നവജാത ശിശുവിനെ സ്വീകരിക്കുമ്പോള്‍

സന്താനങ്ങള്‍ ഐഹിക ജീവിതത്തിന്റെ അലങ്കാരവും കണ്‍കുളിര്‍മയുമാണ്. ജനനം മുതല്‍, മൂല്യങ്ങളുടെയും നന്മയുടെയും അടിത്തറയില്‍ മക്കളെ വളര്‍ത്തുന്നതിനും കൃത്യമായി പരിപാലിക്കേണ്ടുന്നതിനും ആവശ്യമായ മാര്‍ഗരേഖ ഇസ്‌ലാം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ജനനത്തിന് തൊട്ടുടനെ പാലിക്കേണ്ട നിയമങ്ങളും മര്യാദകളുമാണ് ഇതില്‍ പ്രഥമമായത്.

സന്താനസൗഭാഗ്യത്തെക്കുറിച്ച സന്തോഷവാര്‍ത്തയും കുഞ്ഞിന്റെയും ഉമ്മയുടെയും സുഖവിവരങ്ങളും ആദ്യം പിതാവിനെ അറിയിക്കുക. ഇസ്ഹാഖ്(അ)യുടെ ജനനത്തെപ്പറ്റി ഇബ്രാഹിം നബിക്കും, യഹ്‌യ(അ)യുടെ ജനനത്തെപ്പറ്റി സകരിയ്യ നബിക്കും സന്തോഷവാര്‍ത്ത ലഭിച്ചത് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ഇപ്രകാരം സന്താനസൗഭാഗ്യത്തെപ്പറ്റി അറിയിക്കുമ്പോള്‍ ആ സന്ദര്‍ഭം എന്നെന്നും പച്ചപിടിച്ചുനില്‍ക്കുന്ന ഓര്‍മ്മയായി നിലനിര്‍ത്താന്‍ സാധിക്കും. കുട്ടിയുടെ പിതാവിനെ സന്തോഷം നിറയുന്ന വാക്കുകളാല്‍ അഭിനന്ദിക്കുന്നതും പറ്റുമെങ്കില്‍ ലളിതമായ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുന്നതും സന്ദര്‍ഭത്തെ കൂടുതല്‍ സന്തോഷം നിറഞ്ഞതാക്കും. 'പാരിതോഷികങ്ങള്‍ നല്‍കി നിങ്ങള്‍ പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കൂ' എന്ന നബി വചനം പ്രസക്തം. സാധ്യമാവുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ത്തന്നെ കുഞ്ഞിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കേള്‍പ്പിക്കണമെന്ന് പ്രവാചകന്‍ പഠിപ്പച്ചിട്ടുണ്ട്.  ഉന്നതനായ ദൈവത്തിന്റെ നാമം ആദ്യം കേള്‍ക്കാനും പിശാചിന്റെ ഉപദ്രവത്തില്‍ നിന്നുള്ള കാവല്‍ കുഞ്ഞിനുണ്ടാവാനും ഇത് കാരണം സാധിക്കും. കുഞ്ഞിന്റെ വായില്‍ മധുരം തൊട്ടു കൊടുക്കുക. തേനോ, നന്നായി ചവച്ചരച്ച ഈത്തപ്പഴമോ വിരലിലാക്കി, മധുരം വായില്‍ മുഴുവന്‍ ആവും വിധം മൃദുലമായി പുരട്ടിക്കൊടുക്കുന്നതാണ് അതിന്റെ രീതി. മുലകുടിക്ക് പാകമാകും വിധം വായിലെ പേശികള്‍ പ്രവൃത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സമീകരിക്കാനും ജനന സമയത്തുള്ള അമിത ചൂടിനെ ചെറുക്കാനും പ്രഥമ ഘട്ടത്തിലെ ഈ മധുരം നല്‍കല്‍ മുഖേന സാധിക്കുമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. നബി(സ), നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വായില്‍ മധുരം തൊട്ടുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നെന്ന് ആയിശ(റ) പറയുന്നു. സാധിക്കുമെങ്കില്‍ ഏഴാം ദിവസമോ അല്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് ദിവസങ്ങളിലോ കുട്ടിയുടെ മുടി കളയുകയും ആ മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളിയോ, നാണയമോ ദാനം ചെയ്യലും സുന്നത്താണ്. മുടി വടിക്കുന്നതു വഴി തലയിലെ പേശികള്‍ ശക്തിയാര്‍ജിക്കുകയും ഊര്‍ജ്ജസ്വലമാവുകയും ചെയ്യുന്നു. ദൈവത്തോടുള്ള നന്ദിപ്രകാശനത്തിന്റെയും, സന്തോഷസമയത്തും അഗതികളോടുള്ള
ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് മുടിയുടെ തൂക്കത്തിനനുസരിച്ചുള്ള ദാനം. ഹസന്റെയും ഹുസൈന്റെയും സൈനബിന്റെയും ഉമ്മുകുല്‍സൂമിന്റെയും ജനനസമയത്ത് ഫാത്തിമ(റ) ഇപ്രകാരം മുടിയുടെ തൂക്കം വെള്ളി ദാനമായി നല്‍കിയിരുന്നു.

നല്ല അര്‍ഥമുള്ളതും വിളിക്കാനും ഉച്ചരിക്കാനും എളുപ്പമുള്ളതുമായ പേരുകളിടുന്നതാണ് ഉത്തമം. കാരണം, ആജീവനാന്തം വിളിക്കപ്പെടേണ്ട ഒന്നാണല്ലോ അത്. അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: 'നിങ്ങളുടെ സ്വന്തം പേരിലും പിതാക്കളുടെ പേരിലുമാണ് നാളെ പരലോകത്ത് വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ വിളിക്കുക'.  ജനിച്ച് ഏഴാം നാളില്‍ പേര് വിളിക്കലാണ് സുന്നത്ത്. അതിന് മുമ്പായാലും വിരോധമില്ല. മറ്റൊന്ന് കുട്ടിയുടെ പേരില്‍ അഖീഖത്ത് അറുക്കലാണ്. സാധാരണ അറുക്കുന്ന ബലിക്കപ്പുറം കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കുവെക്കുക എന്ന ലക്ഷ്യം കൂടി ഈ സന്ദര്‍ഭത്തിലുണ്ട്. ചേലാകര്‍മം ചെയ്യലാണ് മറ്റൊന്ന്. അത് ശാരീരികമായ ആരോഗ്യവും വൃത്തിയും കാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഇപ്രകാരം ജനിച്ച സമയം തൊട്ടേ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ചിട്ടവട്ടങ്ങളില്‍ പരിപാലിക്കപ്പെട്ടെങ്കിലേ പിന്നീടും സമൂഹത്തിന് ഉപകാരപ്പെടും വിധം മക്കളെ ദീനീ ചട്ടക്കൂടില്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

വിവ : ഇസ്മാഈല്‍ അഫാഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics