സമുദായ ഐക്യം; മഹല്ലുകള്‍ക്ക് ചെയ്യാനുള്ളത്

ഇസ്‌ലാമിക ശരീഅത്തിലധിഷ്ടിതമായ ഒരു ഭരണകൂടത്തിന്റെ ചെറുപതിപ്പാണ് മഹല്ല്. ഭരണകൂടത്തിന്റേതു പോലെ വിശാലമായ അധികാരകേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളൊന്നുമില്ലെങ്കിലും ഒരു ഭരണകൂടത്തിന്റെ അധികാരത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സമാനമായ പല സ്ഥാപനങ്ങളുമുണ്ട് മഹല്ലില്‍. മുസ്‌ലിം ഉമ്മത്തിന്റെ സര്‍വ്വതോന്‍മുഖമായ ഉന്നമനത്തിന് നേതൃപരമായ പങ്കുവഹിക്കേണ്ട സ്ഥാനപനമാണ് മഹല്ല്. ഉമ്മത്തിനെ മതബോധമുള്ളവരായി സംസ്‌ക്കരിച്ചെടുക്കുക എന്ന ദൗത്യനിര്‍വഹണം ഉമ്മത്തിന്റെ ജീവിതവ്യവഹാരങ്ങളെ മുഴുവനും സ്പര്‍ശിക്കുന്നതരത്തിലായിരിക്കണം മഹല്ലിന്റെ പ്രവര്‍ത്തനം.
    
സ്വാശ്രയത്വവും സ്വാധീകാരവുമുള്ള സ്വതന്ത്ര സ്ഥാപനങ്ങളാണ് മഹല്ലുകള്‍ എങ്കിലും, മുസ്‌ലിം ഉമ്മത്തിന്റെ പൊതുവായ ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് ഓരോ മഹല്ലും സ്വീകരിക്കേണ്ടത്. തങ്ങളിലേക്കു മാത്രം ഒതുങ്ങിയ സ്വതന്ത്രസ്ഥാപനങ്ങളായി മഹല്ലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍, മുസ്‌ലിം ഉമ്മത്തിന്റെ വിശാലമായ പല താല്‍പ്പര്യങ്ങളെയും പലപ്പോഴും അത് കാണാതെ പോകുന്നുണ്ട് എന്നത് വാസ്തവമാണ്. മുസ്‌ലിംകള്‍ക്കിടയിലെ പരസ്പര സഹകരണവും ഐക്യവും തങ്ങളുടെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍പ്പെട്ടതാണെന്ന ബോധ്യം എല്ലാ മഹല്ലുകള്‍ക്കും ഉണ്ടായിരിക്കണം. അതിനു വിരുദ്ധമായ നിയമങ്ങളും നടപടികളും സ്വന്തം മഹല്ലിലെ അംഗങ്ങളോടോ മറ്റു മഹല്ലുകളിലെ അംഗങ്ങളോടോ കാണിക്കാവതല്ല. വിശ്വാസികള്‍ക്കിടയില്‍ അനൈക്യം വിതക്കുന്നതിനും മഹല്ലംഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനും മഹല്ലുകള്‍ പലപ്പോഴും നേതൃപരമായ പങ്കു വഹിക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു പ്രസ്ഥാനത്തോടു ചായ്‌വുള്ള ആളുകളാണ് ഒരു മഹല്ലിലെ കമ്മിറ്റി അംഗങ്ങള്‍ എങ്കില്‍, മഹല്ലംഗങ്ങളായ മറ്റു പ്രസ്ഥാനക്കാരോടും ആശയക്കാരോടും വിവേചനപരമായ നടപടികള്‍ കൈക്കൊള്ളുന്നത് അനീതിയാണ്.
    
