ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ സംഘത്തിനു നേരെ സ്‌ഫോടനശ്രമം

Mar 13 - 2018

ഗസ്സ സിറ്റി: ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ സംഘത്തിനു നേരെ സ്‌ഫോടന ശ്രമം. ഹംദല്ലയും സംഘവും ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ച സമയത്താണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഹംദല്ലക്കോ അദ്ദേഹത്തിന്റെ സംഘത്തില്‍പ്പെട്ടവര്‍ക്കോ പരുക്കേറ്റിട്ടില്ല. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രിയും സംഘവും ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഗസ്സയിലെ ബെയ്ത് ഹനൂന്‍ ചെക്‌പോയിന്റ് കടക്കവേയാണ് പൊട്ടിത്തെറിയുണ്ടായത്. ആരാണ് സ്‌ഫോടനത്തിനു പിന്നില്‍ എന്നും എന്താണ് പൊട്ടിത്തെറിച്ചതെന്നും വ്യക്തമല്ല. സ്‌ഫോടനത്തില്‍ കുറച്ചു പേര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

റംദല്ലയും സംഘവും പിന്നീട് ഇവിടെ നിന്നും സുരക്ഷിതമായി കടന്നുപോയി. ഗസ്സ മുനമ്പിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിനു പോവകയായിരുന്നും ഹംദല്ലയും സംഘവും. അതേസമയം,ഗസ്സ ഭരിക്കുന്ന ഹമാസ് ആണ് സ്‌ഫോടനത്തിന് പിന്നിലെന്ന് വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള രാഷ്ട്രീയ സംഘടനയായ ഫതഹ് ആരോപിച്ചു.

ഈ ക്രിമിനല്‍ പ്രവൃത്തിയുടെ ഉത്തരവാദിത്വം ഹമാസിനാണെന്ന് ഫതഹ് കേന്ദ്ര കമ്മിറ്റി അംഗം ഹുസൈന്‍ അല്‍ ശൈഖ് ആരോപിച്ചു. ഫലസ്തീനിലെ രാഷ്ട്രീയ എതിരാളികളായിരുന്ന ഫതഹും ഹമാസും ഏറെ നാളത്തെ ശത്രുതകള്‍ മറന്ന് അടുത്തിടെ അനുരഞ്ജനത്തിന്റെ പാതയിലെത്തിയിരുന്നു. പരസ്പരം സഹകരിച്ചു പോകാന്‍ ഇരു സംഘടനകളും തീരുമാനിച്ചിരുന്നു. പല തീരുമാനങ്ങള്‍ക്കും ഇതു അപകടം വരുത്തുമെന്ന് ഫതഹ് ആരോപിച്ചു.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അല്‍ ബുസം പറഞ്ഞു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഗസ്സയിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാവിധ സുരക്ഷ മുന്‍കരുതലുകളുമെടുക്കാറുണ്ട്. അത് ഇന്നും പാലിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറച്ചു പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് അവരെ ചോദ്യം ചെയ്തു വരികയാണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad