ഡോ. യൂസുഫുല്‍ ഖറദാവി

Apr 17 - 2012
Quick Info

മുഴുവന്‍ പേര്: ശൈഖ് ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി
ജനനം: 1926 സെപ്റ്റംബര്‍ 9
രാജ്യം: ഈജിപ്ത്
സംഘടന: മുസ്‌ലിം ബ്രദര്‍ഹുഡ്
വെബ്‌സൈറ്റ്: www.qaradavi.net

Best Known for

ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ. ഇസ്‌ലാമിക നവജാഗരണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവ്. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിത സഭയുടെ (International Union of Muslim Scholars) അധ്യക്ഷൻ.

1926 സെപ്റ്റംബര്‍ 9-ന് ഈജിപ്തിലെ സിഫ്ത് തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ മുഹമ്മദ് യൂസുഫ് ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വ്വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന അദ്ദേഹം 1953-ല്‍ ഒന്നാം റാങ്കോടെ പാസായി. 1954-ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958-ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960-ല്‍ ഖുര്‍ആന്‍, ഹദീസ് നിദാന ശാസ്ത്രങ്ങളില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി.

സാമൂഹിക രംഗത്ത്
ഈജിപ്തിലെ ഇമാം ശഹീദ് ഹസനുല്‍ ബന്നായുടെ പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, 54, 56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം ബ്രിട്ടനിലെത്തുകയുണ്ടായി. പക്ഷെ ശേഷം ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധമേര്‍പ്പെടുത്തുകയുണ്ടായി. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അതോടൊപ്പം എല്ലാ തീവ്രവാദ പ്രവണതകളെയും ശക്തമായി നിരാകരിക്കുകയും ചെയ്യുന്നു. വര്‍ത്തമാന ഇസ്‌ലാമിക ലോകത്തെ മധ്യമനിലപാടിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. അറബ് മുസ്‌ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ പരിഷ്‌കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന അദ്ദേഹം ഇസ്‌ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുന്നു. സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. സര്‍വമത നിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്. ദൗത്യനിര്‍വഹണത്തിന്റെ പാതയില്‍ അക്ഷീണം മുന്നോട്ടുപോകുന്ന അദ്ദേഹം നിരവധി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഈജിപതില്‍ തിരിച്ചെത്തുന്നു
അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട സ്വേച്ഛാധിപരായ ഭരണാധികാരികള്‍ക്കെതിരെയുണ്ടായ ജനകീയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ വളരെ ശക്തമായി പിന്തുണച്ചു. ഈജിപ്തിലെ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ 30 വര്‍ഷമായി ഡോ.യൂസുഫുല്‍ ഖറദാവിയെ നാട് കടത്തിയിരുന്നു. എന്നാല്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ 2011 ഫെബ്രുവരി 18 ന് വെള്ളിയാഴ്ച ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ജുമുഅ പ്രഭാഷണത്തിലൂടെ അദ്ദേഹം തന്നെ പുതു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് വിപ്ലവപോരാളികള്‍ക്ക് ആവേശം പകര്‍ന്നു.

ഔദ്യോഗിക ജീവിതം
ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961-ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്ററി റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയായി. 1973-ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977-ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ ആന്റ് ഇസ്‌ലാമിക് സ്റ്റ്ഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്റെ ഡീന്‍ ആയി തുടരുകയും ചെയ്തു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്റെ തലവനായി അദ്ദേഹം ഇന്നും തുടരുന്നു. 1990-91 ല്‍ അല്‍ജീരിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961-ല്‍ ദോഹയിലെത്തിയതു മുതല്‍ 2011 വരെ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിച്ചു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് നിരവധി ശ്രോതാക്കളുണ്ടായിരുന്നു. 1973-ല്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 2011-ല്‍ ഈജിപ്തില്‍ തിരിച്ചെത്തി.

വൈജ്ഞാനിക സംഭാവനകള്‍
സമകാലിക ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്‌ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍അസ്ഹര്‍ ഇസ്‌ലാമിക് സര്‍വകലാശാലയുടെ മികച്ച സംഭാവനകളിലൊരാളാണ് ഇദ്ദേഹം. അല്‍അമീര്‍ അബ്ദുല്‍ ഖാദിര്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത്ത്(സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം ഇസ്‌ലാമിക സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്.

ഖറദാവി കേരളത്തില്‍
കേരളത്തില്‍ രണ്ട് തവണ ഡോ.യുസുഫുല്‍ ഖറദാവി സന്ദര്‍ശനം നടത്തി. ശാന്തപുരം ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനത്തിനായിരുന്നു ഒടുവില്‍ കേരളത്തിലെത്തിയത്. ഈ സ്ഥാനത്തിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയാണ് ഖറദാവി. കഴിഞ്ഞ വര്‍ഷം തിരുവന്തപുരത്ത് ഒരു പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാലെത്താനായില്ല.

പുരസ്‌കാരങ്ങള്‍
2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.