ഡോ. ഹസന്‍ ഹനഫി

Aug 24 - 2013
Quick Info

ജനനം : 1953, കൈറോ
രാജ്യം : ഈജിപ്ത്
ആശയം : ഇസ്‌ലാമിക ഇടതുപക്ഷം
താല്പര്യമേഖല : തത്വശാസ്ത്രം

Best Known for

ഈജിപ്ത്യന്‍ ഇസ്‌ലാമിക ചിന്തകന്‍. പാശ്ചാത്യന്‍ കലാലയങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഹനഫി കൈറോ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി പ്രൊഫസര്‍. 'ഇസ്‌ലാമിക്‌ ലെഫ്റ്റി'ന്റെ വക്താവ്.

1953 ല്‍ ഈജിപ്തില്‍ ജനനം. പരമ്പരാഗത ഇസ്‌ലാമിക പണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്ഥമായി ഇസ്‌ലാമിന്റെ വിമോചനാശയങ്ങളെ തന്റെ ജ്ഞാനാന്വേഷണങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ചിന്തകനാണ് ഹസന്‍ ഹനഫി. സ്വതന്ത്രമായ ഇസ്‌ലാമിക ചിന്തകള്‍ അവതരിപ്പിച്ചതിലൂടെ മുസ്‌ലിം മതേതരവാദികളും മുസ്‌ലിം യാഥാസ്ഥികരും അദ്ദേഹത്തെ സ്വീകരിച്ചില്ല. ഇസ്‌ലാമിന്റെ ദൈവശാസ്ത്രത്തിന് വിമോചന മാനങ്ങള്‍ നല്‍കുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ പ്രായോഗിക വ്യാഖ്യാനങ്ങളെ ബലപ്പെടുത്തുന്നുവെന്നതില്‍ സംശയമില്ല. അതേ സമയം ഭരണരംഗത്ത് നേതാക്കള്‍ക്കുണ്ടായ പാളിച്ചകളും വ്യാപകമായ അഴിമതിയും വ്യവസ്ഥിതിക്കെതിരെ കലാപമുയര്‍ത്താനുള്ള വിപ്ലാഭിവാഞ്ജ ജനങ്ങളില്‍ ജനിപ്പിക്കുകയും ചെയ്തു. അറബ് സോഷ്യലിസത്തെ ഇസ്‌ലാമിക സോഷ്യലിസമായി അവതരിപ്പിച്ചപ്പോള്‍ ഇസ്‌ലാമിക ഇടതുപക്ഷം എന്ന ആശയമാണ് ഹനഫി സമര്‍പ്പിച്ചത്. ഇതാവെട്ട മതേതരരായ നാസറിസ്റ്റുകളും ഇസ്‌ലാമിക തീവ്രവാദികളും എതിര്‍ത്തു. ഇഖ്‌വാനുല്‍ മുസ്‌ലിമീനിലും ഹസന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ്, മൗലാനാ മൗദൂദി, അലിമിയാന്‍, മുഹമ്മദുല്‍ ഗസ്സാലി എന്നിവര്‍ അദ്ദേഹത്ത സ്വാധീനിച്ചവരില്‍ പ്രമുഖരാണ്. 1956 ല്‍ അദ്ദേഹം പാരീസിലേക്ക് പോയി. സോര്‍ബോ സര്‍വകലാശാലയിലെ ഫിലോസഫി പ്രൊഫസര്‍ ഷ്വാങ് ഗീറ്റോ അദ്ദേഹത്തിന്റെ അക്കാദമിക വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിച്ചു. വത്തിക്കാന്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ 1964 ല്‍ റോമില്‍ ചേന്നര്‍പ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ഗ്വീറ്റോ മുഖേനയാണ്. അവിടെ വെച്ച് അദ്ദേഹം പോള്‍മാര്‍പ്പാപ്പ ആറാമനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 1960ല്‍ അദ്ദേഹം നാട്ടിലേക്ക് തിരിച്ച് വരുകയും കൈറോ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി. 1971 ല്‍ ഹസന്‍ ഹനഫി ഫലഡെല്‍ഫിയയില്‍ ടെംപിള്‍ സര്‍വകലാശാലകളില്‍ പഠിപ്പിച്ചിട്ടുണ്ട്. 1985 - 1987 കാലത്ത് ടോക്യോവിലെ യുനൈറ്റഡ് നാഷന്‍സ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. തൊണ്ണൂറുകളില്‍ യാഥാസ്ഥിക വിഭാഗം അദ്ദേഹത്തെ യൂണിവേഴ്‌സിറ്റിയിയില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടു മുറവിളി കൂട്ടി.

ഈജിപ്തില്‍ ജനിച്ച ഹസന്‍ ഹനഫിയുടെ ധൈഷണിക വ്യക്തിത്വം രൂപപ്പെടുത്തുതിത് ഫ്രാന്‍സിലെ പഠനഗവേഷണങ്ങളാണ്. അദ്ദേഹം സൂയസിലെത്തിയത് ഒരു സഞ്ചിനിറയെ ഉണക്കറൊട്ടിയും കുറച്ചു പാല്‍ക്കട്ടിയും പത്തു ഈജിപ്ത്യന്‍ പൗണ്ടും ഒട്ടേറെ സ്വപ്നങ്ങളുമായാണ്. തത്വചിന്തകനും സംഗീതജ്ഞനുമായാ നാ'ട്ടില്‍ തിരിച്ചെത്താമൊയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പത്ത് കൊല്ലം കഴിഞ്ഞ് കൈറോ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം തിരിച്ചെത്തിയത് ഇസ്‌ലാമിക തത്വചിന്തകനും രാഷ്ട്രീയ ജീവിയുമായിട്ടാണ്. ആഗോള ഇസ്‌ലാമിക സമൂഹത്തിന്റെ ലോകവീക്ഷണത്തിലും സാമൂഹികഘടനയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്ന വിചാരവിപ്ലവങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ശരിയായ ബന്ധമൊണെദ്ദേഹം നിര്‍വ്വചിച്ചു. നിലവിലുള്ള അവസ്ഥയെ വിമര്‍ശിക്കുകയും ഇസ്‌ലാമിന് വേണ്ടി വിപ്ലവകരമായ ദൈവശാസ്ത്രം രൂപപ്പെടുത്തുകയുമാണദ്ദേഹം ചെയ്തത്.

ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ തീവ്രമായ സമീപനത്തിലൂടെ ഭരണകൂടത്തെ വെല്ലുവിളിക്കുതിന് പകരം ധൈഷണിക മേഖലകളില്‍ മാത്രം വ്യാപരിച്ചു. അതു കൊണ്ട് തന്നെ കനത്ത പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നില്ല. ഇസ്‌ലാമിക ഇടതുപക്ഷം എന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു.

കൃതികള്‍: അത്തുറാസ് വ തജ്ദീദ്, മുഖദ്ദിമ ഫീ ഇല്‍മില്‍ ഇസ്തിഗ്‌റാബ്, അദ്ദീനു വത്തൗറാ ഫീ മിസ്ര്‍ എന്നിവയാണ് അറബിയിലെ കൃതികള്‍. അല്‍ ഫിക്‌റുല്‍ മുആസിര്‍, അല്‍ കിതാബ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്നു. മറ്റു പല കൃതികളും പ്രസിദ്ധീകരിച്ചത് ഫ്രഞ്ച് ഭാഷയിലായിരുന്നു.