മഹല്ല് കാര്യക്ഷമമാക്കേണ്ട ബാധ്യത പണ്ഡിതന്മാര്‍ക്കും നേതാക്കന്മാര്‍ക്കുമാണ്

മുസ്‌ലിംകള്‍ എന്നും ഒരു മാതൃക സമൂഹമായിരിക്കല്‍ ഇസ്‌ലാമിന്റെ നിലനില്‍പിന്നും പുരോഗതിക്കും വളരെ അനിവാര്യമായ ഘടകമാണ്. ഇതിന്റെ പ്രധാന ബാധ്യത പണ്ഡിതലോകത്തിനാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് പണ്ഡിതന്മാര്‍ക്കും മുസ്‌ലിം നേതാക്കന്മാര്‍ക്കും സമൂഹത്തിന് ഉത്തമ മാതൃകയാകുന്നതില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും ആസൂത്രണത്തിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് മാതൃക മഹല്ലുകള്‍ രൂപപ്പെടുക. മിമ്പറുകള്‍ക്കും പള്ളികള്‍ക്കും മാതൃക സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുണ്ട്. എന്നാല്‍ നമ്മുടെ പള്ളികളും വേദികളും സ്വന്തമായൊന്നും സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ കഴിയാതെ  അപരരുടെ ന്യൂനതകളും പോരായ്മകളും പറഞ്ഞുകൊണ്ടിരിക്കുന്ന വേദികളായി മാറിയിരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും പള്ളികളില്‍ നിന്ന് മുസ്‌ലിം സമൂഹത്തിനാവശ്യമായതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ ഇമാമുമാര്‍ മഹല്ല് നിവാസികളിലേക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ട്.

ഇസ്‌ലാമിക സാഹിത്യങ്ങള്‍ സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കുകയും അവരെ ഇസ്‌ലാമിനെ കുറിച്ച് മതിപ്പുള്ളവരും ജ്ഞാനമുള്ളവരുമാക്കി മാറ്റണം. ആധുനിക കാലഘട്ടത്തില്‍ മുസ്‌ലിം സമൂഹം നേരിടുന്ന നൂതന പ്രശ്‌നങ്ങള്‍ക്ക് യുക്തിപൂര്‍വം മറുപടി നല്‍കാനും സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കാനും പണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്. വിവാഹ പ്രായമടക്കമുളള പല വിവാദ വിഷയങ്ങളിലും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതില്‍ നാം വേണ്ടത്ര വിജയിക്കാത്തതിനും പ്രധാന കാരണം ഇതു തന്നെയാണ്. എന്റെ സമൂഹത്തിലെ രണ്ടു വിഭാഗം ആളുകള്‍ നന്നായാല്‍ ജനം മുഴുവന്‍ നന്നായി. രണ്ടുവിഭാഗം ആളുകള്‍ മോശമായാല്‍ സമൂഹം മുഴുവന്‍ മോശമായി. അത് നേതൃത്വങ്ങളും(ഉമറാക്കള്‍) പണ്ഡിതന്മാരു(ഉലമാക്കള്‍)മാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചത് വളരെ ശ്രദ്ദേയമാണ്. ഇന്ന് മിക്ക മഹല്ലുകളുടെയും കൈകാര്യകര്‍ത്താക്കളും പണ്ഡിതന്മാരും തങ്ങളുടെ മേല്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങളെ കുറിച്ച് ബോധ്യമുള്ളവരല്ല, അല്ലെങ്കില്‍ ഫലപ്രദമായി അവ നിര്‍വഹിക്കുന്നില്ല എന്നതാണ് മഹല്ലുകളില്‍ വലിയ പ്രശ്‌നങ്ങള്‍ നടമാടാന്‍ കാരണം.

ഖുര്‍ആനില്‍ നിന്ന് അതിന്റെ വരികളും ഇസ്‌ലാമിന്റെ നാമങ്ങളും മാത്രം അവശേഷിക്കുന്ന ഒരു കാലത്തെ പറ്റി പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ ഒരു കാലമുണ്ട്. മനോഹരമായ പള്ളികളുണ്ടെങ്കിലും സമൂഹത്തിന് ആവശ്യമായ പ്രബോധനപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരിക്കുകയില്ല, അത്തരം സന്മാര്‍ഗത്തിന്റെ ഉദ്‌ബോധനങ്ങളില്‍ നിന്നും മുക്തമായിരിക്കും അവ എന്നും പ്രവാചകന്‍ താക്കീത് ചെയ്യുകയുണ്ടായി. തങ്ങളുടെ ദൗത്യം തിരിച്ചറിയാതെ സമൂഹത്തെ പിന്നോട്ടു നയിക്കുന്ന പണ്ഡിതന്മാരെ കുറിച്ച് ആകാശത്തിനു ചുവട്ടിലെ ഏറ്റവും നികൃഷ്ടന്മാര്‍ എന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ഇന്ന് നമ്മുടെ സമൂഹത്തിന് ഐക്യത്തോടെ മുന്നോട്ട് പോകുന്നതില്‍ പ്രധാന വിഘാതവും ഇത്തരം പണ്ഡിതന്മാരാണ് എന്ന് നമുക്ക് മനസ്സിലാക്കാം. സമൂഹത്തില്‍ ഭൂരിപക്ഷമാളുകളും യാഥാര്‍ഥ്യങ്ങളെ കുറിച്ച് അഞ്ജന്മാരായി കഴിയുന്നവരാണ്. അവരെ ആകര്‍ഷിക്കുകയും നന്മയുടെ പാന്ഥാവിലൂടെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ അത് വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തും.
അഭിപ്രായ ഭിന്നതകളും ശൈഥില്യങ്ങളും വിസ്മരിച്ചുകൊണ്ട് ഇസ്‌ലാമിന്റെ ഐശര്യത്തിനും പ്രതാപത്തിനുമായി നമുക്ക് ഐക്യത്തോടെ മുന്നേറുവാന്‍ സാധിക്കേണ്ടതുണ്ട്.

ചേരമാന്‍ മഹല്ല്
ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തിന് പ്രഥമമായി സാക്ഷ്യം വഹിച്ച മസ്ജിദാണ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്. ഹിജ്‌റ 70-ലാണ് മാലിക് ബിന്‍ ദീനാറും കൂട്ടരും ഇവിടെ എത്തുന്നത്. അതിനു മുമ്പ് ഹിജ്‌റ 5-ല്‍തന്നെ ചേരമാന്‍ മസ്ജിദ് സ്ഥാപിതമായിട്ടുണ്ട്. പ്രവാചകനെ കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്ത ചേരമാന്‍ പെരുമാള്‍ മക്കയില്‍ പോയി പ്രവാചകനെ കണ്ട് ഇസ്‌ലാം സ്വീകരിച്ചു തിരിച്ചുവരുന്ന സന്ദര്‍ഭത്തില്‍ സലാല കടപ്പുറത്ത് മരണപ്പെടുകയുണ്ടായി. അതിനു മുമ്പ് കേരളത്തിലേക്ക് വരുന്നവരുടെ കയ്യില്‍ രാജകുടുംബത്തിനുള്ള ഒരു കത്ത് അദ്ദേഹം ഏല്‍പിച്ചിരുന്നു. അതിലെ ഒരുപ്രധാന ആവശ്യമായിുന്ന കൊടുങ്ങല്ലൂരില്‍ ഒരു പള്ളി നിര്‍മിക്കല്‍. അതനുസരിച്ച് രാജകുടുംബം പള്ളി നിര്‍മിക്കുയാണ് ചെയ്തത്. പക്ഷെ കാലാന്തരത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ ചൈതന്യം നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവനകളൊന്നും അര്‍പിക്കാന്‍ നമുക്ക് കഴിഞ്ഞില്ല്. എന്നാല്‍ കഴിഞ്ഞ ഒന്നര പതിററാണ്ടായി മുസ്‌ലിംകളില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രദ്ദേയമായ പല സംരംഭങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. മഹല്ലിന് കീഴിലുള്ള ഒമ്പത് പള്ളികളിലും മദ്രസകളിലും മാസത്തില്‍ രണ്ടു തവണ ഖുര്‍ആന്‍ ക്ലാസ് നടക്കുന്നുണ്ട്. എസ് എസ് എല്‍ സി കഴിഞ്ഞ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ഥികള്‍ക്കായി എല്ലാ ഞായറാഴ്ചയും പ്രത്യേകമായ ക്ലാസുകളും ഗൈഡന്‍സും നല്‍കുന്നുണ്ട്. അതിന് വലിയ ഫലങ്ങളും ഉണ്ടായിട്ടുണ്ട്. മാസത്തിലൊരിക്കല്‍ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന യുവതീ യുവാക്കള്‍ക്കായി പ്രീ മാരിറ്റല്‍ കോഴ്‌സ് മഹല്ലിന്റെ കീഴില്‍ നല്‍കിവരുന്നുണ്ട്. നിര്‍ധനരായ ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങല്‍ നല്‍കി വരുന്നു. ദരിദ്രരായ യുവതികളുടെ വിവാഹത്തിനായി ഒരു ലക്ഷം രൂപവരെ സഹായം നല്‍കി വരുന്നു.  ഒരു കക്ഷിയോടും പ്രത്യേകമായി കൂറ് പുലര്‍ത്തുന്ന സ്വഭാവം ഈ മഹല്ലിന് ഇല്ല എന്നത് ഇതര മഹല്ലുകളില്‍ നിന്നും ഇതിനെ സവിശേഷമാക്കുന്ന ഒന്നാണ്. മഹല്ലിലെയും കമ്മിറ്റിയിലെയും മെമ്പര്‍മാര്‍ക്ക് വ്യത്യസ്തമായ ആശയങ്ങളുണ്ടെങ്കിലും മഹല്ലിന്റെ പ്രവര്‍ത്തനങ്ങളെ അതൊന്നും സ്വാധീനിക്കാറില്ല. മഹല്ല് കമ്മിറ്റിയുടെ അനുവാദത്തോടെ വ്യത്യസ്ത മതസംഘടനകളുടെ പരിപാടികള്‍ക്കും ഇതര മതസ്തരുടെ പരിപാടികളിലും ഞാന്‍ പങ്കെടുക്കാറുണ്ട്. ഇത്തരത്തില്‍ മാതൃകപരമായ ചില പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ചേരമാന്‍ ജുമാ മസ്ജിദിന് സാധിച്ചിട്ടുണ്ട് എന്നതും സവിശേഷമായ സംഗതിയാണ്.
 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics