മുഹമ്മദലി ക്ലേ

Jul 06 - 2012
Quick Info

പഴയപേര് : കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍
ജനനം: 1942 ജനുവരി 17
മരണം: 2016 ജൂണ്‍ 3
രാജ്യം: അമേരിക്ക
വെബ്‌സൈറ്റ് : www.muhammadali.com
അപരനാമം: ദ ഗ്രേറ്റസ്റ്റ്

Best Known for

പ്രശസ്തനായ ഒരു അമേരിക്കന്‍ ബോക്‌സര്‍ താരമായിരുന്ന ഇദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  മുഹമ്മദലി 1964-ല്‍ ഇസ്‌ലാമാശ്ലേഷിച്ചു.

അമേരിക്കയിലെ കെന്റുക്കിയിലുള്ള ലുയിസ്‌വില്ലിയില്‍ ക്രൈസ്തവ ഓര്‍ത്തഡോക്‌സ് കുടുബത്തില്‍ 1942 ജനുവരി 17 നാണ് മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്. മുഴുവന്‍ പേര് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍. കാഷ്യസ് മാര്‍സലസ് ക്ലേ സീനിയര്‍ എന്നാ ആളായിരുന്നു ക്ലേയുടെ പിതാവ്. പരസ്യ ബോര്‍ഡ് എഴുത്തായിരുന്നു അദ്ധേഹത്തിന്റെ ജോലി. ഒഡേസ ഗ്രേഡി ക്ലേ ആയിരുന്നു ക്ലേയുടെ മാതാവ്.

ക്ലേയുടെ കുട്ടിക്കാലത്ത് അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. 'വെള്ളക്കാര്‍ക്ക് മാത്രം' എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസില്ലും വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചു. പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിനു ക്ലേ കറുത്ത് നേടിയത് ഈ ജീവിത അനുഭവങ്ങളില്‍ നിന്നാണ്. ഇസ്‌ലാമിന്റെ വര്‍ണ്ണവിവേചനത്തിനെതിരായ മാനവിക മൂല്യങ്ങളില്‍ ആകൃഷ്ടനായി 1964- ല്‍ ഇസ്‌ലാമാശ്ലേഷിച്ചു.

1930-ല്‍ രൂപം കൊണ്ട, കറുത്ത വര്‍ഗക്കാരുടെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഇസ്‌ലാമിക പ്രസ്ഥാനമായ നാഷണല്‍ ഓഫ് ഇസ്‌ലാമില്‍ അംഗമായിരുന്നു. അലിജാ അലി ഇസ്സത്ത്, മാല്‍കം എക്‌സ്, ലൂയിസ് ഫര്‍റാഖാന്, വാരിസുദ്ദീന്‍ മുഹമ്മദ് എന്നിവരോടൊപ്പം ചേര്‍ന്ന് ഇസ്‌ലാമിക പ്രബോധക രംഗത്തും മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്തും മുഹമ്മദലി ക്ലേ സജീവമായിരുന്നു. 1975ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഏറെ വിവാദമായ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനപരമായി പെരുമാറുകയും വെള്ളക്കാര്‍ക്ക് മാത്രമെന്ന് പറഞ്ഞ് റെസ്‌റ്റോറന്റില്‍നിന്നും സേവനം അനുവദിക്കാതിരുന്നതിരുന്നപ്പോള്‍ തനിക്ക് ലഭിച്ച ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ഓഹിയോ നദിയില്‍ വലിച്ചെറിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

1954 ഒക്ടോബര്‍ മാസം. 12 വയസുള്ള ക്ലേ തന്റെ സൈകിളില്‍ സുഹൃത്തും ഒന്നിച്ച് കൊളംബിയ ഓടിറ്റൊരിയത്തില്‍ നടക്കുന്ന ലുയിസ് വില്ലി ഹോം ഷോ എന്നാ പ്രദര്‍ശനം കാണാന്‍ പുറപ്പെട്ടു. പ്രദര്‍ശന ഹാളില്‍ കറങ്ങി നടന്നു പുറത്തെത്തിയപ്പോള്‍ ക്ലേയുടെ സൈക്കിള്‍ കാണാനില്ല. ഒരു പോലീസുകാരനായ ജോ മാര്‍ട്ടിന്‍ അവിടെ അടുത്തുള്ള ജിംനേഷ്യത്തില്‍ ബോക്‌സിംഗ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു കൊടുത്തതനുസരിച്ച് ക്ലേ പരാതിയുമായി മാര്‍ട്ടിനെ സമീപിച്ചു. ക്ലേയുടെ കാണാതെ പോയ സൈക്കിള്‍ മാര്ട്ടിന് ഒരിക്കലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മറ്റൊന്ന് സംഭവിച്ചു, ജിംനേഷ്യത്തില്‍ ചേര്‍ന്ന് ബോക്‌സിംഗ് പരിശീലിക്കാന്‍ മാര്‍ട്ടിന്‍ ക്ലേയെ പ്രേരിപ്പിച്ചു. ക്ലേ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പരിശീലനം തുടങ്ങിയ ക്ലേ താമസിയാതെ തന്റെ ലോകം ബോക്‌സിങ്ങില്‍ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ച്‌ ആറാഴ്ച പിന്നിട്ടപ്പോള്‍ ക്ലേ ബോക്‌സിംഗ് റിങ്ങില്‍ തന്റെ ആദ്യ ജയം നേടി. പിന്നീട് തന്റെ മുഴുവന്‍ സമയവും ഊര്‍ജവും ക്ലേ ബോക്‌സിങ്ങിനായി മാറ്റിവച്ചു.

18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. കെന്റുക്കി ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1960-ല്‍ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലില്‍ എത്തി. മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956-ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കി ആയിരുന്നു ഫൈനലില്‍ എതിരാളി. എങ്കിലും മൂന്നാമത്തെ റൗണ്ടില്‍ തന്നെ ക്ലേ വിജയിച്ചു.

2012ലെ ലിബര്‍ട്ടി മെഡലിന് മുന്‍ ബോക്‌സിങ് ചാമ്പ്യന്‍ മുഹമ്മദലി ക്ലേ തെരെഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യം, ആത്മനിയന്ത്രണം, സമത്വം തുടങ്ങിയ അമേരിക്കന്‍ ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ പ്രായോഗികവല്‍കരിച്ച് ഉന്നത മാതൃക കാണിച്ച വ്യക്തിയാണ് മുഹമ്മദലി എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും നാഷണല്‍ കോണ്‍സ്റ്റിറ്റൂഷന്‍ സെന്റര്‍ ചെയര്‍മാനുമായ ബില്‍ ക്ലിന്റണ്‍ വ്യക്തമാക്കി. മുഹമ്മദലിയുടെ ജീവിതത്തില്‍ നീണ്ടു നിന്ന ധീരതയും സമര്‍പ്പണവുമാണ് അദ്ദേഹത്തെ ഇതിന് തെരെഞ്ഞെടുത്തിന് പിന്നിലെ പ്രധാന പ്രേരകമെന്ന് ലിബര്‍ട്ടി മെഡല്‍ പ്രായോജകര്‍ വ്യക്തമാക്കിയിരുന്നു.