വി. എ. കബീര്‍

Mar 07 - 2015
Quick Info

മുഴുവന്‍ പേര് : വി. അബ്ദുല്‍ കബീര്‍
ജനനം : 1949 വളപട്ടണം, കണ്ണൂര്‍
ജോലി : ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ചീഫ് എഡിറ്റര്‍

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, സാഹിത്യകാരന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍. മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍, പ്രബോധനം സഹ പത്രാധിപര്‍, ബോധനം പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു.

1949-ല്‍ കണ്ണൂര്‍ ജില്ലയില്‍ വളപട്ടണത്ത് ജനനം. നാട്ടിലെ പ്രാഥമിക പഠനാനന്തരം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. 1970-ല്‍ ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ പ്രബോധനത്തില്‍ സഹപത്രാധിപരായി. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ധാരാളം വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഷഹ്‌നാസ് ബീഗം എന്ന തൂലികാ നാമത്തിലും എഴുതാറുണ്ട്. ഖത്വറിലെ അശ്ശര്‍ഖ്, ശബാബുല്‍ യൗം, അര്‍റായഃ എന്നീ അറബി പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും മികച്ച ചില മലയാള കൃതികളുടെ അറബി മൊഴിമാറ്റങ്ങളും പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പ്രബോധനം നിരോധിച്ചതിനെ തുടര്‍ന്ന് ബോധനം മാസികയുടെ പത്രാധിപ ചുമതല വഹിച്ചു. ബാലമാസികയായ മലര്‍വാടി പത്രാധിപസമിതിയില്‍ അംഗമായിരുന്നു. 1986-ല്‍ റിയാദില്‍ വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തിന്റെ (WAMY) ആറാം അന്താരാഷ്ട്ര സമ്മേളനത്തില്‍ കേരളത്തിന്റെ പ്രതിനിധി ആയി പങ്കെടുത്തു. 'മുസ്‌ലിം വ്യക്തി നിമയം: ഇന്ത്യയില്‍: പ്രശ്‌നങ്ങളും വെല്ലുവിളികളും' എന്ന പ്രബന്ധം റിയാദിലവതരിപ്പിച്ചു. WAMY മൂന്നു വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച 'അല്‍ അഖല്ലിയ്യാതുല്‍ മുസ്‌ലിമഃ ഫില്‍ ആലം' എന്ന സമാഹാരത്തില്‍ ഈ പ്രബന്ധം ഉള്‍പ്പെടുത്തി. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല അവഗാഹമുള്ള കബീറിന്റെ സ്വതന്ത്ര കൃതികള്‍: 'ആത്മാവിന്റെ തീര്‍ഥയാത്രകള്‍', 'ശരീഅതും ഇന്ത്യന്‍ മുസ്‌ലിംകളും', രാഷ്ട്ര സങ്കല്‍പം ഇസ്‌ലാമില്‍', ഖുമൈനി (ജീവചരിത്രം), തെരഞ്ഞെടുത്ത പ്രാര്‍ഥനകള്‍ (സമാഹാരം) എന്നിവയാണ്. അഹ്മദ് ബഹ്ജത്തിന്റെ 'ഖുര്‍ആനിലെ ജന്തുകഥകള്‍, 'ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍', 'ഹസനുല്‍ ബന്നായുടെ ആത്മകഥ', 'ബിലെയാം' (നോവല്‍) 'പ്രബോധകന്റെ സംസ്‌കാരം', 'നബിയുടെ ജീവിതം', 'ജുമുഅഃ ഖുതുബ', 'വിധി വിശ്വാസം', പ്രൊഫ. കെ.പി. കമാലുദ്ദീനോടൊപ്പം ചേര്‍ന്ന് ഡോ. മുഹമ്മദ് ഹുസൈന്‍ ഹൈകലിന്റെ 'ഹയാതു മുഹമ്മദ്' എന്നിവ വിവര്‍ത്തനം ചെയ്തു. 'രാഷ്ട്ര സങ്കല്‍പം ഇസ്‌ലാമില്‍' എന്ന ഗ്രന്ഥത്തിന് 1988-ല്‍ തിരുവനന്തപുരം ഇസ്‌ലാമിക് അസോസിയേഷന്റെ എസ്.എം.എ കരീം സ്മാരക പുരസ്‌കാരം ലഭിച്ചു. ഭാര്യ ആഇശ- അഞ്ചു മക്കള്‍.

കുറച്ചു കാലം ഖത്തറിലെ പോലീസ് ടെലികമ്യൂണിക്കേഷന്‍സ് ഡിപാര്‍ട്ടുമെന്റില്‍ ജോലി ചെയ്ത കബീര്‍ മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററായും ജോലി ചെയ്തു. ഇപ്പോള്‍ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ചീഫ് എഡിറ്റര്‍ ആയി സേവനമനുഷ്ടിക്കുന്നു. താമസം വെള്ളിമാടുകുന്നിലെ 'അരുണിമ'യില്‍.