കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍

Aug 23 - 2014
Quick Info

ജനനം : 1927 | മരണം : 2014 ആഗസ്റ്റ് 22

Best Known for

ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാവ്‌.

കേരളത്തിലെ ആദ്യകാല ജമാഅത്തെ ഇസ്‌ലാമി നേതാക്കളില്‍ ഒരാളായ അബ്ദുല്‍ അഹദ് തങ്ങള്‍ 1927-ല്‍ തളിപ്പറമ്പില്‍ ജനിച്ചു. പിതാവ് അയനിക്കാട്ട് അബ്ദുല്ലക്കോയ തങ്ങള്‍. മാതാവ് കുഞ്ഞീബി. മാഹിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം തേടി. 1948-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബി കോളേജില്‍ രണ്ടു വര്‍ഷം പഠിച്ചു. അതോടൊപ്പം അവിടെ ഭൗതികവിഷയങ്ങളും ഇസ്‌ലാമിക ചരിത്രവും പഠിപ്പിക്കുകയും ചെയ്തിരുന്നു. എം.സി.സി അബ്ദുറഹ്മാന്‍ മൗലവി, കെ.പി മുഹമ്മദ് മൗലവി തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്‍മാര്‍.

1951 മാര്‍ച്ച് 20-ന് ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. ഓഫീസ് ചുമതലക്ക് പുറമെ പ്രബോധനത്തിന്റെയും ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങളുടെയും മേല്‍നോട്ടവും അദ്ദേഹത്തിനായിരുന്നു. 1952-ല്‍ ജമാഅത്ത് അംഗത്വം നേടി. 1959 മുതല്‍ 1962 വരെയും 1964 മുതല്‍ 1970 വരെയും പ്രബോധനം പ്രസ് മാനേജര്‍, 1962 മുതല്‍ 1964 വരെ ശാന്തപുരം ഇസ്‌ലാമിയ കോളേജ് മാനേജര്‍, 1980 മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ രൂപീകരണം മുതല്‍ 1992 വരെ അതിന്റെ ട്രഷറര്‍, 1974 മുതല്‍ 1990 വരെ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി, 1980 മുതല്‍ 1994 വരെ വളാഞ്ചേരി ദാറുല്‍ ഇസ്‌ലാം ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

1975-ല്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് 72 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ മോചിതനായ ശേഷം 1976 മെയ് മാസത്തില്‍ അടിയന്തിരാവസ്ഥയുടെ പ്രതികൂല സാഹചര്യം വകവെക്കാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ ബോധനം മാസിക പുറത്തിറക്കി. 1994 സെപ്റ്റംബറില്‍ ജമാഅത്തെ ഇസ്‌ലാമി വീണ്ടും നിരോധിക്കപ്പെട്ടപ്പോള്‍ പുറത്തിറക്കിയ ബോധനം വാരികയുടെയും പ്രിന്ററും പബ്ലിഷറും അദ്ദേഹമായിരുന്നു. 1953 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം, 1990 മുതല്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് അമീര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം വിവിധ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ കൂടിയായിരുന്നു.

88-ാം വയസ്സില്‍ 2014 ആഗസ്റ്റ് 22-ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇഹലോകം വെടിഞ്ഞു.