ഡോ. ഫത്ഹീയകന്‍

Aug 25 - 2015
Quick Info

ജനനം: 1933 ഫെബ്രുവരി 9 മരണം: 2009 ജൂണ്‍ 13

ലബനാനിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അല്‍ജമാഅതുല്‍ ഇസ്‌ലാമിയ്യയുടെ സമുന്നത നേതാവായിരുന്ന ഡോ. ഫത്ഹീയകന്‍ 1933 ഫെബ്രുവരി ഒമ്പതിന് ലബനാനിലെ ട്രിപ്പോളിയിലാണ് ജനിച്ചത്. മഹ്മൂദ് ഫത്ഹീ മുഹമ്മദ് ഇനായത്ത് ശരീഫ് യകന്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ അദ്ദേഹം ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റും നേടി. 1950കളില്‍ ലബനാനിന്റെ മണ്ണില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വിത്ത് വിതറിയ ഫത്ഹീയകന്‍ 1960 തുടക്കത്തില്‍ അല്‍ ജമാഅതുല്‍ ഇസ്‌ലാമിയ്യ എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകി. സംഘടന രൂപീകരണം മുതല്‍ 1992ല്‍ പാര്‍ലമെന്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ സംഘടനയുടെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്  വെളിച്ചവും ദിശാബോധവും  നല്‍കുന്ന ചിന്തകളും രചനകളുമായിരുന്നു അദ്ദേഹത്തെ സവിശേഷമാക്കിയ പ്രധാനഘടകം. അന്താരാഷ്ട്രരംഗത്തെ സുപ്രധാനമായ നിരവധി കോണ്‍ഫറന്‍സുകളില്‍ തന്റെ മൗലിക കാഴ്ചപ്പാട് അവതരിപ്പിച്ച അദ്ദേഹം പിന്നീട് ഈ കോണ്‍ഫറന്‍സുകളിലെ സ്ഥിരസാന്നിദ്ധ്യവും ശ്രദ്ദേയവ്യക്തിത്വവുമായി മാറി. അറബ്  ഇസ്‌ലാമിക നേതാക്കന്മാരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ഫത്ഹീയകന്‍ ലബനാനിലെ രാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിത്വമായി മാറി. പാര്‍ലമെന്റിലും ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  നാല്‍പ്പതിലേറെ ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ച അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിഭാഗവും പ്രാസ്ഥാനിക ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു. ലബനാനിലെ ഇസ്‌ലാമിക വനിത പ്രസ്ഥാനത്തിന്റെ അധ്യക്ഷയായിരുന്ന ഡോ. മുന ഹദ്ദാദാണ് ഭാര്യ. 2009 ജൂണ്‍ പതിമൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം.