ഖുര്‍റം മുറാദ്

Aug 26 - 2013
Quick Info

ജനനം : 1932 നവംബര്‍ 3
രാജ്യം : പാകിസ്താന്‍
മരണം : 1996 ഡിസംബര്‍ 19

Best Known for

ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഖുര്‍റം മുറാദ്. പാക് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവായിരുന്ന അദ്ദേഹം 1977-85 കാലഘട്ടത്തില്‍ യു.കെ.യിലെ ദ ഇസ്‌ലാമിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.

1932 നവംബര്‍ 3 ന് അവിഭക്ത ഇന്ത്യയിലെ ഭോപ്പാലില്‍ ജനനം. ഭോപാല്‍ ഹമീദിയാ കോളേജില്‍നിന്ന് ബിരുദ പഠനം. വിഭജനാനന്തരം 1948ല്‍ പാകിസ്താനില്‍ കുടിയേറി. കറാച്ചിയിലെ എം.ഡി. കോളേജില്‍നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം. അമേരിക്കയിലെ മിനസോട്ടാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഉതന്നറാങ്കോടെ എം.എസ്.സി. എഞ്ചിനീയറെന്ന നിലക്ക് മക്കയിലെ മസ്ജിദുല്‍ ഹറമിന്റേതടക്കം നിരവധി നിര്‍മാണ ജോലികളില്‍ പങ്കാളിയായി. ബംഗ്ലാദേശ് വിമോചന സമരത്തെ തുടര്‍ന്ന് 1971ല്‍ യുദ്ധത്തടവുകാരനായി ഇന്ത്യയില്‍ പീഡിപ്പിക്കപ്പെട്ടു. 1974ല്‍ ജയില്‍ മോചിതനായി. 1996 ഡിസംബര്‍ 19 വ്യാഴാഴ്ച മരിക്കുമ്പോള്‍ പാക് ജമാഅത്തിന്റെ അസി. അമീറായിരുന്നു. തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയുടെയും മുസ്‌ലിം വേള്‍ഡ് ബുക്‌റിവ്യൂവിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1951ല്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിവിഭാഗമായ ജംഇയ്യത്തുത്ത്വലബയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1963-70 കാലയളവില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ധാക്ക അമീറായും 1987-89 ല്‍ കാലയളവില്‍ ലാഹോര്‍ അമീറും 1963 ല്‍ കേന്ദ്ര ശൂറ അംഗവുമായി. മരണപ്പെടുമ്പോള്‍ പാക് ജമാഅത്തെ ഇസ്‌ലാമിയുടെ അസി:അമീറുമാരിലൊരാളായിരുന്നു.

ചെറുതും വലുതുമായ 112 പുസ്തകങ്ങള്‍ ഉറുദുവിലും 20 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും അദ്ദേഹം രചിച്ചു. മലയാളത്തിലടക്കം നിരവധി ഭാഷയിലേക്ക് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. Early Hours ('പുലര്‍കാല യാമങ്ങളില്‍'), വസിയ്യത്, ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പരസ്പര ബന്ധങ്ങള്‍, ഖുര്‍ആനിലേക്കുള്ള പാത എന്നീ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് ഐ.പി.എച്ച്. മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചു.
l