സലഫികളുടെ ആത്മഹത്യാപരമായ ഒത്തുതീര്‍പ്പുകള്‍

ഈജിപ്തിലെ തീവ്രസലഫി വിഭാഗമായ നൂര്‍പാര്‍ട്ടിയുടെ രാഷ്ട്രീയ രംഗപ്രവേശനത്തെ കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ നാം ചര്‍ച്ച ചെയ്തു. മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കി, ഏറെ നാള്‍ കഴിയും മുമ്പെ, സ്വന്തം അസ്ഥിത്വത്തെപോലും ചോദ്യം ചെയ്യുന്നതടക്കമുള്ള ചില പ്രധാന വിട്ടുവീഴ്ചകള്‍ക്ക് നൂര്‍ പാര്‍ട്ടി നിര്‍ബന്ധിതരായി.

മരവിപ്പിച്ച ഭരണഘടനയുടെ ക്രോഡീകരണത്തിനുള്ള കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് നൂര്‍ പാര്‍ട്ടി ശഠിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത്, സുന്നി നിയമമനുസരിച്ചുള്ള ശരീഅ നിയമമായിരിക്കും രാജ്യത്ത് നടപ്പിലാക്കുക എന്ന ആര്‍ട്ടിക്കിള്‍ 219 ആയിരുന്നു. എന്നാല്‍, അല്‍ ബറാദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ വിജയിച്ച നൂറിന് പക്ഷേ ഇക്കാര്യത്തില്‍ വിജയിക്കാനായില്ല. പ്രസ്തുത ആര്‍ട്ടിക്കിള്‍ നീക്കം ചെയ്തു എന്നു മാത്രമല്ല, ശരീഅത്ത് നിയമങ്ങള്‍ രാജ്യത്തെ സുപ്രീ കോടതിയുടെ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്ന വ്യവസ്ഥയിന്മേലും നൂര്‍ പാര്‍ട്ടിക്കു സന്ധി ചെയ്യേണ്ടി വന്നു.

ആര്‍ട്ടിക്കിള്‍ 219 നീക്കം ചെയ്തത് ഭീകരമായ രാഷ്ട്രീയ ഒത്തുതീര്‍പ്പെയിരുന്നെങ്കിലും അതായിരുന്നില്ല ഏറ്റവും അപകടം പിടിച്ചത്. മതാടിസ്ഥാനത്തില്‍ രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുമെന്ന ആര്‍ട്ടിക്കിള്‍ സ്വാഗതം ചെയ്തത് പക്ഷേ, ആത്മഹത്യാരമായിപ്പോയി. മുബാറക്കിന്റെ ഫാസിസ്റ്റ് ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നിരോധനത്തെ ആദ്യം അപലപിച്ച മക്കിയൂന്‍ പക്ഷേ, കാര്യങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍, തങ്ങള്‍ മതാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കക്ഷികളല്ലെന്ന് വാഗ്വിലാസം കൊണ്ടു നിരോധനത്തെ ന്യായീകരിച്ചു.

സ്വന്തം പാര്‍ട്ടിയെ നിരോധിക്കാനുള്ള വകുപ്പുള്ള ഒരു ഭരണഘടനക്കനുകൂലമായി വോട്ടു ചെയ്യാന്‍ തീവ്ര സലഫി കക്ഷിക്കു സാധിച്ചെന്ന് പറയുന്നത് തീര്‍ച്ചയായു ഞെട്ടിക്കുന്നതാണ്. മറ്റു ലിബറല്‍ കക്ഷികളെ പോലെ തന്നെ, പട്ടാള പിന്തുണച്ചാല്‍ തങ്ങള്‍ക്ക് പുതിയ സര്‍ക്കാരിനു കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന ചിന്തയാണ് അവരെ വിവാദപരമായ വ്യവസ്ഥകളെ പോലും തങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ നൂര്‍ പാര്‍ട്ടിയേയും പ്രേരിപ്പിക്കുന്നത്.

സൈന്യവുമായി ചേരുന്നതിനുള്ള കാരണങ്ങള്‍
ഒരു സാധാരണ മുസ്‌ലിം ഭരണാധികാരിയെ എതിര്‍ത്തു സൈന്യത്തോടൊപ്പം ചേരാനുള്ള തീരുമാനം വളരെയധികം സംവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അതിനു കാരണമായി എന്നു പറയാമെങ്കിലും അതു പക്ഷേ, സൈന്യത്തെ പിന്തുണക്കാനുള്ള കാരണം അതു മാത്രമല്ല. ബ്രദര്‍ഹുഡിനെ എതിര്‍ത്ത ഇതര രാഷ്ട്രീയ വിഭാഗങ്ങള്‍ പക്ഷേ, സൈനിക വാഴ്ചക്കെതിരെയും രംഗത്തു വന്നിരുന്നു.

രാഷ്ട്രീയ അധികാരം ലക്ഷ്യം വെക്കുന്നതിന് പകരം, ഈജിപ്തിലെ പള്ളികളുടെയും, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു നൂര്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് ഒരു വിശദീകരണമായി പറയുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണം ലക്ഷ്യമാക്കുന്നതു വഴി, സര്‍ക്കാരിലെ ശക്തമായ സ്ഥാനമല്ല, സലഫീ ആശയങ്ങളുടെ വ്യാപനമാണ് നൂര്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും വരും. ചരിത്രപരമായി, സലഫി ചിന്താധാരയിലുള്ളവര്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഒരു മുസ്‌ലിം ഭരണാധികാരിയെ എതിര്‍ക്കാന്‍ പാടില്ലെന്നും, രാഷ്ട്രീയ വ്യവഹാരങ്ങള്‍ തങ്ങളുടെ മതവിശുദ്ധി തകര്‍ക്കുമെന്നുമായിരുന്നു അവരുടെ വാദമുഖം. എന്നാല്‍ ഈ വാദത്തിനുമിപ്പോള്‍ സ്വീകാര്യത ലഭിക്കില്ല എന്നു വേണം കരുതാന്‍. പളളികള്‍ കേന്ദ്രീകരിച്ചുള്ള പ്രസംഗങ്ങളും, വെള്ളിയാഴ്ച ഖുതുബകളും, സീസി അനുകൂലിയും സലഫീ വിരുദ്ധനുമായ അഹ്മദ് അല്‍ ത്വയ്യിബിന്റെ കീഴില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം തുടങ്ങിയിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണമാണ് അവര്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് വിചാരിക്കുന്നതെങ്കില്‍ അത്തരം സ്ഥാപനങ്ങളില്‍ തങ്ങളുടെ നിയന്ത്രണം നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ എതിര്‍ക്കണമായിരുന്നു. ഇതു തെളിയിക്കുന്നത്, സ്ഥാപനങ്ങളുടെ നിയന്ത്രണവുമല്ല, നൂര്‍ പാര്‍ട്ടി ലക്ഷ്യം വെച്ചിരുന്നതെന്നാണ്.

ഈജിപ്തിന്റെ നിയമസംവിധാനം ശരീഅ നിയമങ്ങള്‍ക്ക് അനുഗുണമായി പരിവര്‍ത്തിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തെ പിന്തുണച്ചതെന്ന് പറയുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ആര്‍ട്ടിക്കിള്‍ 219 നീക്കം ചെയ്യുന്നതിനെതിരെ ശകതമായി രംഗത്തുവന്നതും ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ പാര്‍ട്ടി പ്രതിനിധികള്‍ പ്രതിഷേധിച്ച് ഇറങ്ങിപോയതും ഈ വാദത്തെ കുറെയെങ്കിലും സ്വീകാര്യമാക്കുന്നുണ്ട്, കരട് ഭരണഘടനക്കു പിന്തുണയുമായി നൂര്‍ പിന്നീട് വരികയും, ആര്‍ട്ടിക്കിള്‍ 219 നീക്കം ചെയ്തതിനു ശേഷവും സര്‍ക്കാരിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ടെങ്കിലും.

