ഡോ. മുഹമ്മദ് ഹമീദുല്ല

Mar 10 - 2015
Quick Info

ജനനം : 1908 ഫെബ്രുവരി 9
മരണം : 2002 ഡിസംബര്‍ 17

Best Known for

ഇസ്‌ലാമിക പണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്, ബഹുഭാഷാ പണ്ഡിതന്‍. ഫ്രഞ്ച് ഭാഷയിലെ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷകന്‍.

1908 ഫെബ്രുവരി 19 ന് ഹൈദരാബാദില്‍ ജനനം. പ്രാഥമിക പഠനത്തിന് ശേഷം ഹൈദരാബാദിലെ ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എയും എം.എ.ബിയും എടുത്തു. ഹൈദരാബാദിന്റെ പതനത്തെ തുടര്‍ന്ന് അദ്ദേഹം ഉപരിപഠനാര്‍ഥം യൂറോപ്പിലേക്ക് പോയി. അതിന് ശേഷം ഇക്കഴിഞ്ഞ അറുപത്തിരണ്ട് വര്‍ഷം കഴിച്ചു കൂട്ടിയത് ജര്‍മ്മനിയിലും ഫ്രാന്‍സിലുമാണ്. പക്ഷെ, പാശ്ചാത്യ സംസ്‌കാരം അദ്ദേഹത്തിന്റെ ജീവിത രീതിയെയോ ചിന്തകളെയോ ലവലേശം സ്വാധീനിച്ചിട്ടില്ല.

1932 ല്‍ ജര്‍മ്മനിയിലെ ബോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 'ഇസ്‌ലാമിലെ അന്താരാഷ്ട്ര നിയമങ്ങള്‍' എന്നതായിരുന്നു വിഷയം. അടുത്ത വര്‍ഷം പാരീസിലെ ഡോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രവാചക കാലഘട്ടത്തിലെ നയതന്ത്രം എന്ന വിഷയത്തില്‍ മറ്റൊരു ഡോക്ടറേറ്റ് ലഭിച്ചു. പിന്നീട് ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ജോലി ചെയ്തു.

ഡോ. ഹമീദുല്ലയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഫ്രഞ്ച് ഭാഷയിലെ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും. ഫ്രഞ്ചില്‍ തന്നെ രണ്ട് വാള്യങ്ങളുള്ള പ്രവാചക ചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ യുദ്ധഭൂമികള്‍, പ്രവാചക കാലഘട്ടത്തിലെ ഭരണരീതി, പ്രവാചകന്റെ രാഷ്ട്രീയജീവിതം, ഇസ്‌ലാമിലെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍, ഇമാം അബൂഹനീഫയുടെ ഇസ്‌ലാമിക നിയമ ക്രോഡീകരണം, പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാമിക വിദ്യഭ്യാസരീതിയുള്ള വ്യതിരിക്തമായ പഠനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ടിപ്പു സുല്‍ത്താനും ഉറുദു ഭാഷയുടെ അഭിവൃദ്ധിയും, അമ്മാന്‍- മസ്‌കത്ത് സ്വല്‍ത്വനതുകള്‍ തുടങ്ങി അനേകം ചരിത്ര ഭാഷാ സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട കൃതികളും അദ്ദേഹത്തിനുണ്ട്.
ബഹുഭാഷ പണ്ഡിതന്‍ കൂടിയാണ് അദ്ദേഹം. ഉറുദു, പാര്‍സി, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍ തുടങ്ങി എട്ട് ഭാഷകളില്‍ അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. ദീര്‍ഘകാലം ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഇസ്‌ലാമിന്റെ ഡയറക്ടറായിരുന്നു.

ഹദീസ് വിജ്ഞാനശാഖക്ക് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുണ്ട്. സ്വഹാബികളുടെ കാലത്തു തന്നെ ക്രോഡീകരിക്കപ്പെട്ട ഹദീസിന്റെ ഏറ്റവും പഴയ സമാഹാരമെന്നറിയപ്പെടുന്ന ഹമ്മാദ് ബ്‌നു മുനബ്ബഹിന്റെ ഏട് കണ്ടെത്തുകയും അത് പുനക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തത് അദ്ദേഹമാണ്. കൂടാതെ 120 ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ ഒരു ഗ്രന്ഥസൂചി(bibliography) അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഫാതിഹയുടെ ഇത്രയും ഭാഷകളിലെ വിവര്‍ത്തനവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.  

തെളിവുകള്‍ നിരത്തിവെച്ചു കൊണ്ട് ഗഹനവും നിഷ്പക്ഷവുമായ പഠനമാണ് ഓരോ രചനയും. തന്റെ വാദങ്ങളെ സമര്‍ഥിക്കുവാന്‍ എതിര്‍ ആശയങ്ങളെ വികലമാക്കി അവതരിപ്പിക്കുന്ന ശൈലി അദ്ദേഹത്തിനില്ല. ഇസ്‌ലാം ലഘുപരിചയം എന്ന ഗ്രന്ഥം മലയാളത്തില്‍ പുറത്തിയിക്കിട്ടുണ്ട്. 2002 ഡിസംബര്‍ 17 ന് ഫ്രോറിഡയില്‍ അന്തരിച്ചു.