കൊച്ചന്നൂര്‍ അലി മൗലവി

Mar 09 - 2015
Quick Info

ജനനം : 1901, കൊച്ചന്നൂര്‍
മേഖല : കര്‍മ്മശാസ്ത്രം
മരണം : 1987 സെപ്തംബര്‍ 5

Best Known for

അറബി ഗ്രന്ഥകാരനും കവിയുമായ കേരളീയന്‍. കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേകം രചനകള്‍ നിര്‍വ്വഹിച്ച അലി മൗലവി അറബ് നാടുകളിലും പ്രശസ്തനായിരുന്നു.

തൃശൂര്‍ ജില്ലയിലെ കൊച്ചന്നൂരില്‍ 1901 ല്‍ ജനിച്ചു. വിദ്യാഭ്യാസം വാഴക്കാട് ദാറുല്‍ ഉലൂമില്‍. മദിരാശി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം നേടി. മലബാറിലെ പല ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. 1966 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. പിന്നീട് വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായി. അലിയ്യിബ്‌നു ഫരീദില്‍ കൊച്ചന്നൂരില്‍ ഹിന്ദി എന്ന പേരില്‍ അറബ് ലോകത്ത് അറിയപ്പെടുന്നു. ലളിതവും ആകര്‍ഷണയീയവുമായ ശൈലിയില്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന മുഖ്തസറുല്‍ അഹ്കാമില്‍ ഫിഖ്ഹിയ്യ എന്ന കൃതി 1984 ല്‍ പ്രസിദ്ധീകൃതമായി. ഫിഖ്ഹ് സംക്ഷിപ്തപഠനം എന്ന പേരില്‍ ഇതിന്റെ മലയാള ഗ്രന്ഥം കോളേജുകളില്‍ കര്‍മ്മശാസ്ത്ര പഠനത്തിനായി ഉപയോഗപ്പെടുത്തുന്ന പ്രോഗ്രമാണ്. നബിയുടെ സമ്പൂര്‍ണ്ണ ജിവചരിത്രം ഉള്‍ക്കൊള്ളുന്ന ഖുലാസതുല്‍ അഖ്ബാരി ഫീ സീറതില്‍ മുഖ്താര്‍ 1966 ലാണ് പ്രസിദ്ധീകൃതമായത്. 1000 ബൈതുകളില്‍ രചിക്കപ്പെട്ട ഈ കൃതി അല്‍ഫിയ്യ എന്ന പേരിലും അിറയപ്പെടുന്നു. ഈ രണ്ട് കൃതികളും അറബ് നാടുകളില്‍ പ്രസിദ്ധമാണ്. നബിയുടെ മുഅ്ജിസത്തുകള്‍ വിവരിക്കുന്ന 54 വരിയുള്ള കവിതയും അല്‍ഫിയ്യയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇവക്ക് പുറമെ വിവിധ വിഷയങ്ങളില്‍ അറബി കവിതകളും രചിക്കപ്പെട്ടിട്ടുണ്ട്. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവു കൂടിയായിരുന്ന അലി മൗലവി കൊച്ചന്നൂരിലെയും പരിസരങ്ങളിലെയും മുസ്‌ലിംകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. 1987 സെപ്തംബര്‍ 5 ന് അന്തരിച്ചു.