ഹജ്ജ് ഏകമാനവികതയുടെ വിളംബരം: എം.ഐ അബ്ദുല്‍ അസീസ്

Jun 28 - 2018

ശാന്തപുരം: വംശീയതക്കും സങ്കുചിത ദേശീയതക്കുമപ്പുറം ഏകമാനവികതയുടെ ഉജ്ജ്വലമായ സന്ദേശമാണ് ഹജ്ജ് വിളംബരം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്.  ശാന്തപുരം അല്‍ജാമിഅ ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മനുഷ്യര്‍ക്കിടയിലെ എല്ലാ വിവേചനങ്ങള്‍ക്കും അറുതിവരുത്തി ദൈവത്തിന്റെ ഏകത്വവും മനുഷ്യസമൂഹത്തിന്റെ ഐക്യവും ഉദ്ഘോഷിക്കുന്ന മഹത്തായ ആരാധനയാണ് ഹജ്ജ്.  വിശപ്പില്ലാത്ത സമൂഹത്തിനും സമാധാനമുള്ള നാടിനും വേണ്ടി പ്രാര്‍ത്ഥിച്ച മഹാനായ പ്രവാചകന്‍ ഇബ്റാഹീമിന്റെ പാത പിന്തുടരാനുള്ള തീരുമാനമെടുത്ത് ജീവിതത്തിന് കൃത്യമായ ദിശ നിര്‍ണയിക്കാന്‍ ഹജ്ജിന് പോകുന്നവര്‍ക്ക് കഴിയണമെന്നും അമീര്‍ ഉണര്‍ത്തി.  

ജില്ലാ പ്രസിഡന്റ് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു.  'ഹജ്ജ് കര്‍മ്മവും ചൈതന്യവും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ക്ലാസ്സെടുത്തു.  'പുണ്യഭൂമിയിലൂടെ' ദൃശ്യാവിഷ്‌കാരത്തിന് കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി റഫീഖുറഹ്മാന്‍ മൂഴിക്കല്‍ നേതൃത്വം നല്‍കി.  ഐ.പി.എച്ച്. അസിസ്റ്റന്റ് ഡയരക്ടര്‍ കെ.ടി. ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍, സലീം മമ്പാട് എന്നിവര്‍ ക്ലാസ്സെടുത്തു.  
ഐ.പി.എച്ച്. പുറത്തിറക്കുന്ന സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ 'ഹജ്ജ്', ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ 'ഹജ്ജ് ചരിത്രം കര്‍മ്മവും ചൈതന്യവും' എന്നീ പുസ്തകങ്ങള്‍ അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രമുഖ പണ്ഡിതന്‍ അബ്ദുല്ല ബാഖവിക്ക് നല്‍കി പ്രകാശനം ചെയ്തു.  
ഹബീബ് ജഹാന്‍ പി.കെ. സ്വാഗതവും വി.പി. മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad