തവക്കുല്‍ കര്‍മാന്‍

Aug 23 - 2013
Quick Info

തവക്കുല്‍ അബ്ദുസ്സലാം കര്‍മാന്‍.
ജനനം : 1979 ഫെബ്രുവരി 7
രാജ്യം : യമന്‍
പുരസ്‌കാരം : സമാധാന നോബല്‍ (2011)
പാര്‍ട്ടി : അല്‍ ഇസ്‌ലാഹ്

Best Known for

യമനിലെ പത്രപ്രവര്‍ത്തകയും രാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകയും സമാധാന നോബല്‍ പുരസ്‌കാര ജേതാവും.

1979 ഫെബ്രുവരി 7 ന് യമനിലെ തായിസില്‍ അഭിഭാഷകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അബ്ദുസ്സലാം കര്‍മാന്റെ മകളായി ജനിച്ചു. കവിയായ താരിഖ് കര്‍മാന്‍ അല്‍ ജസീറ ചാനല്‍ പ്രവര്‍ത്തക സഫാ കര്‍മാന്‍ എന്നിവര്‍ സഹോദരരാണ്. ഭര്‍ത്താവ്: മുഹമ്മദ് അഹ്മി. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. സന്‍ആയിലെ യൂണിവേഴ്സ്റ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും കൊമേഴ്‌സില്‍ അണ്ടര്‍ഗ്രാജുവേറ്റ് ബിരുദം കരസ്ഥമാക്കുകയും സന്‍ആ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നേടി.

അറബ് വസന്തത്തിന്റെ ഭാഗമായി 2011 ല്‍ നടന്ന യമനിലെ സ്വേച്ഛാധിപധികള്‍ക്കെതിരെയുള്ള പോരാട്ടവീഥിയില്‍ സജീവമാകുകയും പ്രസ്തുത വര്‍ഷം ലഭിച്ച സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തോടെ ലോകത്ത് ശ്രദ്ധാകര്‍ഷിക്കുകയും ചെയ്തു. ഉരുക്കുവനിത, വിപ്ലവത്തിന്റെ മാതാവ് എന്നീ പേരുകളിലാണ് യമനികള്‍ അവരെ വിശേഷിപ്പിച്ചത്. പത്രപ്രവര്‍ത്തകയും യമനിലെ രാഷ്ട്രീയ പാര്‍ട്ടിയായ അല്‍ ഇസ്‌ലാഹിന്റെ മുതിര്‍ന്ന അംഗവുമായ കര്‍മാന്‍ പത്രസ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പോരാട്ടങ്ങളിലൂടെയാണ് മാധ്യമശ്രദ്ധയില്‍ വരുന്നത്. 2005ല്‍ Women Journalists Without Chains അഥവാ ചങ്ങലകളില്ലാത്ത സ്ത്രീ പത്രപ്രവര്‍ത്തനം എന്നകൂട്ടായ്മ രൂപീകരിക്കുതില്‍ പങ്ക് വഹിക്കുകയും 2007ല്‍ യമനില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണകാലത്ത് നടപ്പിലാക്കിയ മാധ്യമപ്രവര്‍ത്തനരംഗത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. അഭിപ്രായ പ്രകടനത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കുമുള്ള മുറവിളി ശക്തമായി. തുടര്‍ന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള മുന്നേറ്റമായി മാറിയ പ്രക്ഷോഭത്തെ 2011 ജനുവരിയില്‍ മുല്ലപ്പൂവിപ്ലവത്തിന്റെ ഭാഗമായി ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധാഗ്നിയായി തിരിച്ചു വിടുതിലും തവക്കുല്‍ കര്‍മാന്‍ ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്.

2011 ജനുവരിയില്‍ തവക്കുല്‍ കര്‍മാന്‍ യമനിലെ ഗവമെന്റിനെതിരെ കൂറ്റന്‍ വിദ്യാര്‍ഥി റാലി സംഘടിപ്പിച്ചു. ജനുവരി 22 ന് ഭര്‍ത്താവിനൊപ്പമുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്യുകയും ജനുവരി 24 ന് പരോള്‍ അനുവധിക്കുകയും ചെയ്തു. 2011 ഫെബ്രുവരി 3 ന് 'Day of Rage' എന്ന പേരില്‍ മറ്റൊരു പ്രക്ഷോഭവും നടന്നു. മാര്‍ച്ച് 17 ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. അനേകം സ്ത്രീ പോരാളികളിലൊരാളായിരുന്നു തവക്കുല്‍ കര്‍മാനും. വിപ്ലവത്തില്‍ ആദ്യരക്തസാക്ഷ്യം നേടിയ അസീസാ ഉസ്മാന്‍ കാലിബ് അടക്കം മൂന്നിലൊന്നോളം സ്ത്രീകളെയും വിപ്ലവരംഗത്തിറക്കാന്‍ അവര്‍ക്കായി.

സമാധാനത്തിനുള്ള 2011ലെ നോബല്‍ സമ്മാനം തവക്കുല്‍ കര്‍മാന്‍ ലൈബീരിയക്കാരായ എലന്‍ ജോസ സര്‍ലീഫ്, ലെയ്മാ ഗ്‌ബോവീ എന്നിവരുമായി പങ്കിട്ടു നേടി. സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂര്‍ണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങള്‍ മുന്‍നിര്‍ത്തിയാണു മൂവര്‍ക്കും നോബല്‍ സമ്മാനം നല്‍കപ്പെട്ടത്. നോബല്‍ സമ്മാനം ലഭിച്ച ആദ്യ യമനി, നോബല്‍ പുരസ്‌കാരം കിട്ടിയ ആദ്യ അറബ് വനിത, പ്രസ്തുത പുരസ്‌കാരം നേടിയ രണ്ടാമത്തെ മുസ്‌ലിം വനിത, സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, നോബല്‍ പുരസ്‌കാരം കിട്ടിയ ആദ്യത്തെ ഇസ്‌ലാമിസ്റ്റ് എന്നീ വിശേഷണങ്ങളാണ് തവക്കുല്‍ കര്‍മാന് ലഭിച്ചത്.

നോബല്‍ സമ്മാനം ലഭിച്ചതറിഞ്ഞ കര്‍മാന്റെ പ്രതികരണം: 'അറബ് ലോകത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവര്‍ക്കാണ് ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത്. നീതിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പോരാടി മരിച്ചവര്‍ക്കും മുറിവേറ്റു കഴിയുവര്‍ക്കുമാണ് ഈ സമ്മാനം ലഭിച്ചിട്ടുള്ളത്. ഈ ബഹുമതി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സമര്‍പ്പിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എല്ലാ രാജ്യങ്ങളിലും നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന് എന്റെ പിന്തുണയുണ്ടാവും'.

പരമ്പരാഗ നിഖാബില്‍ നിന്നും വ്യത്യസ്ഥമായി മുഖം പുറത്തുകാണിക്കുന്ന വര്‍ണശബളമായ സ്‌കാര്‍ഫ് ധരിച്ചാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അടിച്ചമര്‍ത്തലിന്റെ അസഹിഷ്ണുതയുടെയും പ്രതീകമായി ചിത്രീകരിക്കപ്പെട്ടിരുന്ന ഇസ്‌ലാമിക വേഷവിധാനത്തെ ലോകരാഷ്ട്രീയ വേദികളില്‍ ആര്‍ജ്ജവത്തിന്റെയും ആവേശത്തിന്റെയും വേഷമായി പരികല്‍പ്പിക്കാന്‍ തവക്കുല്‍ കര്‍മാന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.