കേരള മുസ്‌ലിം സാഹചര്യം പരിഗണിക്കുമ്പോള്‍, ഒരു മഹല്ലിലെയും മുഴുവന്‍ അംഗങ്ങളും ഏതെങ്കിലും ഒരു നിയതമായ ആശയക്കാരോ പ്രസ്ഥാനക്കാരോ ആവുക സാധ്യമല്ല. മിക്കവാറും എല്ലാ മഹല്ലിലുമുണ്ട് ഇരു സുന്നി ആശയക്കാരും ജമാഅത് മുജാഹിദ് അനുഭാവികളും. മഹല്ലില്‍ എല്ലാ വിഭാഗത്തിലുംപെട്ട ആളുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ മഹല്ല് എല്ലാവരുടേതും കൂടി ആകണം. പള്ളിയുടെ രക്ഷാധികാരിയോ കമ്മിറ്റി അംഗങ്ങളോ ഏതെങ്കിലും ഒരു പ്രസ്ഥാനക്കാരോ അതിനോടു പ്രതിബദ്ധത പുലര്‍ത്തുന്നവരോ ആണ് എന്നുള്ളതു കൊണ്ട് മഹല്ല് പൂര്‍ണ്ണമായും അങ്ങനെയാണ് എന്നു പറയുന്നത് ശരിയല്ല. ഇന്ന വിഭാഗത്തിന് സ്വാധീനമുള്ള മഹല്ലാണ് അത് എന്നു വേണമെങ്കില്‍ പറയാം. സാധാരണ ഗതിയില്‍ ഒരു പള്ളി ഏതു വിഭാഗത്തിന്റേതാണെന്ന് ബാഹ്യമായിത്തന്നെ മനസ്സിലാക്കാനാവുന്ന പല അടയാളങ്ങളുമുണ്ടാകും. ജുമുഅ ഖുതുബ, കൂട്ടപ്രാര്‍ത്ഥന, തറാവീഹിലെ റക്അത്തിന്റെ എണ്ണം എന്നിവ ഉദാഹരണം. കമ്മിറ്റിയംഗങ്ങളുടെയും പൊതുഅഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ മഹല്ലുകള്‍ക്കും പള്ളികള്‍ക്കും അത്തരം കാര്യങ്ങളില്‍ ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ച് നീങ്ങാമെങ്കിലും, തങ്ങളുടെ പള്ളിയില്‍ വരുന്നവര്‍ മുഴുവനും ഇതേ ആശയം സ്വീകരിച്ചുകൊള്ളണമെന്ന് ശഠിക്കുന്നത് ശരിയല്ല. അത്തരം കാര്യങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ മഹല്ലില്‍ നിന്നു പുറത്താക്കുകയോ വോട്ടവകാശം നിഷേധിക്കുന്നതോ നീതിപൂര്‍വകമല്ല.

മഹല്ലിലെ അംഗങ്ങളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ അമിതാധികാരം പ്രയോഗിക്കുന്ന പ്രവണത പല മഹല്ലുകളിലുമുണ്ട്. മഹല്ല് (കമ്മിറ്റിക്കാര്‍) പ്രതിനിധാനം ചെയ്യുന്നതല്ലാത്ത പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ പ്രവര്‍ത്തിക്കുന്നവരെയോ അനുഭാവികളെയോ മഹല്ലുകളില്‍ നിന്നു പുറത്താക്കുക, അത്തരം കുടുംബങ്ങളുടെ വിവാഹ ആവശ്യങ്ങള്‍ക്കു മഹല്ല് ഇമാം പങ്കെടുക്കാതിരിക്കുക, പള്ളിക്കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം നിഷേധിക്കുക, പള്ളി ഖബറിസ്ഥാനില്‍ മറമാടാന്‍ അനുവദിക്കാതിരിക്കുക തുടങ്ങി പല തിട്ടൂരങ്ങളും മഹല്ല് അതിലെ ഇത്തരം അംഗങ്ങള്‍ക്കു നേരെ പ്രയോഗിക്കുന്നു.
    
മഹല്ല്, ഇസ്‌ലാമിക രാജ്യത്തിന്റെ ഒരു ചെറു പതിപ്പാണെന്ന് അംഗീകരിക്കുന്ന പക്ഷം, ഒരു മഹല്ലില്‍ നിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ് ഇത്തരം പക്ഷപാതപരമായ സമീപനങ്ങള്‍. കാരണം, ശരീഅത്തിലധിഷ്ടിതമായ ഒരു രാജ്യം, അതിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പൗരന്‍മാര്‍ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുന്നു. ഇതില്‍ പ്രധാനമാണ് മതസ്വാതന്ത്ര്യം. മറ്റുമതന്യൂനപക്ഷങ്ങള്‍ക്കു അവരവരുടെ വിശ്വാസാചാരങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഒരു ഇസ്‌ലാമിക രാജ്യത്തിലുണ്ടായിരിക്കും. എന്നല്ല, അവരുടെ ആരാധനാലയങ്ങള്‍ (അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍, സിനഗോഗുകള്‍) എല്ലാം ഇസ്‌ലാമിക ഭരണകൂടം സംരക്ഷിക്കും. അഞ്ചു നേരം നമസ്‌ക്കരിക്കുകയും ഏകദൈവത്വം പ്രബോധനം ചെയ്യുന്ന മുസ്‌ലിം സൈനികരായിരിക്കാം ചിലപ്പോള്‍ ബഹുദൈവാരാധന നടക്കുന്ന ക്ഷേത്രങ്ങള്‍ക്കു കാവല്‍ നില്‍ക്കുക. മറ്റേതൊരു രാജ്യത്തെ ആരാധനാലയങ്ങളേക്കാള്‍ അവ സംരക്ഷിക്കുന്നതില്‍ ഭരണകൂടം ദത്തശ്രദ്ധരായിരിക്കും. അവശ്വാസികളാണ് എന്നതിന്റെ പേരില്‍, തങ്ങളെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് അവര്‍ തടയപ്പെടുകയില്ല. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ വോട്ടവകാശം അവര്‍ക്കുമുണ്ടാകും. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ വെച്ചുവേണം മഹല്ലിന്റെ അധികാരങ്ങളെ വിലയിരുത്താന്‍. ന്യൂനപക്ഷങ്ങളായ അന്യമതസ്ഥര്‍ക്കുപോലും ഇസ്‌ലാം ഇത്രയും അവകാശങ്ങള്‍ വകവച്ചു നല്‍കുന്നുണ്ടെങ്കില്‍, ഇസ്‌ലാമിക ഭരണക്രമത്തിന്റെ ഒരു ചെറുപതിപ്പായ മഹല്ലിന് എന്തു കൊണ്ട് അതിലെ ന്യൂനപക്ഷങ്ങളെ (ഇതര പ്രസ്ഥാനക്കാര്‍, ആശയക്കാര്‍) അംഗീകരിക്കാന്‍ കഴിയുന്നില്ല?
 
ഇതര മതക്കാര്‍ക്കു പോലും ഇസ്‌ലാമിക രാഷ്ട്രത്തില്‍ പൂര്‍ണ്ണമായി വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കപ്പെടുമെന്നിരിക്കെ, മഹല്ലില്‍പ്പെട്ട ഇതര പ്രസ്ഥാനക്കാരെ മഹല്ലില്‍ നിന്ന് പുറത്താക്കുക, അവര്‍ക്ക് വോട്ടവകാശം നിഷേധിക്കുക, മരിച്ചാല്‍ ഖബര്‍സ്ഥാന്‍ വിലക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ മഹല്ലിന് എന്തധികാരം?  മറ്റു മതസ്തര്‍ക്കു പോലും അവരുടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനും അതില്‍ പ്രാര്‍ത്ഥന നടത്താനും ഇസ്‌ലാമിക രാജ്യത്തില്‍ സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ, മഹല്ലില്‍ ഇതര സംഘടനകള്‍ക്ക് പള്ളികള്‍ പാടില്ലെന്നും, അങ്ങനെ ഉണ്ടായാല്‍ അത് ബഹിഷ്‌ക്കരിക്കണമെന്നും പറയാന്‍ മഹല്ലധികാരികള്‍ക്ക് എന്തുണ്ട് ന്യായം?

ഈ പോരായ്മകള്‍ ഒരോ മുസ്‌ലിം സംഘടനകളിലും പ്രസ്താനങ്ങളിലും കാണുന്നുണ്ട്. തങ്ങള്‍ മനസ്സിലാക്കുന്ന ഇസ്‌ലാമാണ് ഏറ്റവും ശരിയെന്നാണ് ഓരോരുത്തരും കരുതുന്നത്. അതു കൊണ്ടാണ് ആ പോരായ്മകള്‍ പരിഹരിക്കപ്പെടുന്ന രീതിയില്‍ ഇസ്‌ലാം പഠിപ്പിക്കപ്പെടാന്‍ ഒരു മിമ്പര്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്. അതേ ആവശ്യത്തിനു തന്നെയാണ് വ്യത്യസ്ത മദ്രസകള്‍ സ്ഥാപിക്കപ്പെടുന്നതും. മഹല്ലിലെ മുഴുവന്‍ ആളുകളും തങ്ങളുടെ പള്ളി മാത്രം ഉപയോഗിക്കണം. മഹല്ലിലെ മുഴുവന്‍ അംഗങ്ങളും മഹല്ലിന്റെ മദ്രസ്സ തന്നെ ഉപയോഗിക്കണം എന്നു പറയുന്നത് ശരിയല്ല. മഹല്ല് പള്ളി ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ മാത്രം മിമ്പറായിരിക്കുകയും മദ്രസകള്‍ ഏതെങ്കിലും നിശ്ചിത സംഘടനയുടെ മാത്രം മദ്രസ്സാ സിലബസ് മാത്രം പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റു പല മുന്‍ഗണനകളും ആശയങ്ങളുമായി പുതിയ മദ്രസകളും പള്ളികളും രൂപം കൊള്ളുന്നത് സ്വാഭാവികമാണ്.  

