കാറ്റില്‍ പറന്നത്

പ്രേമം തിളക്കുന്നു
അത് കോറും മാന്റിലും ക്രസ്റ്റും കടന്ന്
പതഞ്ഞുവരുന്നു
അനുരാഗച്ചൂട് കനത്തപ്പോള്‍
ഡോക്ടറെ കണ്ടു
കുറിപ്പു കിട്ടി
വെറുംവയറ്റില്‍ ഒന്ന്
ഉച്ചക്കും വൈകീട്ടും
നടുകീറി ഓരോന്ന്...
മടങ്ങുമ്പോള്‍ മാളിനുമുന്നില്‍
മുട്ടുവരെ മൈലാഞ്ചിയിട്ട്
ഫോണ്‍ ചെവിയോട് ചേര്‍ത്ത്
തിരക്കിട്ടെത്താന്‍ കെഞ്ചുന്നവളെ
ഒന്നുകൂടി നോക്കിയപ്പോള്‍
അനുരാഗദിനാശംസകളെഴുതിയ
ഹൃദയച്ചീള് ഊര്‍ന്നുപോവുന്നു.
പ്രേമപ്പനി മറന്ന്
അതെടുത്തു കൊടുത്തു.
ചൂടൊന്നു കുറഞ്ഞോ?
ചുവന്ന മഷിയിട്ട മിഴികള്‍
എന്നോട് പറഞ്ഞു,
പ്രണയം വിഷമാണത്രെ
എന്നെ അനുരാഗസഖിയാക്കിയോന്‍
ഇന്ന് വഴിയരികില്‍ സൊള്ളിയാല്‍
വിവാഹം കഴിപ്പിക്കുമെന്ന
വാക്കിന്റെ ഊക്കില്‍
തൊലിവെളുത്ത മറ്റൊരുവളെ
തേടുകയാണത്രെ!
കാറ്റില്‍ പറന്ന ഡോക്ടറുടെ
കുറിപ്പിനൊപ്പം തണുപ്പും
ഇരച്ചുകയറി.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus