മുഹമ്മദ് മെര്‍മഡ്യൂക് പിക്താള്‍

Aug 24 - 2013
Quick Info

ജനനം : 1875 ഏപ്രില്‍ 7, ലണ്ടന്‍
ഇസ്‌ലാമാശ്ലേഷണം : 1917 നവംബര്‍ 29
മരണം : 1936 മെയ് 19,

Best Known for

യൂറോപ്യന്‍ ചിന്തകന്‍, നോവലിസ്റ്റ്, പത്രാധിപര്‍, സഞ്ചാരി. ഖുര്‍ആനിന്റെ പ്രഥമ ഇംഗ്ലീഷ് വിവര്‍ത്തകന്‍. കേരളത്തില്‍ നടന്ന ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്ത പാശ്ചാത്യന്‍.

യൂറോപ്പില്‍ നിന്നും ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന് ലഭിച്ച മികച്ച സംഭാവനയാണ് മുഹമ്മദ് മെര്‍മഡ്യൂക് പിക്താള്‍. ലണ്ടനിലെ ഒരു ക്രൈസ്തവ പുരോഹിത കുടുംബത്തില്‍ 1875 ലാണ് പിക്താള്‍ ജനിച്ചത്. പിതാവ് ഒരാംഗ്ലിക്കന്‍ പാതിരി. സഫോള്‍ക്കിലാണദ്ദേഹം വളര്‍ന്നത്. ഹാരോവില്‍ സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ സമകാലികനായിരുന്നു.

നയതന്ത്രജ്ഞനാവണമൊയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ഇത് അസാധ്യമായപ്പോള്‍ പഠനവും രചനയും യാത്രയും തെരഞ്ഞെടുത്തു. മുഹമ്മദ് അസദിനെ പോലെ പൗരസ്ത്യനാടുകളാണദ്ദേഹം ഇഷ്ടപ്പെട്ടത്. 1994-96 കാലത്ത് ഫലസ്തീനിലും ലബനാനിലും സിറിയയിലും കഴിച്ചു കൂട്ടി. പിന്നീട് തുര്‍ക്കിയും ബാള്‍ക്കന്‍ പ്രദേശങ്ങളും സന്ദര്‍ശിച്ചു. അറബി ഭാഷയിലെ പരിജ്ഞാനവും മുസ്‌ലിം നാടുകളുമായുള്ള ബന്ധവും പിക്താളിനെ ഇസ്‌ലാമിലേക്കാകര്‍ഷിപ്പിച്ചു.

ഖുര്‍ആനിന് കാവ്യത്മകമായ ഇംഗ്ലീഷ് വിവര്‍ത്തനം നല്‍കിയതിലൂടെ പ്രസിദ്ധനായ ഒരു പാശ്ചാത്യ പണ്ഡിതനാണ് മര്‍മഡ്യൂക് പിക്താള്‍. ഡി.എച്. ലോറന്‍സ്, എച്.ജി. വെല്‍സ്, ഇ.എം. ഫോര്‍സ്റ്റര്‍ എന്നിവരുടെയെല്ലാം ആദരം നേടിയ ഒരു നോവലിസ്റ്റ് കൂടിയായിരുന്നു പിക്താള്‍. പത്രപ്രവര്‍ത്തകന്‍, പ്രധാന അദ്ധ്യാപകന്‍, മത രാഷ്ട്രീയ നേതാവ് എന്നീ രംഗങ്ങളിലും അദ്ദേഹം സേവനമര്‍പ്പിച്ചു. വര്‍ക്കിംഗ് മുസ്‌ലിം മിഷന്‍ എന്ന സംഘടനയുടെ സേവനത്തിലും അദ്ദേഹം പങ്കുവഹിച്ചു. 1917 നവംബര്‍ 29 ന് പടിഞാറന്‍ ലണ്ടനിലെ നോട്ടിംഗ് ഹില്ലില്‍ വെച്ച് 'മുസ്‌ലിം ലിറ്റററി സൊസൈറ്റി' സംഘടിപ്പിച്ച ഒരു പരിപാടിയിലെ 'ഇസ്‌ലാമും പുരോഗതിയും' എന്ന തലക്കെട്ടിലുള്ള ഒരു പ്രഭാഷണത്തിനൊടുവില്‍ വളരെ നാടകീയമായ രീതിയിലായിരുന്നു പിക്താളിന്റെ ഇസ്‌ലാം  ആശ്ലേഷ പ്രഖ്യാപനം.

1920 ല്‍ അദ്ദേഹം ഇന്ത്യയിലെത്തി. 15 വര്‍ഷം ഹൈദരാബാദില്‍ താമസിച്ചു. പത്രപ്രവര്‍ത്തകനായും മുസ്‌ലിം സ്‌കൂള്‍ പ്രിന്‍സിപ്പാളായും ഹൈദരാബാദ് നിസാമിന്റെ ഉപദേശകനായും ഇക്കാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ചു. നിസാം സ്ഥാപിച്ച ഇസ്‌ലാമിക് കള്‍ച്ചറിന്റെ പത്രാധിപരുമായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്‌ലിം ഐക്യസംഘത്തിന്റെ മലപ്പുറം സമ്മേളനത്തില്‍ മുഖ്യാതിഥിയായി. 1935 ല്‍ ലണ്ടനിലേക്ക് തിരിച്ച അദ്ദേഹം 1936 മെയ് 19 ന് ഇഹലോകവാസം വെടിഞ്ഞു.