Current Date

Search
Close this search box.
Search
Close this search box.

24 മണിക്കൂറിനിടെ സിറിയയില്‍ നൂറിലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സിറിയന്‍ സൈന്യവും റഷ്യയും അന്താരാഷ്ട്ര സഖ്യവും സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യോമ, പീരങ്കി ആക്രമണങ്ങളില്‍ 108 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഇദ്‌ലിബ് പ്രവിശ്യയില്‍ മാത്രം ആക്രമണങ്ങളില്‍ അമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലും സന്നദ്ധ പ്രവര്‍ത്തകര്‍ കടുത്ത പ്രയാസങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഴിഞ്ഞ പത്ത് മണിക്കൂറിനുള്ളില്‍ റഷ്യന്‍ വിമാനങ്ങള്‍ 90ല്‍ പരം തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇദ്‌ലിബിലെ വ്യത്യസ്ത പ്രദേശങ്ങളാണ് അവര്‍ ലക്ഷ്യം വെച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
അലപ്പോ നഗരത്തിലുണ്ടായ മറ്റൊരു ആക്രമണം അല്‍കറാമ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കാന്‍ കാരണമായിരിക്കുകയാണ്. അലപ്പോ ഗ്രാമത്തില്‍ സിറിയന്‍ സൈന്യം പീരങ്കികള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 21 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങളും വസ്തുക്കളും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. അപ്രകാരം ഹിംസിലെ തല്‍ബീസ ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ അഞ്ച് സിവിലിയന്‍മാരും കൊല്ലപ്പെട്ടു.
ഐഎസ് നിയന്ത്രണത്തിലുള്ള ദേര്‍സൂര്‍ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ 31 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് വിവരിച്ചു. ഐഎസ് ആധിപത്യത്തിലുള്ള പ്രദേശങ്ങള്‍ക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണങ്ങള്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു.

Related Articles