കെ. സി. അബ്ദുല്ല മൗലവി

Mar 10 - 2015
Quick Info

ജനനം : 1920 ഫെബ്രുവരി 22
സംഘടന : ജമാഅത്തെ ഇസ്‌ലാമി
അംഗത്വം : 1948 ജനുവരി 15
സ്ഥാനം : കേരള അമീര്‍ (22 വര്‍ഷം)
മരണം : 1995 ആഗസ്ത് 13

Best Known for

സമുദായ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, വാഗ്മി, പ്രബോധകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ പണ്ഡിതന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അമീര്‍.

1920  ഫെബ്രുവരി 22ന്‌ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ജനിച്ചു. പിതാവ് കുന്നത്ചാലില്‍ ഹുസൈന്‍ മുസ്‌ലിയാര്‍. മാതാവ് അത്വിയ്യ.

വിദ്യാഭ്യാസം
കൊടിയത്തൂരില്‍ പ്രാഥമികവിദ്യാഭ്യാസം. പുന്നൂര്, പെരിങ്ങാടി ദര്‍സുകളില്‍ ഉപരിപഠനം. 1939 ല്‍ വെല്ലൂര്‍ അല്‍ ബാഖിയാതു സ്വാലിഹാതില്‍ ചേര്‍ന്നു. 1943 ല്‍ എം. എഫ്. ബി. ബിരുദംനേടി. പഠനാനന്തരം വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപകന്‍. മദിരാശി സര്‍വകലാശാലയില്‍ നിന്ന് അഫ്ദലുല്‍ ഉലമബിരുദം. 1946  മുതല്‍ 3  വര്‍ഷം കാസര്‍ഗോഡ് ആലിയ അറബിക്കോളേജില്‍ അധ്യാപകന്‍. 1949 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രം പ്രബോധനം എടയുരില്‍ പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ സഹപത്രാധിപരായി ചേര്‍ന്നു.

1948  ജനുവരി 15 നാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാകുന്നത്. 48  ആഗസ്റ്റില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രഥമ 12 മജിലിസ് ശൂറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1959 ല്‍ ഹാജിസാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമാത്ത് അമീറായി. 1965 ലെ ഇന്ത്യ പാക് യുദ്ധവേളയിലും 1975 ലെ അടിയന്തിരാവസ്ഥക്കാലത്ത് പ്രസ്ഥാനം നിരോധിക്കപെട്ടതിനെതുടര്‍ന്നും അറസ്റ്റിലായി.

നേതൃരംഗത്ത്
1948 ജനുവരി 15ന് കെ.സി അബ്ദുല്ല മൗലവി ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. അതേവര്‍ഷം ആഗസ്റ്റില്‍ ജമാഅത്തിന്റെ സംസ്ഥാന കൂടിയാലോചനാ സമിതിയില്‍ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1959-1972, 1979-1982, 1984-1990 കാലയളവുകളിലായി 22 വര്‍ഷം ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ അമീറായി സേവനമനുഷ്ടിച്ചു.

1950 മുതല്‍ മരണംവരെ ജമാഅത്തിന്റെ അഖിലേന്ത്യാ കൂടിയാലോചനാ സമിതി (മജ്‌ലിസ് ശൂറ)യിലും പ്രതിനിധിസഭ(മജ്‌ലിസെ നുമാഇന്തഗാന്‍)യിലും അംഗമായിരുന്നു.

1965ലെ ഇന്ത്യാപാക് യുദ്ധവേളയിലും 1975ലെ അടിയന്തരാവസ്ഥക്കാലത്ത് പ്രസ്ഥാനം നിരോധിക്കപ്പെട്ടതിനെ തുടര്‍ന്നും അറസ്റ്റിലായ കെ.സി. ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തില്‍ സ്‌റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ(എസ്.ഐ.ഒ.) സംസ്ഥാന ശാഖ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.

എസ്.ഐ.ഒയുടെ മാതൃകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി, ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ.) എന്ന പേരില്‍ സംഘടന രൂപവത്കരിച്ചുകൊണ്ട് കേരളത്തിലാദ്യമായി സ്ത്രീകള്‍ക്കിടയില്‍ സംഘടിത ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതും കെ.സിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ്.
    
വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍:
മതവിദ്യാഭ്യാസ മേഖലയില്‍ കെ.സി. മൗലികമായ പല പരിഷ്‌കാരങ്ങളും വരുത്തി. 1952ല്‍ ചേന്ദമംഗല്ലൂരില്‍ അദ്ദേഹം മുന്‍കൈയെടുത്ത് സ്ഥാപിച്ച അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ ഒന്നാംതരം മുതല്‍ അറബിഭാഷാ പഠനത്തിന് തുടക്കം കുറിച്ചു. ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയ കേരളത്തിലെ ആദ്യത്തെ വനിതാ ഇസ്‌ലാമിക വിദ്യാലയമായ ചേന്ദമംഗല്ലൂരിലെ മദ്‌റസത്തുല്‍ ബനാത്തും കെ.സിയുടെ സംഭാവനയായിരുന്നു. 1961 ലാണ് അത് സ്ഥാപിതമായത്. ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് (എ.ഐ.സി), ദഅ്‌വ കോഴ്‌സുകളുടെ ഉപജ്ഞാതാവും കെ.സിയാണ്. 1967ല്‍ രൂപീകൃതമായതു മുതല്‍ തന്റെ മരണം വരെ കെ.സിയാണ് ചേന്ദമംഗല്ലൂരിലെ ഇസ്‌ലാഹിയാ അസോസിയേഷന് നേതൃത്വം നല്‍കിയത്. മജ്‌ലിസുത്തഅ്‌ലീമുല്‍ ഇസ്‌ലാമി കേരളയുടെ രൂപകരണത്തിലും പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

1952 ല്‍ ചേന്ദമംഗല്ലുരില്‍ കെ. സി. മുന്‍കയ്യെടുത്ത് സ്ഥാപിച്ച അല്‍ മദ്രസതുല്‍ ഇസ്‌ലാമിയ മതപഠനരംഗത്ത് കേരളത്തിലെ പ്രഥമ പരീക്ഷണങ്ങളിലൊന്നായിരുന്നു. 1961 ല്‍  ചേന്ദമംഗല്ലുരില്‍ മദ്രസതുല്‍ ബനാത്ത് സ്ഥാപിച്ചു.

പത്രശില്‍പി
മാധ്യമം ദിനപത്രത്തിന്റെ മുഖ്യ ശില്‍പി കെ.സി അബ്ദുല്ല മൗലവിയാണ്. പ്രബോധനം വാരികയുടെയും മാസികയുടെയും വളര്‍ച്ചയില്‍ അദ്ദേഹം കാര്യമായ പങ്കുവഹിച്ചു. 1949ല്‍ പ്രബോധനം പ്രതിപക്ഷപത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അദ്ദേഹം ആലിയ വിട്ട് എടയൂരിലെത്തി പ്രബോധനത്തിന്റെ സഹപത്രാധിപരായി ചുമതലയേറ്റു. മലര്‍വാടി ബാലമാസിക, ആരാമം വനിതാമാസിക, ശാസ്ത്രവിചാരം മാസിക, ബോധനം ദൈ്വമാസിക എന്നിവയുടെ പിറവിക്കു പിന്നിലും അദ്ദേഹത്തിന്റെ നേതൃത്വമായിരുന്നു. മലര്‍വാടി, ആരാമം, മാധ്യമം ദിനപത്രത്തിന്റെ ത്രൈമാസികയുടെ ചീഫ് എഡിറ്ററും കെ. സി. ആയിരുന്നു.

വൈജ്ഞാനിക സംഭവനകള്‍
മലയാളം, ഉര്‍ദു, അറബി, ഭാഷകളില്‍ നല്ല വ്യുല്‍പത്തി ഉണ്ടായിരുന്ന കെ.സി. ഇംഗ്ലീഷ് ഭാഷയിലും സാമാന്യം ജ്ഞാനം കരസ്ഥമാക്കിയിരുന്നു. മസുഉദ്ആലം നദ്‌വിയുടെ ഇസ്‌ലാം ഓര്‍ ഇസ്തിറാഖിയ്യ, നഈം സിദ്ദീഖിയുടെ തിറാഹ എന്നിവ കെ. സി. യുടെ പ്രധാന മൊഴിമാറ്റ കൃതികളാണ്. ഒട്ടേറെ പ്രബന്ധങ്ങളും ഒരു ഡസനോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്:

വിവിധ പ്രസിദ്ധീകരണങ്ങളിലായി സമാഹരിക്കപ്പെടാത്ത ഒട്ടേറെ പ്രബന്ധങ്ങളുമുണ്ട്. സഊദി അറേബ്യ, ഖത്തര്‍, യു. എ. ഇ., കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, എന്നീ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളത്തിലെ ഇസ്‌ലാമിക നവജാഗരനത്തിലും മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണത്തിലും പത്രപ്രവര്‍ത്തനം, ഇസ്‌ലാമികപ്രബോധനം, തുടങ്ങി വിവിധ മേഖലകളില്‍ നവീന കഴ്ച്ചപ്പാടുകളോടെ സേവനമനുഷ്ടിച്ചു.

കൃതികള്‍: അല്ലാഹു ഖുര്‍ആനില്‍, പരലോകം ഖുര്‍ആനില്‍, ഇബാദത്ത് ഒരു സമഗ്രപഠനം, നമസ്‌കാരത്തിന്റെ ചൈതന്യം, നോമ്പിന്റെ ചൈതന്യം, പ്രബോധനം ഒരു മുഖവുര, ജിന്നുകളും മലക്കുകളും, ഖാദിയാനിസത്തിന്റെ അടിവേരുകള്‍, പ്രബോധനം ഖുര്‍ആനില്‍, പ്രബോധനത്തിന്റെ പ്രാധാന്യം.

പി.പി. ഉമയ്യയാണ് സഹധര്‍മിണി. മൊയ്തീന്‍ കോയ, ഹുസൈന്‍, അബ്ദുറഹ്മാന്‍, അബ്ദുല്ലത്വീഫ്, മുഹമ്മദലി, എന്നിവര്‍ ആണ്‍ മക്കളും അത്വിയ്യ, സുഹ്‌റ, മിഹര്‍ബാന്‍, മിന്നത് എന്നിവര്‍ പെണ്‍ മക്കളുമാണ്.