ഇഅ്‌ജാസ് അഹ്മദ് അസ്‌ലം

Aug 26 - 2013
Quick Info

ജനനം : 1943 ഏപ്രില്‍ 17
പ്രസ്ഥാനം : ജമാഅത്തെ ഇസ്‌ലാമി

Best Known for

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമി പണ്ഡിതനും ഗവേഷകനും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി. ഇന്ത്യയിലെ മുസ്‌ലിം പൊതുവേദിയായ മര്‍കസി മജ്‌ലിസെ ശൂറയില്‍ അംഗം. ഡല്‍ഹിയില്‍ നിന്നും പുറത്തിറക്കുന്ന റേഡിയന്‍സ് വ്യൂസ് വീക്കിലിയുടെ പത്രാധിപര്‍.

1943 ഏപ്രില്‍ 17ന് ബാംഗ്ലൂരില്‍ ജനനം. പിതാവ്. സി.എ മുഹമ്മദ് ഇസ്‌മാഈല്‍. മാതാവ് ഫാത്വിമതുസ്സഹ്‌റാ. 1968-ല്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. ഉറുദു, അറബിക്, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളറിയാം. 1969 മുതല്‍ 1971 വരെ ഇംഗ്ലീഷ് ലക്ചററായി സേവനമനുഷ്ഠിച്ചു. ചെറുപ്പം മുതല്‍ക്കേ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടുപോന്നു. 1977 മുതല്‍ 1990 വരെ ജമാഅത്തെ ഇസ്‌ലാമി തമിഴ്‌നാട് ഹല്‍ഖാ അമീറായിരുന്നു. 1990 മുതല്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറിയാണ്. ജമാഅത്ത് കേന്ദ്ര ശൂറയിലും അംഗമാണ്.

മികച്ച സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഇഅ്ജാസ് അസ്‌ലം വെല്ലൂര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റും വാണിയമ്പാടി ഇസ്‌ലാമി ബൈത്തുല്‍മാലിന്റെ സെക്രട്ടറിയുമാണ്. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത് അമേരിക്ക (ഇസ്‌ന), ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത് അമേരിക്ക (ഇക്‌ന), യു.കെ. ഇസ്‌ലാമിക് മിഷന്‍ എന്നിവയുടെ വാര്‍ഷിക സമ്മേളനങ്ങളിലും സൈപ്രസിനെക്കുറിച്ച് ഇസ്തംബൂളില്‍ ചേര്‍ന്ന അന്താരാഷ്ട്ര സെമിനാറിലും പങ്കെടുത്തിട്ടുണ്ട്.

ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ലെയ്സ്റ്റര്‍ (യു.കെ), വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (രിയാദ്), ഇസ്‌ലാമിക് കൗണ്‍സില്‍ (ലണ്ടന്‍), ബംഗ്ലാദേശ് ഇസ്‌ലാമി ബാങ്ക് (ദാക്ക), ഇസ്‌ലാമിക് ചാരിറ്റബിള്‍ ഓര്‍ഗന്‍ (കുവൈത്ത്) എന്നീ സംഘടനകളും സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുണ്ട്.

നല്ല വായനക്കാരനായ ഇഅ്ജാസ് അസ്‌ലം മുസ്‌ലിം ലോകത്തിലെ പണ്ഡിതന്മാരും ബുദ്ധിജീവികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതിലും വൈജ്ഞാനികരംഗത്തെ പുതിയ ചലനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള അറിവുകള്‍ അപ്പപ്പോള്‍ സമ്പാദിക്കുന്നതിലും അതീവ തല്‍പരനാണ്.

അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, തുര്‍ക്കി, സുഡാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, സുഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഭാര്യ ഖുര്‍ശിദ് ജഹാന്‍. ഏഴ് പുത്രിമാരും രണ്ട് പുത്രന്മാരുമുണ്ട്. പ്രമുഖ പത്രപ്രവര്‍ത്തകനായ എം.എ. സിറാജ് (ബാംഗ്ലൂര്‍) സഹോദരനാണ്.