മുഹമ്മദ് മുര്‍സി

Jun 26 - 2012
Quick Info

മുഴുവന്‍ പേര്: മുഹമ്മദ് മുര്‍സി ഈസാ അല്‍-അയ്യാത്വ്‌
രാജ്യം : ഈജിപ്ത്
സ്ഥാനം: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട്
പാര്‍ട്ടി: ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി

Best Known for

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുസ്‌ലിം ബ്രദര്‍ഹുഡിന് കീഴില്‍ രൂപീകരിച്ച ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്‍മാനും ഈജിപ്തിന്റെ നിയുക്ത പ്രസിഡണ്ടുമാണ് മുഹമ്മദ് മുര്‍സി. ഈജിപ്തില്‍ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയാണ്. 2012 ജൂണ്‍ 24 ന് മുഹമ്മദ് മുര്‍സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

1951 ആഗസ്‌ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസാ അല്‍ അയ്യാത്തിന്റെ ജനനം. കൈറോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുര്‍സി 1982-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 178 നവംബര്‍ 30ന് നജ്‌ലാഅ് മഹ്മൂദിനെ വിവാഹം കഴിച്ചു. അഹ്മദ്, ശീമാഅ്, ഉസാമ, ഉമര്‍, അബ്ദുല്ല എന്നീ അഞ്ചു മക്കളുണ്ട്.

1985ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തില്‍ സജീവമാകുന്നതും. 2005 കാലത്ത് ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുര്‍സി ഇക്കാലയളവിനുള്ളില്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005ലെ ഇലക്ഷനില്‍ വളരെ വലിയ ഭൂരിപക്ഷത്തോടെ മുര്‍സി വിജയിക്കുകയുണ്ടായി. പക്ഷെ ഫലം അട്ടിമറിക്കപ്പെടുകയും പ്രതിയോഗി വിജയിച്ചതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 2011-ല്‍ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദര്‍ഹുഡിന്റെ നേതൃസഥാനത്തായിരുന്നു മുര്‍സി. മര്‍ദ്ദക ഭരണകൂടത്തിനെതിരെ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു മുര്‍സി. 2006ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെ തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നതിനാല്‍ അഞ്ഞൂറോളം വരുന്ന ഇഖ്‌വാനികളോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. 2011 ജനുവരി ഇരുപത്തഞ്ചിന് ആരംഭിച്ച വിപ്ലവത്തെ തുടര്‍ന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. കൂടെയുള്ളവരെ പുറത്ത് വിട്ടപ്പോള്‍ അദ്ദേഹം തന്നെ അറസ്റ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജയിലില്‍ തന്നെ കഴിയുകയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നില്‍നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രഥമ പ്രസിഡന്റായി.
അപ്രതീക്ഷിതമായാണ് മുര്‍സി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയുടെ മുഖ്യധാരയിലെത്തുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ ഉപകാര്യദര്‍ശിയുമായ ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത കല്‍പിച്ചതോടെയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മത്സരത്തിന്റെ ഒന്നാം നിരയിലെത്തുന്നത്. മുബാറക് ഭരണകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നകാരണത്താലായിരുന്നു ശാത്വിറിന് കമീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മുര്‍സിക്ക് രാജ്യത്തെ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂര്‍ണ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുര്‍സിക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു. 2012 ജൂണ്‍ 24 ന് ഈജ്പ്ഷ്യന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി മുഹമ്മദ് മുര്‍സി 51.7 ശതമാനം വോട്ട് കരസ്ഥമാക്കി വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി.

2013 ജൂലൈ 4-ന് ഈജിപ്തില്‍ പട്ടാളം നടത്തിയ അട്ടിമറിയിലൂടെ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട മുര്‍സി അധികാരഭ്രഷ്ടനാക്കപ്പെട്ടു.