ആര്‍ട്ടിക്കള്‍ 219 നിലനിര്‍ത്താനായില്ല എന്നതും, ഇസ്‌ലാമിക സ്ഥാപനങ്ങളുടെ അധികാരം ലഭിച്ചില്ല എന്നതും, തങ്ങള്‍ ആദ്യത്തില്‍ സൈന്യത്തെ പിന്തുണച്ചത് അത്തരം ലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവെന്ന നൂറിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തുന്നില്ല, അവരുടെ ശ്രമം വിജയിച്ചില്ല എന്നു മാത്രമേ വിശ്വസിക്കുന്നുള്ളൂ. ആര്‍ട്ടിക്കിള്‍ 219 നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ഉപേക്ഷിച്ച ഘട്ടത്തില്‍ ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അക്രമങ്ങള്‍ക്കാണ് ആ രാജ്യം സാക്ഷ്യം വഹിച്ചത്. നൂര്‍ പാര്‍ട്ടിയുടെ, സൈന്യത്തെ എതിര്‍ത്ത, മുന്‍ ഇസ്‌ലാമിക കൂട്ടാളികളെ ലക്ഷ്യം വെച്ചു വ്യാപകമായ വേട്ട ഇടക്കാല സര്‍ക്കാരിനെ എതിര്‍ക്കുന്ന ആര്‍ക്കെതിരെയും തിരിയാമെന്ന സാഹചര്യം വന്നു. സൈനിക ഭരണകൂടത്തെ എതിര്‍ക്കണമെന്നും തങ്ങളുടെ രീതി മാറ്റണമെന്നും നൂര്‍ പാര്‍ട്ടി തീരുമാനിച്ചാല്‍, അതിനു അവര്‍ക്കു അവസരമില്ലാതാക്കുന്ന വിധത്തില്‍, അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എന്നിട്ടും, സൈന്യത്തിന്റെ ഇടപെടലിനെ പിന്തുണച്ച അല്‍ബറാദിയെ പോലുള്ളവര്‍, അടിച്ചമര്‍ത്തല്‍ ഭീഷണി വകവെക്കാതെ അതിക്രമങ്ങള്‍ വര്‍ധിച്ചപ്പോള്‍, ഇടക്കാല സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, നൂറിനെ സംബന്ധിച്ചേടത്തോളം തങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയില്‍ പുനരാലോചനയൊന്നും ഉണ്ടായിരുന്നില്ല. സൈന്യത്തെ പിന്തുണക്കുന്നതില്‍ തങ്ങളുടെ ചുരുങ്ങിയ ആവശ്യങ്ങള്‍ക്കപ്പുറം മറ്റു പല ലക്ഷ്യങ്ങളും ഉണ്ടെന്നാണ് അതു വ്യക്തമാക്കുന്നത്.

ബാഹ്യ സ്വാധീനങ്ങളും സമ്മര്‍ദ്ദങ്ങളും
ഇതര വിശദീകരണങ്ങള്‍ക്ക് ബലമില്ലാതെ വരുമ്പോള്‍, സൈനിക ഭരണകൂടത്തെ പിന്തുണക്കാന്‍ നൂറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ബാഹ്യസ്വാധീനങ്ങളും സമ്മര്‍ദ്ദങ്ങളുമുണ്ടോയെന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. 2011 തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നൂര്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത വിജയം അതിന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ച് സംശയങ്ങളുയര്‍ത്തിയിരുന്നു. രാഷ്ട്രീയത്തെ ദശകങ്ങളായി തള്ളിപ്പറഞ്ഞിരുന്ന ചിന്താധാരയില്‍ പെട്ട ഒരു സംഘം, ഗ്രാമീണ മേഖലകളില്‍ മാത്രം സ്വാധീനമുള്ള ഒരു വിഭാഗം, അവര്‍ക്ക് 2011 വിപ്ലവത്തിനു ശേഷം എല്ലാ പാര്‍ലിമെന്റ് സീറ്റുകളിലേക്കും മത്സരിക്കാനും പ്രചരണം നടത്താനുമുള്ള മതിയായ വിഭവങ്ങളുണ്ടായി. ഇതിന് അവരെ സഹായിച്ചതു നൂറിന്റേതിനു സമാനമായ ആശയങ്ങളുള്ള സര്‍ക്കാരുകളില്‍ നിന്ന്, അതായത് സൗദി അറേബ്യയില്‍ നിന്ന്, വിദേശ സഹായം ലഭിക്കുന്നുതുകൊണ്ടാണെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കാരണമായി.

ഈജിപ്തിലെ സലഫിസവും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. ഈജിപ്തിലെ ഇഖ്‌വാന്‍ പ്രചരിപ്പിക്കുന്ന, ഇസ്‌ലാമിസം തങ്ങളുടെ കുടുംബവാഴ്ചക്കു ഭീഷണിയാണെന്ന് സൗദിഭരണകൂടം മനസിലാക്കുന്നു. അതുകൊണ്ടു തന്നെ, സലഫിസത്തിന്റെ തികച്ചും അരാഷ്ട്രീയമായ പരിഛേദമായ സൗദിസലഫിസം കയറ്റി അയക്കുന്നതില്‍ സൗദി ഭരണകൂടം എന്നും തല്‍പരരായിരുന്നു. കുറഞ്ഞ ചിലവിലുള്ള ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വൈദ്യ കേന്ദ്രങ്ങള്‍, ക്ഷേമ പദ്ധതികള്‍ എന്നിവ നടപ്പിലാക്കുന്നതിന് സലഫികളുടെ ചാരിറ്റി സംവിധാനങ്ങള്‍ക്ക് അറേബ്യന്‍ നാടുകളില്‍ നിന്നും ഭീമന്‍ ഫണ്ടാണ് ഒഴുകിയിരുന്നത്. ഇതേ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, 2010-11 സാമ്പത്തിക വര്‍ഷത്തില്‍, ഖത്തര്‍, കുവൈത്ത് എ്ന്നിവിടങ്ങളില്‍ നിന്നായി ധനസഹായം ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചത് സലഫി ചാരിറ്റി സംഘങ്ങള്‍ക്കായിരുന്നുവെന്ന് നിയമ വകുപ്പു മന്ത്രാലയം ഗവണ്‍മെന്റേതര സംഘടനകളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചു നടത്തിയ അന്വേഷണത്തെ തുടര്‍ന്നു വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ വഹാബി ആശയങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ലോകത്തെങ്ങുമുള്ള പള്ളികളിലൂടെയും, സ്‌കൂളുകളിലൂടെയും, പുസ്തക രൂപത്തിലും സൗദി ഭരണകൂടം ചിലവഴിച്ചത് 70 ബില്ല്യണ്‍ ഡോളറാണ്.

ഇത്രയും പണം സലഫി കക്ഷികള്‍ക്ക് ഒന്നടങ്കമായാണ് വരുന്നതെങ്കിലും, തെരഞ്ഞെടുപ്പില്‍ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും മികച്ച വിജയം നേടാന്‍ സഹായിച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫണ്ടു ലഭിച്ച, നൂര്‍ പാര്‍ട്ടിക്ക് ഇതില്‍ എത്ര ലഭിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. തങ്ങള്‍ക്ക് സൗദി ഫണ്ടു ലഭിക്കുന്നുവെന്ന വാദങ്ങളെ നൂര്‍ പാര്‍ട്ടി നിഷേധിച്ചിട്ടുണ്ടെങ്കിലും, തങ്ങളുടെ ഫണ്ടിന്റെ സ്രോതസ്സ് ഇതുവരെ പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ല. നൂറിനെ തന്റെ സര്‍ക്കാര്‍ പിന്തുണക്കുന്നൂവെന്ന വാദത്തെ സൗദി രാജകുമാരന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദി തള്ളിപറഞ്ഞെങ്കിലും, സൗദി സലഫികളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെ നിഷേധിച്ചില്ല. എന്നാല്‍, സൗദി അധികാരികളുടെ അനുമതിയില്ലാതെയോ, സര്‍ക്കാര്‍ ആവശ്യപ്പെടാതെയോ, ആര്‍ക്കും തന്നെ ഭീമമായ തുക സംഭാവന ചെയ്യാന്‍ സാധിക്കുകയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ, സര്‍ക്കാരില്‍ നിന്നും നേരിട്ടല്ലെങ്കില്‍ കൂടി സൈനിക അട്ടിമറിയെ സ്വാഗതം ചെയ്ത സൗദി ഭരണകൂടത്തിന്റെ അനുമതിയോടുകൂടിയാണ് ഈ സൗദി ഫണ്ടുകള്‍ വരുന്നതെന്ന് വ്യക്തം.

നൂര്‍ പാര്‍ട്ടിക്ക് എത്ര ഫണ്ടു ലഭിച്ചു എന്നതിനെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, സൗദിയുടെ നിലപാടിനൊത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍, സമീപതെളിവുകളെല്ലാം സൂചിപ്പിക്കുന്നത് സൗദിയുടെ പിന്തുണയും സമ്മര്‍ദ്ദവുമാണ്.

