ഡോ. ടി. ബി. ഇര്‍വിങ്

Aug 24 - 2013
Quick Info

പൂര്‍ണ്ണനാമം : തോമസ് ബെലന്റൈന്‍ ഇര്‍വിങ്
ജനനം : 1914 ജൂലൈ 20
നാമം : തഅ്‌ലീം അലി അബൂ നസ്ര്‍
രാജ്യം : കാനഡ
മരണം : 2002 സെപ്റ്റംബര്‍ 24

Best Known for

വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രന്ഥകാരന്‍, ഖുര്‍ആന്‍ പരിഭാഷകന്‍, ബഹുഭാഷാ വിശാരദന്‍. കാനഡയില്‍ ക്രൈസ്തവ കുടുംബത്തില്‍ പിറന്ന് ഇസ്‌ലാം സ്വീകരിച്ച വ്യഖ്യാത പണ്ഡിതന്‍.

കാനഡയിലെ പ്രിസ്റ്റണില്‍ 1914 ജൂലൈ 20ന് ജനിച്ചു. ഒന്നാം ലോകയുദ്ധത്തിന്റെ വിശേഷങ്ങള്‍ കേട്ടു വളര്‍ന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് വായിച്ച ടി. ഇ ലോറന്‍സിന്റെ റിവോള്‍ട്ട് ഇന്‍ ഡെസേര്‍ട്ട് (മരുഭൂമിയിലെ കലാപം) അറബികളെ കുറിച്ച് ആദ്യം മനസ്സില്‍ മുദ്ര പതിച്ചു. ടൊറണ്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിവിധ ഭാഷകളില്‍ സ്‌പെഷലൈസേഷനും ഓണററി ബിരുദവും നേടി. ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ് ഭാഷകള്‍ പഠിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് ഓറിയന്റല്‍ ലിറ്ററേച്ചര്‍ കോഴ്‌സില്‍ പ്രഫ. ഡട്ട്യൂ. സി. ടെയ്‌ലറുടെ കീഴില്‍ ആദ്യ വര്‍ഷം അറബി സാഹിത്യവും സംസ്‌കാരവും പഠിച്ചു. ഇസ്‌ലാമിനെപ്പറ്റി ടെയ്‌ലര്‍ മതിപ്പോടെ സംസാരിച്ചിരുന്നു. അറബി ഭാഷയും ടൊറണ്ടോയില്‍ വെച്ച് തന്നെ അഭ്യസിച്ചു. മൂന്നാം വര്‍ഷം മോണ്ട്രിയയിലെ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടര്‍ന്നു. ഉപരിപഠനത്തിന് ഇസ്‌ലാമിക സ്‌പെയിന്‍ എന്ന വിഷയത്തില്‍ സ്‌പെഷ്യല്‍ ചെയ്ത് 1940 ല്‍ ഡോക്ടറേറ്റ് നേടി.

അധ്യാപക വൃത്തി ഇഷ്ടപ്പെട്ട ഇര്‍വിങ് ലാറ്റിനമേരിക്കന്‍ കോഴ്‌സുകളില്‍ അധ്യാപനം നിര്‍വഹിച്ചു. അറബി അവസരം കുറഞ്ഞതിനാല്‍ സ്പാനിഷ് അധ്യാപകനായി ജോലി ചെയ്തു. 1948 ല്‍ മിനിസോട്ടയില്‍ അറബി അധ്യാപനത്തിന് കനേഡിയന്‍ നാവികസേനയുടെ സ്ഥാപനത്തില്‍ അവസരം ലഭിച്ചു. ലാറ്റിനമേരിക്കന്‍ കോഴ്‌സുകളുടെ മാതൃകയില്‍ ഇസ്‌ലാമിക അറബി കോഴ്‌സുകള്‍ സംവിധാനിച്ചു. 1950 കളില്‍ ഇസ്‌ലാം സ്വീകരിച്ച ഇര്‍വിങ് തുടര്‍ന്ന് ഒരു ഗവേഷണ ഫെലോഷിപ്പോടെ ഇറാഖിലെ ബാഗ്ദാദിലെത്തി. 1956-1957ലെ സൂയസ് യുദ്ധകാലത്തായിരുന്നു അത്. അവിടെ വെച്ച് തഖിയുദ്ദീന്‍ ഹിലാലി എന്ന മൊറോക്കന്‍ ഇസ്‌ലാമിക പണ്ഡിതനെ പരിചയപ്പെടുകയും അദ്ദേഹത്തില്‍ നിന്ന്‌ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ചെയ്തു. ആദ്യമായി വടക്കനമേരിക്കന്‍ ഇംഗ്ലീഷില്‍ ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കി (1985). അമേരിക്കന്‍ ഇംഗീഷില്‍ തയ്യാറാക്കിയ ആദ്യ ഖുര്‍ആന്‍ (The Qur'an: First American Version) പരിഭാഷയായിരുന്നു അത്. 1957 ല്‍ ഹിലാലിയോടൊത്ത് ഹജ്ജ് നിര്‍വഹിച്ചു. അമേരിക്കയിലെ മിനിസോട്ട യൂണിവേഴ്‌സിറ്റിയില്‍ റോമാന്‍സ് ഭാഷകളുടെ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായും നോക്‌സ് വില്ലിലെ ടെസി യൂണിവേഴ്‌സിറ്റിയില്‍ റൊമാന്‍സ് ഭാഷകളുടെ പ്രൊഫസഫായും ഇര്‍വിങ് പ്രവര്‍ത്തിച്ചു.

മുഹമ്മദിനെ പ്രവാചനായി അംഗീകരിക്കുന്നതിനുള്ള മൂന്ന് കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നു. ക്രൈസ്തവ മതം പൗരോഹിത്യത്തിലേക്ക് വഴിമാറുകയും ഏക ദൈവത്തില്‍ നിന്ന് അകലുകയും ചെയ്തപ്പോള്‍ ഒരു പ്രവാചകന്റെ ആഗമനം അനിവാര്യമായിരുന്നു. ഇര്‍വിങിന്റെ സ്വതന്ത്രമായ പഠനങ്ങള്‍ ഇക്കാര്യത്തെ സ്ഥിരീകരിച്ചു. ഇസ്‌ലാമിക അധ്യാപനങ്ങളുടെ വിശുദ്ധ ഭാവവും അദ്ദേഹത്തെ സ്വാധീനിച്ചു.

ഇസ്‌ലാം ആശ്ലേഷിച്ച ശേഷം തഅ്‌ലീം അലി എന്ന പേര് സ്വീകരിച്ച ഇര്‍വിങ് ബര്‍കലിയില്‍ സ്പാനിഷ് ഇന്‍സട്രക്ടര്‍, റോയല്‍ കനേഡിയന്‍ നേവല്‍ വളണ്ടിയര്‍ റിസര്‍വില്‍ ലെഫ്റ്റനന്റ്, കൊളംബിയയിലെ കൊളീജിയോ നൂവ ഗ്രാനഡയുടെ ഡയറക്ടര്‍, മിനിസോട്ട സര്‍വകലാശാലയില്‍ സ്പാനിഷിന്റെയും അറബിയുടെയും പ്രഫസര്‍, ബാഗ്ദാദില്‍ ഫുള്‍ബ്രൈറ്റ് ഗ്രാന്റോടെ ഗവേഷകന്‍, ടെക്‌സാസ് സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍, ഗ്വല്‍ഫ് സര്‍വകലാശാലയിലും ടെനസി സര്‍വകലാശാലയിലും സ്പാനിഷ് ഭാഷാ പ്രൊഫസര്‍, ടെനസി സര്‍വകലാശാലയില്‍ ടെനസി എമിററ്റ്‌സ്, ചിക്കാഗോ അമേരിക്കന്‍ ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പിന്റെ ട്രസ്റ്റി എന്നീ പദവികള്‍ വഹിച്ചി'ട്ടുണ്ട്. മിസോട്ട, ടെക്‌സാസ്, ടെനസി എന്നീ സര്‍വകലാശാലകളില്‍ അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡിപാര്‍ട്‌മെന്റ് സ്ഥാപിച്ചതും ഇര്‍വിങാണ്. അല്‍ഷിമേഴ്‌സ് ബാധിച്ച് 2002 സെപ്തംബര്‍ 24 ന് അന്തരിച്ചു.

അമേരിക്കയിലെ ആദ്യ ഖുര്‍ആന്‍ പരിഭാഷക്ക് പുറമേ ഫാല്‍ക്ക ഓഫ് സ്‌പെയിന്‍ (അബ്ദുറഹ്മാനിദ്ദാഖിലിയുടെ ജീവചരിത്രം), എ ന്യൂ പില്ലാര്‍ ഓഫ് ഇസ്‌ലാം (ഫ്രഞ്ച് ഭരണത്തിലെ മൊറോക്കോയെ കുറിച്ച്), അറബ് തോട്ട് ഇന്‍ സ്‌പെയിന്‍ (തോമസ് അക്വിനാസിന്റെ പ്രചോദനം ഇബ്‌നുറുഷ്ദാണെന്ന്‌ സ്ഥാപിക്കുന്നു), ഗുഡ് നൈബേഴ്‌സ് വിത്ത് ഇസ്‌ലാം (അറബികളോടുള്ള ഫ്രഞ്ചുകാരുടെ തെറ്റായ സമീപനത്തെ തുറന്നു കാട്ടുന്നു) എന്നിവ പ്രധാന കൃതികളാണ്. അറബികളുടെ നഷ്ട സ്വര്‍ഗത്തെ പറ്റിയും മുസ്‌ലിം ക്രൈസ്തവ ഐക്യം, പാശ്ചാത്യരുടെ മുസ്‌ലിം വിരോധം തുടങ്ങിയവയെയും പറ്റിയുള്ള അനേകം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാര്യ ഡോ. ഉര്‍ഹാന്‍ ഇര്‍വിങ്.