പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

Aug 28 - 2014
Quick Info

ജനനം : 1954 ഫെബ്രുവരി
സംഘടന : സമസ്ത സുന്നി (എ.പി. വിഭാഗം)

Best Known for

കേരളത്തിലെ സുന്നിവിഭാഗം പണ്ഡിതന്‍. സുന്നിയുവജനസംഘം സംസ്ഥാന പ്രസിഡന്റ്. വര്‍ഷങ്ങളായി സമസ്ത സെക്രട്ടറിമാരിലൊരാളായും സേവനമനുഷ്ടിക്കുന്നു.

പരി മുഹമ്മദാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായി 1954 ഫെബ്രുവരിയിലാണ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജനിച്ചത്. പ്രാഥമിക പഠനം നാട്ടിലെ ഓത്തുപള്ളിയിലും മൈലപ്പുറം മദ്രസയിലുമായി പൂര്‍ത്തിയാക്കി. പൊന്മള ജുമുഅത്ത് പള്ളിയില്‍ നിന്നു തന്നെയാണ് ദര്‍സ് പഠനം ആരംഭിച്ചത്. കൊടിഞ്ഞി ഹുസൈന്‍ കോയ തങ്ങള്‍, മറ്റത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ മുസ്‌ലിയാര്‍ എന്നിവരാണ് ആദ്യ കാല ഗുരുനാഥന്മാര്‍.

1969-ല്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ഊരകം മുക്കം, ചേലേമ്പ്ര കുരുവങ്ങോത്ത്, കോട്ടൂര്‍, ചെമ്പോച്ചിറ, ഇയ്യാട്, കൊണ്ടോട്ടി പഴയങ്ങാടി, ചെറുമുക്ക്, എന്നീ സ്ഥലങ്ങളില്‍ നിന്ന് ഓതിപ്പടിച്ചു. 1976-ല്‍ ഉപരിപഠനാര്‍ത്ഥം ദയൂബന്ദില്‍ ചെര്‍ന്നു.

കോട്ടക്കല്‍ കൂരിയാട്ട് മുദരിസായി സേവനരംഗത്ത് വന്നു. പിന്നീട് നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ തലക്കടത്തൂരില്‍ രണ്ടാം മുദരിസായി സേവനം ചെയ്തു. ബാപ്പുട്ടി മുസ്‌ലിയാരുടെ മരണ ശേഷം അവിടെ പ്രധാനാധ്യാപകനായി ഒമ്പത് വര്‍ഷം തുടര്‍ന്നു. ശേഷം തലക്കടത്തൂരില്‍ നിന്ന് പുത്തന്‍പള്ളിയിലേക്ക് മാറി. പിന്നീട് കാവനൂര്‍, വട്ടേക്കാട് നാദാപുരം ദാറുല്‍ ഹുദാ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. നിരവധി ശിഷ്യ സമ്പത്തുണ്ട്. തലക്കടത്തൂരില്‍ നിന്നാണ് സംഘടനാ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. ചെറിയമുണ്ടം സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രസിഡന്റായി രംഗത്ത് വന്നു. വൈലത്തൂരില്‍ നടന്ന സുന്നീ കണ്‍വെന്‍ഷനില്‍ വച്ചാണ് മലപ്പുറം ജില്ലാ സമസ്ത മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അല്‍-മുബാറക് വാരികയിലെ ചോദ്യോത്തരപംക്തി കൈകാര്യം ചെയ്തിരുന്നു.

1989 ല്‍ സമസ്ത പുന:സംഘടിപ്പിച്ചപ്പോള്‍ കേന്ദ്ര മുശാവറ അംഗമായി. വിവിധ സമയങ്ങളില്‍ അദ്ദേഹം നല്കിയ മറുപടികള്‍ 'ഫതാവാ മുഹയിസ്സുന്ന' എന്ന പേരില്‍ മൂന്നുവാല്യം പ്രസിദ്ധീകരിച്ചു. ശാഫിഈ മദ്ഹബ്, വിശുദ്ധ റമളാന്‍, ശിഥിലതന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്നിവ കൃതികളാണ്. തറാവീഹിനെക്കുറിച്ച് അറബിയില്‍ ഒരു ഗ്രന്ഥമുണ്ട്. കുവൈത്തിലെ നവീന പ്രസ്ഥാനക്കാര്‍ ഉന്നയിച്ച 25 ചോദ്യങ്ങള്‍ക്കുള്ള മറുപടി ഗ്രന്ഥരൂപത്തില്‍ ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൈറോവില്‍ നടന്ന ലോക ഇസ്‌ലാമിക സമ്മേളനത്തില്‍ കാന്തപുരത്തോടൊപ്പം സംബന്ധിച്ചു.