ഒ. അബ്ദുല്ല

Aug 16 - 2013
Quick Info

ജനനം : 1942
സ്വദേശം: ചേന്ദമംഗല്ലൂര്‍

Best Known for

പത്ര പ്രവര്‍ത്തകന്‍, കോളമിസ്റ്റ്. ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തി നേടിയിട്ടുള്ള ഒ. അബ്ദുല്ല സാമൂഹിക നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.

1942 ല്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ ജനിച്ചു. പിതാവ് ഒടുങ്ങാട്ട്‌ മോയിന്‍ മുസ്‌ലിയാര്‍, മാതാവ്: ഫാത്തിമ. ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ്, ഖത്തര്‍ അല്‍ മഅ്അദുദ്ദീനി എന്നിവിടങ്ങളില്‍ പഠിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്റര്‍പ്രെറ്റര്‍ കം അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്‌. ഖത്തര്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ടിലും പ്രവര്‍ത്തിച്ചു. ഖത്തര്‍ ഇസ്‌ലാഹിയ്യ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രബോധനം വാരികയുടെ സഹ പത്രാധിപരായിരുന്നു. 1975 ലെ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് പിരിച്ച് വിട്ട ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗിന്റെ പ്രവര്‍ത്തക ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ചു. മാധ്യമത്തിന്റെ അസോസിയേറ്റ് എഡിറ്ററും ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയ കോളേജ് അധ്യാപകനുമായിരുന്നു. ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ള ലേഖനങ്ങളും കോളങ്ങളും പീരിയോഡിക്കല്‍സിലും ദിനപത്രങ്ങളിലും എഴുതിക്കൊണ്ടിരിക്കുന്നു. മാധ്യമം, മാതൃഭൂമി, ചന്ദ്രിക, വര്‍ത്തമാനം, തേജസ്, പ്രബോധനം, ആരാമം എന്നീ മാഗസിനുകളില്‍ എഴുതിയിട്ടുണ്ട്. മൗലാനാ മൗദൂദിയുടെ സന്താന നിയന്ത്രണം, ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഇസ്‌ലാം: തീവ്രതക്കും ജീര്‍ണതക്കും മധ്യേ, ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ ഇസ്‌ലാമിക ജീവിതം: പ്രശ്‌നങ്ങളും പ്രയാസങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു. ഖാലിദ് ബ്‌നു വലീദ്, ചരിത്രത്തിലേക്കൊരു ടൂര്‍, ആളുകള്‍ അനുഭവങ്ങള്‍ എന്നീ കൃതികളും രചിച്ചിട്ടുണ്ട്. സ്‌കൂള്‍ അധ്യാപികയായ കുഞ്ഞിഫാതിമയാണ് ഭാര്യ. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സഹോദരനാണ്.