കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

Oct 01 - 2014
Quick Info

ജനനം : 1945
സംഘടന : സമസ്ത കേരള ജംഇയത്തുല്‍ ഉലമ

Best Known for

പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, ഇസ്‌ലാമിക കര്‍മശാസ്ത്ര വിഷയങ്ങളില്‍ വിദഗ്ദന്‍. ജാമിഅ നൂരിയ പ്രിന്‍സിപ്പാള്‍, കാസര്‍ഗോഡ് മേഖല ഖാദി

മൂസ ഹാജി - ബിയ്യാതുകുട്ടി ദമ്പതികളുടെ മകനായി 1945-ല്‍ ജനിച്ചു. പിതാമഹന്‍ ആലി ഹാജിയില്‍ നിന്നും പിന്നീട് സൈതലവി മുസ്‌ലിയാരില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് വിവിധ പള്ളി ദര്‍സുകളില്‍ പഠനം നടത്തി. തുടര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയയില്‍ ചേര്‍ന്നു. ഉമറലി ശിഹാബ് തങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും കെ.പി ഉസ്മാന്‍ സാഹിബില്‍ നിന്ന് ഉര്‍ദു ഭാഷയിലും അദ്ദേഹം പ്രാവീണ്യം നേടി. ജാമിഅ നൂരിയ പഠനകാലത്ത് ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍, കോട്ടുമല മുസ്‌ലിയാര്‍, കുമരംപൂത്തൂര്‍ കുഞ്ഞലവി മുസ്‌ലിയാര്‍, എ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, വെല്ലൂര്‍ അബൂബകര്‍ ഹസ്‌റത്ത്, കാടേരി മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരുടെ വിദ്യാര്‍ഥിയാവാന്‍ അവസരം ലഭിച്ചു. 1968-ല്‍ ജാമിഅ നൂരിയ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.

2003 മുതല്‍ ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. കേരളീയ മുസ്‌ലിം പൊതുമണ്ഡലത്തില്‍ സജീവ സാന്നിദ്ധ്യമായ അദ്ദേഹം 2003  മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍, 2006 മുതല്‍ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ പേഴ്‌സണല്‍ ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്‌ലിം ലോകം 1421, മുസ്‌ലിം ലോകം 1423, മുസ്‌ലിം ലോകം 1425, ദിക്‌റുകള്‍, ഇസ്‌ലാമിക മുന്നേറ്റം ആഗോള തലത്തില്‍, ഫലസ്തീന്‍ ജൂതര്‍ക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങള്‍ക്ക് പുറമെ ഇന്‍തിദാറുല്‍ മഫ്ഖൂദ് എന്ന അറബി കര്‍മശാസ്ത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.