ഗസ്സ പ്രതിസന്ധി: യു.എസ് വിളിച്ചു ചേര്‍ത്ത യോഗം ഫലസ്തീന്‍ ബഹിഷ്‌കരിച്ചു

Mar 14 - 2018

വാഷിങ്ടണ്‍: ഗസ്സയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമേരിക്ക വിളിച്ചു ചേര്‍ത്ത യോഗം ഫലസ്തീന്‍ ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് യു.എസിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഇസ്രായേലും അറബ്-ഗള്‍ഫ് രാഷ്ട്രങ്ങളും യോഗത്തില്‍ പങ്കെടുത്തു.

ജറൂസലം വിഷയത്തിലുള്ള ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലേമിനെ പ്രഖ്യാപിക്കുകയും യു.എസ് എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിലും പ്രതിഷേധിച്ചാണ് ഫലസ്തീന്റെ പിന്മാറ്റം. ഇതിനെതിരെ അമേരിക്കയുടെ സഖ്യകക്ഷികളടക്കമുള്ളവരില്‍ നിന്നും വ്യാപകമായ എതിര്‍പ്പും പ്രതിഷേധവുമുണ്ടായിരുന്നു.

വിവിധ രാഷ്ട്രങ്ങളെ ചേര്‍ത്തുപിടിച്ച് ഇവിടെ മാനുഷിക സഹായങ്ങളും അടിയന്തിര സഹായങ്ങളും വിതരണം ചെയ്യണം. പുനര്‍നിര്‍മാണം ആരംഭിക്കണം, ഗസ്സയിലെ മാനുഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാനും ഭാവിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നും യു.എസ് അറിയിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുന:സഥാപിക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് തങ്ങളെന്നും യു.എസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പശ്ചിമേഷ്യയില്‍ സമാധാനം തകര്‍ക്കുന്നതും മേഖലയെ കത്തിച്ചുനിര്‍ത്തുന്നതും യു.എസ് തന്നെയാണെന്ന വ്യാപക വിമര്‍ശനമുണ്ട്. ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കി മധ്യസ്ഥ വേഷം ചമയാന്‍ ശ്രമിക്കുകയാണ് അമേരിക്ക എന്നും ആരോപണമുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് യുദ്ധ സാമഗ്രികളും ആയുധങ്ങളും വിതരണം ചെയ്യുന്നതും ധനസഹായം നല്‍കുന്നതിലും മുന്‍പന്തിയിലുള്ളത് യു.എസും ഇസ്രായേലുമാണ്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News