നൂര്‍ പാര്‍ട്ടിയുടെ ആസന്നമായ അന്ത്യം
സൈനിക ഭരണകൂടത്തിന്റെ ചങ്ങാത്തം നേടാനായെങ്കിലും, സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയം കളിക്കുന്ന മതേതര ലിബറലുകള്‍ക്കൊപ്പം നിന്ന് മുര്‍സിക്കും മുസ്‌ലിം ബ്രദര്‍ഹുഡിനും എതിരെ തിരിഞ്ഞ നൂര്‍ പാര്‍ട്ടിക്കു പക്ഷേ, സ്വന്തം അനുയായികളെ നഷ്ടപ്പെടുത്തുകയാണ്. മുര്‍സി ഭരണകൂടത്തിനെതിരെ രംഗത്തു വന്ന പലരും, മുര്‍സി ഭരകകൂടത്തില്‍ ചെയ്തതു തന്നെയാണ് നൂര്‍ പാര്‍ട്ടി ഇപ്പോഴും ചെയ്യുന്നതെന്നും, രാജ്യത്തിന്റെ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കാതെ ഓരോരുത്തരു തന്നിഷ്ടം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും അവരില്‍ പലരും കുറ്റപ്പെടുത്തുന്നു.

ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, പാര്‍ട്ടിയുടെ പിന്തുണ നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സൈനിക ഭരണകൂടത്തെ പിന്തുണക്കാനുള്ള അവരുടെ തീരുമാനം പാര്‍ട്ടിയില്‍ വിള്ളലുകളുണ്ടാക്കിയിട്ടുണ്ട്. സൈനിക അട്ടിമറിയെ പിന്തുണക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നു നൂര്‍ പാര്‍ട്ടിയുടെ നേതൃനിരയിലൊരാളായ ശൈഖ് അഹ്മദ് അബുല്‍ അനീന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. അതിനെ തുടര്‍ന്ന്, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന യുവസലഫികള്‍ പാര്‍ട്ടി വിട്ടൊഴിഞ്ഞ് തങ്ങളുടേതായ ചെറുസംഘങ്ങളുണ്ടാക്കുന്നതു നേതാക്കളും അണികളും തമ്മില്‍ നിലനില്‍ക്കുന്ന വൈരുധ്യങ്ങളെ തുറന്നുകാട്ടുന്നു.

പിന്‍കുറി : ഉന്നതാധികാരങ്ങള്‍ നേടിയെങ്കിലും, സൈന്യത്തെ പിന്തുണക്കാനുള്ള നൂര്‍ പാര്‍ട്ടിയുടെ തീരുമാനം ഗുരുതരമായ രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്കും, പാര്‍ട്ടിക്കകത്ത് വിള്ളലുണ്ടാക്കുന്നതിനും അതിനേക്കാളൊക്കെയുപരി തങ്ങളുടെ രാഷ്ട്രീയചരമത്തിനു തന്നെ ഇടയാക്കുന്ന വിധത്തില്‍ അടിത്തട്ടിലെ പിന്തുണയില്ലാതാക്കുന്നതിലും എത്തിച്ചിരിക്കുന്നു.

ഭക്തരായ സ്വന്തം മുസ്‌ലിം സഹോദരന്മാരെ ക്രൂരമായ വിധത്തില്‍ അടിച്ചമര്‍ത്തുന്ന ഒരു മതേതര ഭരണകൂടത്തെ ഒരു തീവ്ര സലഫി വിഭാഗത്തിനു പിന്തുണക്കാനാകുമെന്നത് സങ്കല്‍പിക്കാനാവില്ലെങ്കിലും, തങ്ങളുടെ സഖ്യമായിരുന്ന ബ്രദര്‍ഹുഡിനെതിരെ തുടക്കത്തില്‍ രംഗത്തുവരാന്‍ നൂറിനെ പ്രേരിപ്പിച്ചതു ചില രാഷ്ട്രീ നേട്ടങ്ങള്‍ക്കു വേണ്ടിയായിരുന്നു. പിന്നീട് ആ പിന്തുണ നിലനിര്‍ത്തിയത് സൗദി അറേബ്യയുടെ സ്വാധീന ഫലമായിട്ടുമായിരുന്നു.

വിവ : മുഹമ്മദ് അനീസ്‌

ഈജിപ്തിലെ സലഫി രാഷ്ട്രീയം

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics