ഐ.എസിനെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല: അമേരിക്ക

Feb 14 - 2018

വാഷിങ്ടണ്‍: ഐ.എസിനെ പൂര്‍ണമായും തുടച്ചുനീക്കാനായിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. 'ഐ.എസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ശക്തമായ പോരാട്ടം അവസാനിച്ചുവെങ്കിലും അതിനര്‍ത്ഥം അവരെ പൂര്‍ണമായും പരാജയപ്പെടുത്തി എന്നല്ല', അദ്ദേഹം പറഞ്ഞു.

ഐ.എസിനെതിരെ യോജിച്ചു പോരാടാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കുവൈത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസില്‍ നിന്നും മോചിപ്പിച്ച സിറിയയിലെ പ്രദേശങ്ങളിലേക്ക് 200 മില്യണ്‍ ഡോളറിന്റെ അധിക സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ പുനര്‍നിര്‍മാണത്തിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ സഹായവും നല്‍കും.

അറുപതിലധികം രാജ്യങ്ങളുടെ പിന്തുണയോടെ 2015ലാണ് അമേരിക്ക സിറിയയിലും ഇറാഖിലും തമ്പടിച്ച ഐ.എസിനെതിരെ യുദ്ധം ആരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വടക്കന്‍ ഇറാഖില്‍ ഐ.എസ് കൈയടക്കിയ മേഖലകളെല്ലാം ഐ.എസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഭീകരരില്‍ നിന്നും പ്രദേശം തിരിച്ചുപിടിച്ചതായും പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ചില ഒറ്റപ്പെട്ട മേഖലയില്‍ ഭീകരര്‍ ഇപ്പോഴും ആക്രമണം നടത്തുന്നുണ്ട്. അതുപോലെ സിറിയയില്‍ നിന്നും ഭീകരരെ പൂര്‍ണമായും തുരത്താനായിട്ടില്ല. ഇറാഖില്‍ ഐ.എസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാതെ അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad