മാല്‍ക്കം എക്‌സ്

Aug 20 - 2013
Quick Info

ജനനം: 1925 മെയ് 19 | മരണം: 1965 ഫെബ്രുവരി 21
മുഴുവന്‍ പേര്: അല്‍ഹാജ് മാലിക് അല്‍ഷഹബാസ്

Best Known for

ഒരു ആഫ്രോ അമേരിക്കന്‍ വിമോചന പോരാളിയായിരുന്നു മാല്‍ക്കം എക്‌സ്. ഇസ്‌ലാമാസ്ലേഷിക്കുകയും മനുഷ്യാവകാശപോരാട്ടങ്ങള്‍ക്ക് സജീവമായി നേതൃത്വം കൊടുക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ സുവിശേഷ പ്രസംഗകനും അമേരിക്കയിലെ കറുത്തവരെ ആഫ്രിക്കയിലേക്കു തിരിച്ചുകൊണ്ടു പോകണമെന്നും വാദിക്കുന്ന Back to Africa പ്രസ്ഥാനത്തിന്റെ നേതാവുമായ ഏള്‍ ലിറ്റിലിന്റെയും ലൂസി നോര്‍ടണ്‍ ലിറ്റിലിന്റെയും മകനായി അമേരിക്കയിലെ ഒമഹയിലാണ് മാല്‍കം ജനിച്ചത്. പിന്നീട് വെളളക്കാരുടെ ഭീകര സംഘടനയായ കു ക്ലക്‌സ് ക്ലാന്‍ സംഘത്തിന്റെ വെടിയേറ്റ് പിതാവ് കൊല്ലപ്പെടുകയും മാതാവിനെ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തപ്പോള്‍ അര്‍ധ സഹോദരിയുടെ കൂടെ താമസിക്കാനായി ബാലനായ മാല്‍കം ന്യൂയോര്‍ക്കിലെ ഹാലമിലേക്കു പോയി. അവിടെ വെച്ച് മയക്കുമരുന്നിന്റെ വില്പനയും ഉപയോഗവും ഗുണ്ടായിസവും എല്ലാം കൈകാര്യം ചെയ്യുന്ന അധോലോക സംഘത്തിന്റെ ഭാഗമായി. എന്നാല്‍ അധികകാലം അതില്‍ അദ്ദേഹം തുടരാതെ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം മാറി. ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പ്ട്ട് ജയിലിലായ മാല്‍കം, സഹോദരന്റെ നിര്‍ബന്ധപ്രകാരം നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ സ്ഥാപകനായ അലിജാ മുഹമ്മദിനെ കാണുന്നതോടെയാണ്, അദ്ദേഹത്തിന്റെ ജീവിതം മാറുന്നത്. പിന്നീട് നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ തീപ്പൊരി പ്രസംഗകനായി മാറിയ മാല്‍കം കറുത്തവര്‍ക്കിടയില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ വെള്ളക്കാരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമായിരുന്നു. 1962 ല്‍ ഹജ്ജ് കര്‍മ്മത്തിനായി മക്കയില്‍ പോയ അദ്ദേഹം നാഷന്‍ ഓഫ് ഇസ്‌ലാം യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്നും വളരെ അകലെയാണെന്നു മനസ്സിലാക്കി.

ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന അദ്ദേഹം നാഷനുമായി അകലുകയും ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി എന്ന സംഘടന രൂപീകരിച്ച് ഇസ്‌ലാമിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിമോചകന്‍ എന്ന തരത്തിലാണ് മാര്‍ട്ടിന്‍ ലുഥര്‍ കിംഗിന്റെ സമകാലികനായ മാല്‍കം എക്‌സ് അറിയപ്പെടുന്നത്. അലക്‌സ് ഹാലി രചിച്ച മാല്‍കം എക്‌സ് എന്ന ജീവീതകഥ കറുത്ത വര്‍ഗ്ഗക്കാരന്റെ വിപ്ലവഗീതമായും വീരഗാഥയായും വാഴ്ത്തപ്പെടുന്നു. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഇതിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.