കിഴക്കന്‍ ഗൂതയെ സിറിയന്‍ സൈന്യം രണ്ടായി തരംതിരിക്കുന്നു

Mar 12 - 2018

ദമസ്‌കസ്: വിമതരുടെ ശക്തി കേന്ദ്രമായ കിഴക്കന്‍ ഗൂതയെ സിറിയന്‍ സൈന്യം രണ്ടായി തരംതിരിക്കുന്നു. വിമതരുടെ സ്വാധീന നഗരമായിരുന്ന മുദൈറ കൈയേറിയതിനു ശേഷമാണ് സിറിയന്‍ സര്‍ക്കാര്‍ ഗൂതയെ രണ്ടായി തിരിക്കാന്‍ തീരുമാനിച്ചത്.

കിഴക്കന്‍ ദമസ്‌കസിനു 10 കിലോമീറ്റര്‍ സമീപമുള്ള മെസ്രബ നഗരവും സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ടെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൂതയിലെ പ്രധാന നഗരമായ ദൂമ ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നു തെളിയിക്കുന്ന വീഡിയോകളും ചിത്രങ്ങളും സര്‍ക്കാര്‍ ടി.വി ചാനലുകളും സിറിയന്‍ മനുഷ്യാവകാശ സംഘടനകളും പുറത്തുവിട്ടു.

ദൂമയും അതിന്റെ പ്രാന്തപ്രദേശങ്ങളും ഹരാസ്തയുടെ പടിഞ്ഞാറും രണ്ടായി വിഭജിക്കാനാണ് സൈന്യം പദ്ധതിയിടുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരി 18ന് ആരംഭിച്ച സിറിയന്‍-റഷ്യ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഇതിനോടകം 1100ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 215 പേര്‍ കുട്ടികളും 145 സ്ത്രീകളുമാണ്.

ഏഴു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഗൂത. സിറിയയുടെ തലസ്ഥാനമായ ബഗ്ദാദിനു സമീപ നഗരമായ കിഴക്കന്‍ ഗൂത 2013 മുതല്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെയും റഷ്യന്‍ സൈന്യത്തിന്റെയും ഉപരോധത്തിനു കീഴിലാണ്. മേഖലയിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനും വിമതരുടെ കൈയില്‍ നിന്നും കിഴക്കന്‍ ഗൂതയെ തിരിച്ചുപിടിക്കാനുമാണ് യുദ്ധം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad