ടി. ഇസ്ഹാഖലി

Mar 10 - 2015
Quick Info

ജനനം : 1926
സ്ഥലം : ആനക്കര, പാലക്കാട്.
മരണം : 1985 നവംബര്‍ 25

Best Known for

കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്‍, അധ്യാപകന്‍, വിദ്യാഭ്യാസ ചിന്തകന്‍, ഖുര്‍ആന്‍ വിവര്‍ത്തകന്‍. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള ശൂറാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പാലക്കാട് ജില്ലയില്‍ ആനക്കര പഞ്ചായത്തിലെ പന്നിയൂരില്‍ മൊയ്തീന്‍ കുട്ടിയുടെയും ബീവിക്കുട്ടിയുടെയും മകനായി 1926ല്‍ ജനിച്ചു. അഞ്ചാം ക്ലാസ് വരെ ആനക്കര മാപ്പിളസ്‌കൂളില്‍ പഠിച്ച ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. അയല്‍ പ്രദേശമായ കുമ്പിടി ജുമുഅത്ത് പള്ളിയില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് കുറ്റിപ്പുറം, കൂടല്ലൂര്‍, ആനക്കര, തൊഴുവാനൂര്‍, തിരുവേഗപ്പുറ, ചാവക്കാട്, പുതിയങ്ങാടി എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍ പഠിച്ചു.

പുതിയങ്ങാടിയില്‍ പഠിക്കുമ്പോള്‍ ഫലകി മുഹമ്മദ് മുസ്‌ലിയാരുമായുള്ള ബന്ധം വഴി പുരോഗമനാശയങ്ങളില്‍ ആകൃഷ്ടനായി. പിന്നീട് ഫലകിയുടെ നിര്‍ദ്ദേശപ്രകാരം ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. സാമ്പത്തിക പ്രയാസം മൂലം ദാറുല്‍ ഉലൂം അടച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൌലവി തിരൂരങ്ങാടിയില്‍ ആരംഭിച്ച ദര്‍സില്‍ ചേര്‍ന്നു. പിന്നീട് പുളിക്കല്‍ മദീനതുല്‍ ഉലൂം ആരംഭിച്ചപ്പോള്‍ അവിടേക്ക് മാറി. അക്കാലത്ത് ഹാജിസാഹിബുമായി പരിചയപ്പെടുകയും ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടനാവുകയും ചെയ്തു.

അറബി, ഉറുദു ഭാഷകളില്‍ മികച്ച പ്രാവീണ്യമുണ്ടായിരുന്ന ഇസ്ഹാഖ് അലി മൌലവിക്ക് മതവിഷയങ്ങളില്‍ ആഴത്തിലുള്ള വ്യുല്‍പത്തിയുണ്ടായിരുന്നു. 1948 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം രൂപീകൃതമായതു മുതല്‍ പ്രസ്ഥാനത്തില്‍ അംഗമായ മൌലവി കേരളത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള ശൂറാംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അധ്യാപനമാണ് ഇസ്ഹാഖ് അലി മൌലവി വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു മേഖല. എടവനക്കാട് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും കുറ്റിയാടി ഇസ്‌ലാമിയാ കോളേജിലും ശാന്തപുരം ഇസ്ലാമിയാ കോളേജിലും പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നല്ലൊരു അധ്യാപകന്‍ എന്നതിനുപുറമെ പ്രഗദ്ഭനായ വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായിരുന്നു. നിരവധി മദ്രസഃ പാഠ്യപുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ശാന്തപുരത്ത് അധ്യാപകനായിരുന്ന കാലത്ത് അവിടെത്തന്നെയായിരുന്നു താമസം. 1965 ല്‍ ശാന്തപുരത്തെ വീട് ഒഴിവാക്കി വളാഞ്ചേരിക്കടുത്ത മീമ്പാറയില്‍ സ്ഥിരതാമസമാക്കി. രോഗം കാരണം ഡോക്ടര്‍മാര്‍ വിലക്കുന്നതുവരെ അധ്യാപനം തുടര്‍ന്നു. പിന്നീട് കോഴിക്കോട് വെള്ളിമാടുകുന്നില്‍ ജമാഅത്തെ ഇസ്‌ലാമി ഗ്രന്ഥരചനാ വിഭാഗത്തില്‍ കുറേക്കാലം സേവനമനുഷ്ഠിച്ചു.
കൃതഹസ്തനായിരുന്ന ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അബൂശാകിര്‍ എന്ന തൂലികാ നാമത്തില്‍ ദീര്‍ഘകാലം പ്രബോധനം വാരികയിലെ പ്രശ്‌നവും വീക്ഷണവും എന്ന കമര്‍ശാസ്ത്ര പംക്തി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ 1,2 വാള്യങ്ങളുടെ വിവര്‍ത്തകരില്‍ ഒരാളും ഫിഖ്ഹുസ്സുന്ന 1,2,3 വാള്യങ്ങളുടെ വിവര്‍ത്തകനും അദ്ദേഹമാണ്. കൂടാതെ ഹദീസ് ഭാഷ്യം, പ്രാര്‍ഥനകള്‍ എന്നീ സ്വതന്ത്ര കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.1985 നവംബര്‍ 25 ന് ഇഹലോകവാസം വെടിഞ്ഞു. അഞ്ച് മക്കളുണ്ട്; മൂന്ന് പെണ്ണും രണ്ട് ആണും.