പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടു ചെയ്താല്‍ സൗജന്യ ഉംറ വാഗ്ദാനവുമായി ഈജിപ്ത്

Mar 13 - 2018

കൈറോ: വോട്ടു ചെയ്താല്‍ വിവിധ തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നത് നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍ ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവര്‍ക്ക് സൗജന്യ ഉംറ യാത്രയാണ് അധികൃതര്‍ വാഗ്ദാനം നല്‍കുന്നത്.

ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന 500 പേര്‍ക്കാണ് ഈജിപ്തിലെ മത്‌റൂഹ് ഗവര്‍ണറേറ്റ് സൗജന്യ ഉംറ യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈജിപ്തിലെ അല്‍മിസ്‌രിയൂന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന എല്ലാവര്‍ക്കും ഇത് ഉപയോഗപ്പെടുത്താമെന്നും അതില്‍ നിന്നും 500 പേരെ പിന്നീട് തെരഞ്ഞെടുക്കുകയായിരിക്കും ചെയ്യുകയെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക വ്യവസായികളാണ് ഇതിനുള്ള ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ഈ മാസം 26 മുതല്‍ 28 വരെയാണ് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് എതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരെയെല്ലാം ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയായിരുന്നു. അതിനാല്‍ തന്നെ പേരിനുള്ള ഒരു തെരഞ്ഞെടുപ്പാണ് നടക്കുന്നത്. സീസിയെയും സര്‍ക്കാരിനെയും എതിര്‍ക്കുന്ന പാര്‍ട്ടി നേതാക്കളെയും പ്രതിപക്ഷ നേതാക്കളെയും വിവിധ കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. അതുകൊണ്ട് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് അധികൃതര്‍. ഏകാധിപത്യ ഭരണമാണ് ഈജിപ്തില്‍ തുടരുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

രാജ്യത്തെ ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കിനെ അറബ് വസന്തത്തിന്റെ ഫലമായി പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കുകയും രാജ്യത്ത് ആദ്യമായി ജനാധിപത്യ രീതിയില്‍ മുഹമ്മദ് മുര്‍സി അധികാരത്തിലേറുകയും ചെയ്തിരുന്നു. എന്നാല്‍ 2012ല്‍ പട്ടാള അട്ടിമറിയിലൂടെ മുര്‍സിയെ പുറത്താക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്തു. സ്വതന്ത്രവും സുതാര്യവും വസ്തുനിഷ്ഠവുമായാണ് തെരഞ്ഞെടുപ്പ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad