ഡോ. ഹുസൈന്‍ മടവൂര്‍

Jun 27 - 2012
Quick Info

ജനനം 1956
സംഘടന : കേരള നദ്‌വതുല്‍ മുജാഹിദീന്‍

Best Known for

ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റിന്റെ സെക്രട്ടറിയും കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്കു സമീപം മടവൂര്‍ പുനത്തുംകുഴിയില്‍ പരേതനായ റിട്ട. അധ്യാപകന്‍ അബൂബക്കര്‍ കോയയുടെയും ഹലീമയുടെയും മകനായി 1956-ല്‍ ജനനം. മടവൂര്‍ എയുപി സ്‌കൂള്‍, കൊടുവള്ളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് 1977-ല്‍ ഒന്നാം റാങ്കോടെ അഫ്‌സലുല്‍ ഉലമാ ബിരുദം. 1980 - 85ല്‍ മക്ക ഉമ്മുല്‍ഖുറാ സര്‍വകലാശാലയില്‍നിന്ന് ഇസ്‌ലാമിക പഠനത്തില്‍ ഉന്നതബിരുദം. 1988-ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് അറബിക് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. 2004ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി.

അഫ്‌സലുല്‍ ഉലമാ ബിരുദം നേടിയ 1977ല്‍ തന്നെ കോഴിക്കോട് ജെഡിറ്റി ജൂനിയര്‍ അറബിക് കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായി. ആറു മാസത്തിനു ശേഷം മങ്ങാട് യുപി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ഒന്നര വര്‍ഷത്തിനു ശേഷം 1979-ല്‍ മാതൃസ്ഥാപനമായ ഫാറൂഖ് റൗളത്തുല്‍ഉലൂം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 1997 മുതല്‍ പ്രിന്‍സിപ്പല്‍.

1972-ല്‍ മുജാഹിദ് വിദ്യാര്‍ഥി സംഘടനാ (എം.എസ്.എം.) പ്രവര്‍ത്തകനായ ഇദ്ദേഹം പതിനെട്ടാം വയസ്സില്‍ എം.എസ്.എം. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി. 1977ല്‍ സംസ്ഥാന സെക്രട്ടറിയുമായി. മുജാഹിദ് യുവജന സംഘടനയായ ഐഎസ്എം സംസ്ഥാന പ്രസിഡന്റായി 1985-ല്‍ തിരഞ്ഞെടുക്കപ്പെട്ടു; ഒരു വ്യാഴവട്ടക്കാലം ഈ സ്ഥാനത്തു തുടര്‍ന്നു. മുജാഹിദ് ഉന്നത സംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായത് മുപ്പത്തിരണ്ടാം വയസ്സില്‍ (1988). 1997ല്‍ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിയായി. ഇതേവര്‍ഷം തന്നെ മുജാഹിദ് പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറിയായി. 2002-ല്‍ മുജാഹിദ് സംഘടനയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് നദ്‌വത്തുല്‍ മുജാഹിദീന്‍ (മടവൂര്‍ വിഭാഗം) ജനറല്‍ സെക്രട്ടറിയായി.

കേരള വഖഫ് ബോര്‍ഡ് അംഗവുമാണ്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മതപണ്ഡിതരുടെ യോഗത്തിലെ പ്രതിനിധിയുമായിരുന്നു. ഫാറൂഖ് കോളജ് റൗളത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പലായ ഹുസൈന്‍ മടവൂര്‍ കാലിക്കറ്റ് സര്‍വകലാശാല പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ്, എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമാണ്. കേരള അറബിക് കോളജ് പ്രിന്‍സിപ്പല്‍സ് ആന്‍ഡ് മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. കോഴിക്കോട്ടെ പ്രമുഖ മസ്ജിദ് ആയ പാളയം മൊയ്തീന്‍ പള്ളിയില്‍ 23 വര്‍ഷമായി ജുമുഅ ഖുതുബക്ക് നേതൃത്വം നല്‍കുന്നു

വിവാഹം 1979 ഡിസംബര്‍ 23-ന്. മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം വനിതാ അറബിക് കോളജ് ലക്ചറര്‍ സല്‍മയാണു ഭാര്യ. ജിഹാദ് (ബിസിനസ്), ജലാലുദ്ദീന്‍ (റൗളത്തൂല്‍ ഉലൂം അറബിക് കോളജ്), മുഹമ്മദ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി), അബ്ദുല്ല (ഹാഫിസ്), അബൂബക്കര്‍ എന്നിവര്‍ മക്കള്‍. ഫാറൂഖ് കോളജിലാണ് ഇപ്പോള്‍ സ്ഥിരതാമസം. അമേരിക്ക, ബ്രിട്ടന്‍, ഈജിപ്ത്, ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.