ഒരു മാതൃകാ കുടുംബ സംഗമം

മക്കളും പേരമക്കളും അവരുടെ മക്കളും അടങ്ങുന്ന നാല്തലമുറ കളിലെ മുന്നൂറോളം കുടുംബാംഗങ്ങള്‍ ഒരുമയോടെ സംഗമിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയും ആഹ്ലാദവും അനിര്‍വചനീയമാണല്ലൊ. 'കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം' എന്ന് പറയുന്നതിനെ അന്വര്‍ഥമാക്കുന്ന അപൂര്‍വ സംഗമങ്ങള്‍ എന്ത് മാത്രം ആനന്ദകരവും ഹൃദ്യവുമായിരിക്കും! മറ്റുള്ള കൂട്ടുകുടുംബങ്ങള്‍ക്ക് കൂടി മാതൃകയാകുകയാണ് ഇവിടെ ഒരു കുടുംബം.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ പരേതനായ യു. മുഹമ്മദ് സാഹിബിന്റെ കുടുംബം സമ്പൂര്‍ണമായി ഇസ്‌ലാമിക പ്രസ്ഥാന കുടുംബമാണ്. ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍ കുടുംബത്തെ നന്നാക്കിയെടുക്കുന്നതില്‍ വിജയിച്ചുവെന്ന് പറയാം. ത്യാഗിയും കര്‍മയോഗിയുമായിരുന്ന അദ്ദേഹത്തിന്റെറ സരണികള്‍ നെഞ്ചേറ്റിയാണ് മക്കളും അവരുടെ ജീവിത വഴി തെളിയിക്കുന്നത്. അനിസ്‌ലാമികവും അനാചാരപരവുമായ ഒരു പ്രവണതയും ഈ കുടുംബത്തിലേക്ക് ഇതുവരെ കടന്നുവന്നിട്ടില്ല . കുടുംബത്തില്‍ ഇതുവരെ കഴിഞ്ഞ മുഴുവന്‍ വിവാഹങ്ങളും സ്ത്രീധന രഹിതവും ഇസ്‌ലാമികവുമായിരുന്നു. നാല് തലമുറയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെ ഒരുമിച്ചുകൂട്ടി സമ്പൂര്‍ണമെന്ന് പറയാവുന്ന കുടുംബസംഗമങ്ങള്‍ വ്യവസ്ഥാപിതമായി സംഘടിപ്പിച്ചാണ് മറ്റുള്ളവര്‍ക്ക് ഈ കുടുംബം മാതൃകയാവുന്നത്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീറായിരുന്ന ഹാജി വി. പി മുഹമ്മദലി സാഹിബിന്റെ സഹപ്രവര്‍ത്തകനും പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതല്‍ക്കുള്ള അംഗവും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ കേരള ഘടകം കൂടിയാലോചനാ സമിതിയംഗവുമായിരുന്നു 'യു' എന്ന ഒറ്റ അക്ഷരത്തിലറിയപ്പെട്ടിരുന്ന മര്‍ഹൂം ഉണ്ണിയെങ്ങള്‍ മുഹമ്മദ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അഞ്ചു ആണ്‍ മക്കളിലും നാല് പെണ്‍മക്കളിലുമായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. മക്കളും പേരമക്കളുമായി നാല് തലമുറകളില്‍ പെട്ട മുന്നൂറോളം പേര്‍ ഉള്‍കൊള്ളുന്ന കുടുംബം പൂര്‍ണമായി ഇസ്‌ലാമിക പ്രസ്ഥാന രംഗത്ത് സജ്ജീവമായി പ്രവര്‍ത്തി ക്കുന്നവരാണ്.

കുടുംബാംഗങ്ങളില്‍ ഡോക്ടര്‍, എഞ്ചിനീയര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബിസിനസുകാര്‍, റിസര്‍ച്ച് സ്‌കോളര്‍ തുടങ്ങി മിക്ക മേഖലകളിലും വിദേശത്തും സ്വദേശത്തുമായി ഉണ്ണിയെങ്ങള്‍ കുടുംബാംഗങ്ങള്‍ വ്യക്തി മുദ്രകള്‍ ചാര്‍ത്തി കൊണ്ടിരിക്കുന്നു. 88 പൂര്‍ത്തിയായ കുടുംബ നാഥ ടി.ടി. ആസ്യ അടക്കം ജമാത്തെ ഇസ്‌ലാമിയുടെ അംഗങ്ങള്‍ ഈ കുടുംബത്തിലുണ്ട്. കുടുംബ നാഥ വരെ സജ്ജീവമായി പരിപാടികളില്‍ ആദ്യന്തം പങ്കുകൊള്ളുന്നു. ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ വിഷയങ്ങളില്‍ നല്ല അവബോധവും കാഴ്ച്ചപ്പാടുമുള്ള കുടുംബനാഥ മിക്ക സമയങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളും സാഹിത്യപുസ്തകങ്ങളും വായിക്കാനാണ് പ്രായാതിക്യതിന്റെ അവശതയിലും സമയം ചെലവഴിക്കുന്നത്. അവരുടെ ഉദ്‌ബോധനത്തോടും പ്രാര്‍ത്ഥനയോടുമാണ് സംഗമങ്ങള്‍ക്ക് പലപ്പോഴും തിരശീല വീഴാറുള്ളത്. പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളില്‍ വിദേശത്തും സ്വദേശത്തും നേതൃ സ്ഥാനങ്ങളിലുള്ളവരും പ്രസംഗകരും ഈ കുടുംമ്പത്തിലെ ഒരു പ്രത്യേകതയാണ്. കലാസാഹിത്യ രംഗത്ത് മികവുറ്റവരും അനുഗൃഹീത ഗായകരും അഭിനയ രംഗത്ത് വ്യക്തി മുദ്ര പതിച്ചവരും ഉള്‍കൊള്ളുന്ന കുടുംബം രണ്ടു വര്‍ഷത്തിനിടയില്‍ ഒരുക്കുന്ന സംഗമങ്ങള്‍ക്ക് നല്ല ആസൂത്രണവും ഒരുക്കങ്ങളും നടത്താറുണ്ട്. പ്രവാസികളായ കുടുംബാംഗങ്ങള്‍ വരെ അവധിയെടുത്ത് സംഗമത്തില്‍ പങ്കു കൊള്ളുക പതിവാണ്. ഇങ്ങനെയുള്ള കുടുംബം ഒത്തു കൂടുമ്പോള്‍ വലിയ ആവേശത്തോടെയും വര്‍ധിച്ച ഉല്ലാസത്തോടെയുമാണ് ചെറിയ കുട്ടികള്‍ വരെ സംഗമത്തില്‍ ആദ്യന്തം പങ്കുചേരാറുള്ളത്. കുട്ടികളുടെയും വലിയവരുടെയും കലാപരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകുന്നു. വിവിധമത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യാറുണ്ട്. മുതിര്‍ന്നവരുള്‍പ്പെടെ സജ്ജീവമായി വേദികളില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ ഈ ഒരുമയുടെ സംഗമത്തിനു കൂടുതല്‍ ചാരുത കൈവരുന്നു.

കുടുംബത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളായ അംഗങ്ങളെ പ്രത്യേകം ആദരിക്കുകയും അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്യുക പതിവാണ്. സ്വന്തമായ അനുഭവങ്ങളും കുടുംബത്തിലെ പഴയ ഓര്‍മക്കുറിപ്പുകളും ആശയങ്ങളും രചനാപാടവവും പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ ഒരു കുടുംബ മാഗസിന്‍ തയ്യാറാക്കുന്ന ഒരുക്കത്തിലാണ് ഈ കുടുംബം. വരുമാനമുള്ള എല്ലാ കുടുംബാംഗങ്ങളും ഒരു നിശ്ചിതസംഖ്യ കുടുംബ ഫണ്ടില്‍ മാസം തോറും അടക്കുന്നുവെന്നത് എടുത്തുപറയേണ്ടുന്ന മറ്റൊരു പ്രത്യേകതയാണ്. പ്രയാസ പ്പെടുന്ന കുടുംബാംഗങ്ങളെ സഹായിക്കുവാനും കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പലിശരഹിതവായ്പയെടുക്കാനുമാണ് മുഖ്യമായും ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. മറ്റുള്ളവര്‍ക്ക് കൂടി അനുകരിക്കാവുന്നതാണ് ഓരോ കുടുംബത്തിനും സ്ഥിരമായി ഒരു കുടുംബഫണ്ട് സംവിധാനം ഉണ്ടാക്കുക എന്നത്. തിരക്ക് പിടിച്ച ജീവിത ശൈലികള്‍ക്കും കുത്തഴിഞ്ഞ കുടുംബ സംവിധാനങ്ങള്‍ക്കും ഇടയില്‍ വളരെ വ്യവസ്ഥാപിതമായി സംഗമങ്ങള്‍ നടത്താന്‍ ഒരു പ്രയാസവുമില്ലെന്നു തെളിയിക്കാന്‍ ഈ കുടുംബം കാണിക്കുന്ന ആര്‍ജവം മാതൃകാപരമാണ്. ഓരോ സംഗമങ്ങളും ഉദ്ഘാടനം ചെയ്യുവാനും ആശംസകളര്‍പ്പിക്കുവാനും പ്രാസ്ഥാനിക നായകരെയും പ്രമുഖരെയും ക്ഷണിക്കുമ്പോള്‍ കുടുംബത്തിന് ഒരു പ്രസ്ഥാനികമായ ആവേശവും കൈവരിക്കാന്‍ സാധിക്കുന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ടതു തന്നെ. ആദര്‍ശാത്മകവും വ്യവസ്ഥാപിതവുമായ സമൂഹത്തിന്റെ പരിച്ചേദമായി മാറിയ ഒരു വലിയ കുടുംബം കുത്തഴിഞ്ഞ കുടുംബ ഘടനയിലും എങ്ങനെ ഒരുമയില്‍ സന്തോഷവും ആനന്ദവും നുകരുന്നുവെന്നതിന് ഇത്തരം സംഗമങ്ങള്‍ നമുക്ക് മാതൃകയാകുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics