സംവരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്‍മാറണം: ജമാഅത്തെ ഇസ്‌ലാമി

Mar 07 - 2018

കോഴിക്കോട്: രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാന്‍ നിരന്തരം നടത്തുന്ന ശ്രമങ്ങളില്‍ നിന്നും ഇടതുപക്ഷം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ പിന്‍മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ പുതുതായി രൂപം നല്‍കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിയമനം നടത്തുന്നതിലും സര്‍ക്കാര്‍ സംവരണ തത്വങ്ങളെ അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിലവിലുള്ള പ്രാതിനിധ്യം പോലും പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കെ എ എസ് സ്‌പെഷന്‍ റൂള്‍ കാരണമാകും. ഭാവിയില്‍ ഐ എ എസ് ലഭിക്കാനിടയുള്ള സംസ്ഥാന സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളാണ് കെ എ എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പത് ശതമാനം സംവരണമെന്ന തത്വമാണ് ലംഘിക്കപ്പെടുന്നത്. കെ എ എസിലേക്ക് മൂന്ന് ധാര(സ്ട്രീം)കളായി നിയമനം നടക്കുമ്പോള്‍ ആദ്യ ധാരയില്‍ മാത്രമാണ് സംവരണ തത്വം പാലിക്കപ്പെടുന്നത്. മറ്റ് രണ്ട് ധാരകള്‍ വഴിയുള്ള നിയമനത്തില്‍ സംവരണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് സംവരണ വിഭാഗങ്ങളെ ഉന്നത തലങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഫലമാണ്.

150 പേര്‍ക്ക് നിയമനം നല്‍കുമ്പോള്‍ 25 പേര്‍ക്ക് മാത്രമാണ് സംവരണാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുക.
രാജ്യത്ത് സംവരണം നടപ്പാക്കി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളുടെ അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്താനായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് അതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സംവരണത്തെ തുടക്കം മുതലേ എതിര്‍ക്കുക്കയും പൗരന്‍മാരുടെ തുല്യതയെയും സമത്വത്തെയും നിരാകരിക്കുന്ന സംഘ്പരിവാറിനെ സഹായിക്കാനേ സര്‍ക്കാര്‍ നിലപാട് ഉപകരിക്കൂ.

നോണ്‍ ക്രീമിലെയര്‍ പരിധി ഉയര്‍ത്താനും സന്നദ്ധമാവണം. സംവരണം യഥാവിധി നടപ്പിലാക്കുന്നതിനെതിരെയുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിച്ചില്ലെങ്കില്‍ സംവരണ സമുദായങ്ങളേയും സമാന മനസ്‌കരോടുമൊപ്പം പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, അസിസ്റ്റന്റ് അമീര്‍ പി. മുജീബ്‌റഹ്മാന്‍,പി ആര്‍ സെക്രട്ടറി, ടി ശാക്കിര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad