ഒ. അബ്ദുറഹ്മാന്‍

Aug 16 - 2013
Quick Info

ജനനം : 1944
ഉദ്യോഗം : പത്രാധിപര്‍, മാധ്യമം
സ്വദേശം : ചേന്ദമംഗല്ലൂര്‍
തൂലികാനാമം : എ. ആര്‍

Best Known for

പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, മതപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാമൂഹിക രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ഇപ്പോള്‍ മാധ്യമത്തിന്റെയും മാധ്യമം ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായും മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു.

1944 ല്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരില്‍ ജനനം. പിതാവ്: ഒടുങ്ങാട്ട് മോയിന്‍ മുസ്‌ലിയാര്‍. മാതാവ്: ഫാതിമ. പ്രാഥമിക വിദ്യാഭ്യാസം ചേന്ദംഗലൂര്‍ ഗവ.മാപ്പിള സ്‌കൂള്‍, മദ്രസത്തുല്‍ ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍. 1960-64 വരെ ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജിലും 1972-74 വരെ ഖത്തര്‍ അല്‍മഅഹദുദ്ദീനിയിലും ഉപരിപഠനം. ഖത്തറിലെ പഠനാനന്തരം ദോഹ ഇന്ത്യന്‍ എംബസിയിലും ഖത്തര്‍ മതകാര്യ വകുപ്പിലും പ്രവര്‍ത്തിച്ചു. ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മതവിദ്യാഭ്യാസരംഗം കാര്യക്ഷമവും കാലോചിതവുമാക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കാന്‍ ഈജിപ്തിലെ 'അല്‍അസ്ഹര്‍' ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചു. മജ്‌ലിസുതഅ്‌ലീമില്‍ ഇസ്‌ലാമി കേരളയുടെ വൈസ് ചെയര്‍മാന്‍, റോഷ്‌നി പ്രിന്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോ.സെക്രട്ടറി, കൊടിയത്തൂര്‍ അല്‍ഇസ്‌ലാഹ് ഓര്‍ഫനേജ് ഡയറക്ടര്‍, ഐഡിയല്‍ പബ്‌ളിക്കേഷന്‍ ട്രസ്‌റ്റംഗം, പ്രബോധനം എഡിറ്റോറിയല്‍ ബോര്‍ഡ് ഉപദേശക സമിതിയംഗം, ഐ.പി.എച്ച് ഡയരക്ടര്‍ ബോര്‍ഡംഗം, കോഴിക്കോട് സര്‍വകലാശാല, ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ജേര്‍ണലിസം ബോര്‍ഡ് ഓഫ് സ്‌റഡീസ് അംഗം, കേരള പ്രസ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. അറബി, ഉറുദു, ഇംഗ്ലീഷ്‌ ഭാഷകള്‍ അറിയാം. ബംഗ്‌ളാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവ സന്ദര്‍ശിച്ചു. മതരാഷ്ട്രീയസാമുഹ്യ വേദികളില്‍ പൊതുതാത്പര്യമുള്ള നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട് അബ്ദുറഹ്മാന്‍. 1964-72 വരെ പ്രബോധനം വാരികയുടെ പത്രാധിപരായിരുന്നു. ഇപ്പോള്‍ മാധ്യമത്തിന്റെ പത്രാധിപരാണ്. ആനുകാലികങ്ങളില്‍ മത,വിദ്യാഭ്യാസ,സാമൂഹിക,മാദ്ധ്യമ വിഷയങ്ങളെ ഉപജീവിച്ച് എഴുതാറുണ്ട്. എ.ആര്‍. എന്ന് ചുരുക്കപ്പേരിലാണ് പലപ്പോഴും എഴുതാറുള്ളത്. ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കോഴിക്കോട് സര്‍വകലാശാല ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള പ്രസ്സ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. പൊതു പ്രഭാഷണരംഗത്തും സാംസ്‌കാരിക വേദികളിലും ചാനല്‍ ചര്‍ച്ചകളിലും ഒ. അബ്ദുറഹ്മാനിന്റെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ രംഗത്തും അബ്ദുറഹ്മാന്‍ സജീവമാണ്. കേരള സര്‍ക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി അംഗമായിട്ടുണ്ട്. ഏഴാംതരം സാമൂഹിക പാഠപുസ്തകം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ഡോ.കെ.എന്‍ പണിക്കരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ പാഠ്യപദ്ധതി വിദഗ്ദസമിതിയിലും ഇദ്ദേഹം അംഗമായിരുന്നു. നിലവില്‍ ചേന്ദംഗലൂര്‍ ഹൈസ്‌കൂളിന്റെ മാനേജരാണ്.

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ വേദികളിലും പ്രസിദ്ധീകരണങ്ങളിലും സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. സംഘടനക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ആശയപരമായും ബൗദ്ധിക തലത്തിലും പ്രതിരോധിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന ചെറുതല്ല എന്ന് ജമാഅത്ത് വിലയിരുത്തുന്നു. ഫോറം ഫോര്‍ ഡമോക്രസി ആന്‍ഡ് കമ്മ്യൂണല്‍ അമിറ്റിയുടെ (FDCA) കേരള ചാപ്റ്റര്‍ സെക്രട്ടറിയായിട്ടുണ്ട്.

ഭാര്യ പുതിയോട്ടില്‍ ആയിഷ. മൂന്ന് പെണ്‍മക്കളുള്‍പ്പെടെ അഞ്ചു മക്കള്‍. പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഒ. അബ്ദുല്ല അബ്ദുറഹ്മാന്റെ ജ്യേഷ്ഠസഹോദരനാണ്.

കൃതികള്‍: യുക്തിവാദികളും ഇസ്‌ലാമും, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, ശരീഅത്തും ഏക സിവില്‍കോഡും, ഖബറാരാധന, മതരാഷ്ട്രവാദം, ഇസ്‌ലാം, ഇസ്‌ലാമിക പ്രസ്ഥാനം:ചോദ്യങ്ങള്‍ക്ക് മറുപടി., അനുഭവങ്ങള്‍, അനുസ്മരണങ്ങള്‍, ഖുര്‍ആന്‍ സന്ദേശസാരം.