ഒരു കാര്യവും കൂടി ഇവിടെ പ്രത്യേകം സ്മരണീയമാണ്. ഇന്ന് മഹല്ല് അധീനപ്പെടുത്തിയ പല സംഘടനകളും മുമ്പ് ഇതേ രീതിയില്‍ പുതിയ മദ്രസ്സ ഉണ്ടാക്കിയും പള്ളിയുണ്ടാക്കിയുമാണ് രംഗത്ത് വന്നത്. ഇപ്പോള്‍ സ്വന്തം ഒരു മഹല്ലായിക്കഴിഞ്ഞപ്പോള്‍, ഇനി ഞങ്ങളല്ലാത്ത ആരും ഈ മഹല്ലില്‍ പാടില്ല, ഇനി ഈ മഹല്ലില്‍ മഹല്ലിന്റേതല്ലാത്ത മദ്രസ്സ പാടില്ല, പള്ളി പാടില്ല എന്നു പറയുന്നത് വന്ന വഴി മറക്കലാണ്.

പുതുതായി മഹല്ലില്‍ അംഗമാകാന്‍ വരുന്നവര്‍ക്ക് ഒരു വര്‍ഷം നിരീക്ഷിച്ച ശേഷം മാത്രമേ അംഗത്വം നല്‍കുകയുള്ളൂ എന്ന തരത്തിലുള്ള നിബന്ധനകള്‍ പോലും പലയിടത്തുമുണ്ട്. ഒരാള്‍ അല്ലെങ്കില്‍ ഒരു കുടുംബം ഇസ്‌ലാം സ്വീകരിച്ചു. അവരെ ഇസ്‌ലാം മതത്തിലേക്കു ചേര്‍ക്കാന്‍ ഒരു വര്‍ഷം നിരീക്ഷിക്കണമെന്നാണോ? അങ്ങനെയെങ്കില്‍ ആരാണ് നിരീക്ഷിക്കുക? എന്താണ് നിരീക്ഷിക്കുക? അല്ലെങ്കില്‍ അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിച്ച് മുസ്‌ലിമായാല്‍ പിന്നെ അവനും അല്ലാഹുവിന്റെ ദീനിനുമിടയില്‍ ഒരു മറയില്ല. യുദ്ധ സന്ദര്‍ഭത്തില്‍ മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ലാ ഇലാഹ ഇലല്ലാഹു ചൊല്ലുന്നവനെ പോലും മുസ്‌ലിമായി പരിഗണിക്കണമെന്നാണ് പ്രവാചക കല്‍പ്പന.

നമ്മുടെ മഹല്ലു സംവിധാനങ്ങളേക്കാള്‍ എത്രയോ ജനാധിപത്യപരമാണ് മതേതര ഭരണകൂടങ്ങളും അവയുടെ ജനാധിപത്യ സംവിധാനങ്ങളും പ്രവാസികള്‍ക്കു പോലും തങ്ങളുടെ രാജ്യത്തെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുവാനുള്ള വോട്ടവകാശം ലഭ്യമാക്കുമ്പോള്‍ നമ്മുടെ മഹല്ലുകള്‍ തിട്ടൂരം പുറപ്പെടുവിച്ചിരിക്കുകയാണ്; വെള്ളിയാഴ്ചകളില്‍ ഈ പള്ളിയില്‍ കൂടുന്നവര്‍ക്കു മാത്രമേ വോട്ടവകാശമുള്ളൂ. ഒരു മഹല്ലിലെ അംഗങ്ങള്‍ വിവിധ ജോലികളും ആവശ്യങ്ങളുമായി പല ദിക്കുകളിലേക്കു പോകുന്നവരാണെന്നിരിക്കെ, എന്തുമാത്രം സങ്കുചിതത്വമുണ്ട് മഹല്ലുകളുടെ ഇത്തരം നിയമങ്ങള്‍ക്ക്.  

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics