കെ. എന്‍. അബ്ദുല്ല മൗലവി

Mar 10 - 2015
Quick Info

ജനനം : 1935 ആഗസ്ത് 23
സംഘടന : ജമാഅത്തെ ഇസ്‌ലാമി
മരണം : 2006 നവംബര്‍ 16

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, ജമാഅത്തെ ഇസ്‌ലാമി നേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

1935 ആഗസ്ത് 23 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് നടുകരയില്‍ ജനിച്ചു. പിതാവ്: മൊയ്തീന്‍. മാതാവ്: ഖദീജ. സ്വദേശത്തെ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും പള്ളി ദര്‍സുകളില്‍ നിന്ന് മത വിദ്യാഭ്യാസവും നേടി.

കാസര്‍ഗോട്ടെ ആലിയ അറബിക് കോളേജില്‍ ആറ് വര്‍ഷം ഉപരിപഠനം നടത്തി. വി. കെ. എം. ഇസ്സുദ്ദീന്‍ മൗലവി, പി. മുഹമ്മദ് താഈ മൗലവി, മേല്‍പറമ്പത്ത് അഹ്മദ് മൗലവി, വി. അബ്ദുല്ലാ മൗലവി, തുടങ്ങിയവര്‍ ഗുരുനാഥന്മാരാണ്. പൈങ്ങോട്ടായി, പൊന്നാനി ഐ. എസ്. എസ് (ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി), കുറ്റിയാടി, സുല്‍ത്താന്‍ബത്തേരി മദീനാ മസ്ജിദ്, തിരൂര്‍ മസ്ജിദു സ്വഫാ, കോഴിക്കോട് മസ്ജിദു ലുഅ്‌ലുഅ് എന്നിവിടങ്ങളില്‍ ഖത്തീബായും അധ്യാപകനാനും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1988 മുതല്‍ 89 വരെ കുറ്റിയാടി ഇസ്‌ലാമിയ്യ കോളേജ് പ്രിന്‍സിപ്പളായും പ്രവര്‍ത്തിച്ചു.

1959 ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. തുടര്‍ന്ന് ദീര്‍ഘകാലം ജമാഅത്തെ ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു. മികച്ച സംഘാടകനും പ്രബോധകനുമായിരുന്ന അദ്ദേഹം കേരളത്തിലെ മിക്ക ജില്ലകളിലും സംഘടനയുടെ നാസിമായി പ്രവര്‍ത്തിച്ചു. 1970 കളില്‍ പൊന്നാനി ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുകയും 1975-1976 കാലയളവില്‍ അതിന്റെ മുഖ്യചുമതല വഹിക്കുകയും ചെയ്തു. ചിന്തോദ്ദീപകവും ഉജ്ജ്വലവുമായ പ്രസംഗശൈലിയുടെ ഉടമയാണ് കെ. എന്‍. 2006 നവംബര്‍ 16ന് വ്യാഴാഴ്ചയായിരുന്നു കെ.എന്നിന്റെ അന്ത്യം. ഭാര്യ: മര്‍യം. മക്കള്‍: അഞ്ച് പെണ്‍മക്കളും നാല് ആണ്‍മക്കളും.