ഉര്‍ദുഗാന്റെ സത്യപ്രതിജ്ഞ: ലോക നേതാക്കള്‍ പങ്കെടുക്കും

Jul 09 - 2018

അങ്കാറ: തുര്‍ക്കിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ലോക നേതാക്കള്‍ പങ്കെടുക്കും. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോയും കൂടാതെ നിരവധി വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം അമേരിക്ക ഉള്‍പ്പെടെയുള്ള വലതുപക്ഷ ചേരികള്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും.

രാജ്യം ഇതുവരെ തുടര്‍ന്നു പോന്ന പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറിയതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് ഉര്‍ദുഗാന്‍. കഴിഞ്ഞ വര്‍ഷമാണ് ഇതു സബന്ധിച്ച ഭരണഘടനയില്‍ മാറ്റം വരുത്തി നിയമം പാസാക്കിയത്. പുതിയ നിയമപ്രകാരം 64കാരനായ പ്രസിഡന്റ് ഉര്‍ദുഗാന് വൈസ് പ്രസിഡന്റിനെ ഒഴിവാക്കാനും പുതിയ സ്ഥാനങ്ങളില്‍ ആളുകളെ നിയമിക്കാനും മന്ത്രിമാര്‍ ആരു വേണമെന്നു തീരുമാനിക്കാനും മുതിര്‍ന്ന ജഡ്ജിമാരെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ നിയോഗിക്കാനുള്ള അധികാരമുണ്ടാകും. പാര്‍ലമെന്റിനെ പിരിച്ചുവിടാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അധികാരമുണ്ട്.

പുതിയ സംവിധാനത്തില്‍ പ്രധാനമന്ത്രി പദം ഉണ്ടാവുകയില്ല. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നതാണ് ഉര്‍ദുഗാന്റെ മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

ജൂണ്‍ 24നാണ് തുര്‍ക്കിയുടെ പ്രസിഡന്റായി വീണ്ടും അഞ്ചു വര്‍ഷത്തേക്ക് ഉര്‍ദുഗാനെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച മന്ത്രിസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 52.5 ശതമാനം വോട്ടോടു കൂടിയാണ് ഉര്‍ദുഗാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയും എം.എച്ച്.പി പാര്‍ട്ടിയും കൂടി 53.6 ശതമാനം വോട്ടാണ് നേടിയത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad