ശൈഖ് മുഹമ്മദ് അല്‍ ഉസൈമീന്‍

Aug 26 - 2013
Quick Info

മുഴവന്‍ നാമം : Sheikh Abu 'Abd Allah Muhammad ibn Saalih ibn Muhammad ibn al-Uthaymeen at-Tamimi
ജനനം : 1925 മാര്‍ച്ച് 9
ഗവേഷക മേഖല : ഇസ്‌ലാമിക കര്‍മ്മശാസ്ത്രം
മദ്ഹബ് : ഹന്‍ബലി
മരണം : 2001 ജനുവരി 5

Best Known for

സുഊദി അറേബ്യയിലെ ഉന്നത മതപണ്ഡിതന്‍ ലോക പണ്ഡിതനിരയില്‍ ഗണനീയവുമായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍.

സുഊദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ 1925 മാര്‍ച്ച് 9 (ഹി: 1347 റമദാന്‍ 27) ന് ജനനം. മതാഭിമുഖ്യമുള്ള കുടുംബത്തില്‍ പിറന്ന ശൈഖ് അവര്‍കള്‍ പിതാമഹന്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ സുലൈമാന്‍ ഹാമിശിയില്‍ നിന്നാണ് മതപഠനം നടത്തിയത്. ബുദ്ധി വൈഭവവും നിരീക്ഷണപാടവവും തെളിഞ്ഞ ഓര്‍മ്മശക്തിയും കൊണ്ടനുഗ്രഹീതനായ അദ്ദേഹം പഠന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ നാസ്വിര്‍ അസ്സഅ്ദിയുടെ ശിഷ്യത്വമാണ് അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത്. ഇബ്‌നുബാസിന്റെ ശിഷ്യന്‍ കൂടിയായ ഉസൈമീന്‍ പില്‍ക്കാലത്ത് ഗുരുവിനോളം തന്നെ പ്രശസ്തനായിത്തീര്‍ന്നു.

ശൈഖ് സഅ്ദിയുടെ വിയോഗാനന്തരം ഉനൈസയിലെ പുരാതന പള്ളിയില്‍ ഉസൈമീന്‍ ജോലി ഏറ്റെടുത്തു. ജാമിഉല്‍ കബീര്‍ എന്ന പള്ളിയായിരുന്നു അദ്ദേഹത്തിന്റെ പണ്ഡിതജീവിതത്തിന്റെ തട്ടകം. സ്വദേശികളും വിദേശികളും പഠിക്കാനും ഫത്‌വതേടിയും ഇവിടെ എത്തി. ഭരണതലത്തിലെ ഔദ്വേഗിക സ്ഥാനത്തില്‍ നിന്ന് മാറിനിന്ന് ലളിതവും സാധാരണവുമായ ജീവിതം നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ശിഷന്‍മാര്‍ അദ്ദേഹത്തിനുണ്ട്. സുഊദിയിലെ പണ്ഡിത ചര്‍ച്ചകളിലും ഫിഖ്ഹ് കൗസിലിലും ഉസൈമീന്റെ സാന്നിദ്ധ്യം വിലപ്പെട്ടതായിരുന്നു.

നിരവധി വാള്യങ്ങളുള്ള ശറഹു രിയാദുസ്സ്വാലിഹീന്‍ തുടങ്ങി ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, എന്നീ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. അദ്ദിമാഉത്ത്വബീഇയ്യ ലിന്നിസാഅ് എന്ന കൃതിയും മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിന്റെ കിതാബു തൗഹീദിന് നല്‍കപ്പെട്ട വ്യാഖ്യാനവും പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ഫത്‌വകളുടെ സമാഹാരമാണ് ഫിഖ്ഹുല്‍ ഇബാദ. തന്റെ ഖുതുബാ സമാഹാരമുള്‍പ്പെടെ നൂറോളം കൃതികള്‍ അദ്ദേഹത്തിനായിട്ടുണ്ട്.

രിയാദ് അല്‍ഇമാം ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅയില്‍ ബിരുദം നേടിയ ഉസൈമീന്‍ ക്വസീമിലെ ഇമാം മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഖിസ്മുല്‍ അഖീദയുടെ തലവനായിരുന്നു. ഹിജ്‌റ 1414 ല്‍ ഫൈസല്‍ അവാര്‍ഡു നേടി. 74 ാം വയസ്സില്‍ നിര്യാതനാകുമ്പോള്‍ അദ്ദേഹം പണ്ഡിത ശ്രേഷ്ഠരുടെ മുന്‍നിരയിലായിരുന്നു.