എം.പി. അബ്ദുസ്സമദ് സമദാനി

Aug 16 - 2013
Quick Info

ജനനം : 1959 ജനുവരി 1
രാഷ്ട്രീയം : മുസ്‌ലിം ലീഗ്
സ്വദേശം : കോട്ടക്കല്‍

Best Known for

വാഗ്മിയും മുസ്‌ലിം ലീഗിന്റെ മുന്‍ രാജ്യസഭാംഗവും കേരള നിയമസഭാംഗവുമാണ് എം.പി. അബ്ദുസ്സമദ് സമദാനി.

1959 ജനുവരി 1 ന് എം.പി അബ്ദുല്‍ ഹമീദ് മൗലവിയുടേയും ഒറ്റകത്ത് സൈനബയുടേയും മകനായി കോട്ടക്കലിലെ കുറ്റിപ്പുറത്ത് ജനിച്ചു. കോഴിക്കോട് ഫാറൂഖ്‌ കോളേജില്‍ നിന്ന് എം.എ നേടി. സിമിയിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. 1981-82 ല്‍ ഫാറൂഖ്‌ കോളേജിലെ യൂനിയന്‍ ചെയര്‍മാനിയിരുന്നു. പിന്നീട് സിമിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പിന്നീട് മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫില്‍ സജീവമായി. എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഫാറൂഖ്‌ കോളേജ്, വളാഞ്ചേരിയിലെ മര്‍കസുത്തര്‍ബിയത്തില്‍ ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍ കുറച്ച് നാള്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവല്‍ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദര്‍ശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എം.ഫില്‍ കരസ്ഥമാക്കി.

1994 മെയില്‍ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. പിന്നീട് മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്. 2011 ഏപ്രില്‍ 13 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വാഗ്മി എന്ന നിലയിലാണ് സമദാനി കൂടുതലും അറിയപ്പെടുന്നത്. പ്രസംഗത്തിന് ഫാദര്‍ തിയോഡോഷ്യസ് ട്രോഫിയും കുട്ടികൃഷ്ണമാരാര്‍ ട്രോഫിയും വി.കെ കൃഷ്ണമേനോന്‍ ട്രോഫിയും ലഭിച്ചിട്ടുണ്ട്. നിരവധി പ്രമുഖരുടെ ഇഗ്ലീഷ്, ഉറുദു പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'മദീനയിലേക്കുള്ള പാത' എന്ന തലക്കെട്ടില്‍ കോഴിക്കോട് കടപ്പുറത്തും മറ്റും നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ നിരവധി ആളുകളെ ആകര്‍ഷിച്ചു. ഉര്‍ദു ഭാഷയുടെ പ്രചരണത്തിനായി പ്രവര്‍ത്തിക്കുന്ന സമദാനി കവി ഇഖ്ബാലിന്റെ ദര്‍ശങ്ങളുടെ വ്യാപനത്തിനായും പരിശ്രമിക്കുന്നു. അതിനായി കേരള ഇഖ്ബാല്‍ അക്കാദമി സ്ഥാപിച്ചു