മുഹമ്മദ് റശീദ് രിദ

Aug 26 - 2013
Quick Info

ജനനം : 1865 സെപ്തംബര്‍ 23, സിറിയ
മരണം : 1935 ഓഗസ്ത് 22, ഈജിപ്ത്

Best Known for

പ്രഗല്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനായിരുന്നു മുഹമ്മദ് റശീദ്. ഖുര്‍ആന്‍ വ്യാഖ്യാതാവും നിയമവിദ്ഗ്ദനുമായിരുന്ന റശീദ് രിദ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ നവോദ്ധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

1865 സെപ്തംബര്‍ 23 ന് ഒട്ടോമന്‍ സിറിയയിലാണ് റശീദ് രിദ ജനിച്ചത്. പാരമ്പര്യ ഇസ്‌ലാമിക വിഷയങ്ങളില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം 1884-85 കാലത്ത് മുഹമ്മദ് അബ്ദുവും ജമാലുദ്ദീന്‍ അഫ്ഗാനിയും നടത്തിയിരുന്ന 'അല്‍ ഉര്‍വഅല്‍ വുത്ഖ' എന്ന പ്രസിദ്ധീകരണവുമായി ആദ്യമായി പരിചയപ്പെട്ടു. 1897 ല്‍ സിറിയയില്‍ നിന്ന് കൈറൊയിലേക്ക് പോയി അവിടെ മുഹമ്മദ് അബ്ദുവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചു. അടുത്ത വര്‍ഷം തന്നെ 'അല്‍മനാര്‍' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.

ഖുര്‍ആന്റെ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഈ പ്രസിദ്ധീകരണം ആദ്യം ആഴ്ചപ്പതിപ്പായും ശേഷം മാസികയായും പ്രസിദ്ധീകരിച്ചു . 1935 ല്‍ തന്റെ മരണം വരെ റശീദ് രിദ അല്‍മനാറില്‍ തുടര്‍ന്നു. തന്റെ മുന്‍ഗാമികളെ പോലെ തന്നെ റശീദ് രിദയും മുസ്‌ലിം സമൂഹത്തിലെ ദൗര്‍ബല്യങ്ങളായ പാശ്ചാത്യ കോളനിവത്കരണം, സൂഫിസത്തിന്റെ അമിത കടന്നുകയറ്റം, അന്ധമായ അനുകരണം, പണ്ഡിതന്മാരുടെ നിര്‍ജീവത, ശാസ്ത്രസാങ്കേതിക രംഗത്ത് മുസ്‌ലിംകളുടെ പുരോഗതിയുടെ അഭാവംമൂലം ഉണ്ടായ പരാജയം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്.