത് കയറി വന്ന് ചോദിച്ചാലും നീ നല്‍കണം എന്ന് നബി(സ) വ്യക്തമാക്കിയതായി   ഹദീസിലുണ്ടെന്നും ചില യാചകരെ മുന്‍ നിര്‍ത്തി മുഴുവന്‍ യാചകരെയും വിലക്കുന്ന അവസ്ഥ ഒരു നാട്ടിലും ഉണ്ടാകരുതെന്നും അവരും നമ്മളും അല്ലാഹുവിന്റെ അടിമകളാണെന്നും ഒരു പക്ഷേ നമ്മേക്കാള്‍ മികച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ടാവാമെന്നും ഹദീസ് ഉദ്ധരണികള്‍ വിശദീകരിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.

മറ്റൊരാളുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതു പോലും പ്രതിഫലാര്‍ഹമായ പുണ്ണ്യകര്‍മ്മവും ധര്‍മ്മവുമാണെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലായാലും അല്ലെങ്കിലും ഒരു വിശ്വാസി അവന്റെ നാവും കണ്ണും കയ്യുമെല്ലാം നിയന്ത്രിക്കണമെന്നും മത വിരുദ്ധമായ ഒന്നും തന്റെ ജീവിതത്തിലെന്ന പോലെ സോഷ്യല്‍ മീഡിയ വഴിയും പ്രചരിക്കാതെ സൂക്ഷിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad