ശൈഖ് അഹമദ് യാസീന്‍

Aug 26 - 2013
Quick Info

ജനനം : 1936
മരണം : 2004 മാര്‍ച്ച്‌ 22

Best Known for

ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിന്റെ സ്ഥാപകന്‍.

ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിന്റെ സ്ഥാപകനും ഇന്‍തിഫാദയുടെ സൂത്രധാരകരിലൊരാളുമായ അഹ്മദ് യാസീന് ഗസ്സ പട്ടണത്തിന് 20 കി.മി. അകലെ സ്ഥിതിചെയ്യുന്ന അല്‍ജൗവ ഗ്രാമത്തില്‍ 1936ല്‍ ജനിച്ചു. ദരിദ്രകുടുബത്തിലെ നാല് ആണ്‍മക്കളില്‍ മൂന്നാമനായ യാസീന്ന് മൂന്നു വയസുളളപ്പോള്‍ പിതാവ് മരിച്ചു. ഗസ്സയിലെ ഇമാം ശാഫീഈ മദ്രസയില്‍ നിന്നും അഭയാര്‍ഥി സ്‌കൂളില്‍ നിന്നുമായിരുന്നു അഹ്മദ് യാസീന്റെ പ്രാഥമിക പഠനം. 1958 മെട്ട്രികുലേഷന്‍ പാസ്സായശേഷം ഉപരി പഠനത്തിന് കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അക്കാലത്ത് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിമൂലം കെയ്‌റോവിലെ പഠനം അവസാനിപ്പിച്ച അഹ്മദ് യാസീന്‍ പിന്നീട് സൈനികപരിശീലനത്തില്‍ ഏര്‍പെട്ടു. പരിശീലനത്തിനിടയില്‍ ഒരു മലഞ്ചെരുവില്‍ നിന്ന് വീണ് നട്ടെല്ലിനു ക്ഷതമേല്‍ക്കുകയും പരസഹായമില്ലാതെ നടക്കാന്‍ കഴിതാവുകയും ചെയ്തു.

ഈജിപ്തിലെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അഹ്മദ് യാസീന്‍ 1979ല്‍ തന്റെ സഹപ്രവര്‍ത്തകരെ സംഘടിപ്പിച്ച് അല്‍ മജ്മഉല്‍ ഇസ്‌ലാമി എന്ന സഘടന രൂപീകരിച്ചു. ജനങ്ങളെ ഇസ്‌ലാമിക മൂശയില്‍ വാര്‍ത്തെടുക്കയും ഖുദ്‌സിന്റെ വിമോചനത്തിനു വേണ്ടി അവരെ സന്നദ്ധരാക്കുയുംമായിരുന്നു സഘടനയുടെ ലക്ഷ്യം. 1987 ല്‍ ഡോ. അബ്ദുല്‍ അസീസ് റംകീസിയുമായി ചേര്‍ന്ന് ഹമാസ് എന്ന സഘടനക്ക് രൂപം നല്‍കി. ഫലസ്തീനും ബൈത്തുല്‍ മുഖദ്ദിസും മോചിപ്പിക്കുയാണ് ഹമാസിന്റെ ലക്ഷ്യം. ഖുദ്‌സിന്റെ വിമോചനത്തില്‍ വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറായിരുന്നില്ല.

ഭീകര പ്രവര്‍ത്തനവും കൊലപാതകവും ആരോപിച്ച് 1989 മെയ് മാസത്തില്‍ ശൈഖ് യാസീനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. വ്യാജമായ 15 കുറ്റാരോപണങ്ങളടങ്ങുന്ന ചാര്‍ജ്ഷീറ്റ് നല്‍കിയ പട്ടാളകോടതി അദ്ദേഹത്തിന് 15 വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. ഫലസ്ത്വീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങള്‍ക്ക് അനുകൂല സഹചര്യങ്ങള്‍ ഒരുക്കാനായി ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ അഭ്യര്‍ഥനമാനിച്ച് 1997 സെപ്തബര്‍ അവസാനത്തില്‍ അഹ്മദ് യാസീനെ മോചിപ്പിച്ചു.

നട്ടെല്ലിനു കേടുസംഭവിച്ചിതിനുപുറമെ ശരീരം മുഴുവന്‍ തളര്‍ച്ചബാധിച്ച ശൈഖ് ചക്രകസേരയിലാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും എന്നും ഇസ്രായീല്‍ ഭയപ്പെട്ടിരുന്നു. പലതവണ അദ്ദേഹത്തിനെതിരില്‍ വധശ്രമം നടന്നു. അവസാനം 2004 മാര്‍ച്ച് 22ന് സുബ്ഹ്‌ നമസ്‌കാരത്തിനായി പുറപ്പെട്ട അഹ്മദ് യാസീനെ ഇസ്രയേല്‍ സൈന്യം മിസൈല്‍ അയച്ച് കൊലപ്പെടുത്തി.